മുന്നണി വിപുലീകരണം ലക്ഷ്യമിട്ട് സിപിഐയെ പൊക്കാന്‍ കോണ്‍ഗ്രസ് ! സിപിഎമ്മിലെ അസംതൃപ്തരെയും ഒപ്പം കൂട്ടും…

കോഴിക്കോട്: യുഡിഎഫ് വിപുലീകരിക്കുമെന്ന കെപിസിസി ചിന്തന്‍ ശിബിരത്തിന്റെ കോഴിക്കോട് പ്രഖ്യാപനം സിപിഐയെ ലക്ഷ്യമിട്ട്. യുഡിഎഫ് വിട്ടവരെ തിരികെ കൊണ്ടുവരുന്നതിനൊപ്പം ഇടതുപക്ഷത്തുനിന്ന് സിപിഐയെയും സിപിഎമ്മിലെ അസംതൃപ്തരെയും മുന്നണിയില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് മുന്നണി വിപുലീകരണമാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരേ സിപിഐയില്‍ ഒരു വിഭാഗം അസംതൃപ്തരാണ്.

പല വിഷയങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐക്ക് അഭിപ്രായവ്യത്യാസമുണ്ട്. മുന്നണി എന്ന നിലയ്ക്ക് അവര്‍ എല്ലാം സഹിച്ച് കീഴടങ്ങുകയാണ് ഇപ്പോള്‍.

മുഖ്യമന്ത്രിക്കെതിരായി

കഴിഞ്ഞ ദിവസം സമാപിച്ച സിപിഐയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പിണറായിക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. വരാനിരിക്കുന്ന ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രിക്കെതിരായി വിമര്‍ശനം ഉയരാനാണ് സാധ്യത.

കെ.കെ. രമയ്‌ക്കെതിരേ സിപിഎം നേതാവ് എം.എം. മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ സിപിഐയില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍ മണിയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിച്ചത്.

അന്നു നിയമസഭ നിയന്ത്രിച്ചിരുന്ന സിപിഐയിലെ ഇ.കെ. വിജയന്‍, മണി പറഞ്ഞത് ശരിയായില്ലെന്ന് സ്പീക്കറുടെ പഴ്‌സണല്‍ സ്റ്റാഫിനോട് പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. പിന്നീട് സ്പീക്കര്‍ തന്നെ മണിയെ തിരുത്തിയപ്പോള്‍ സിപിഐയിലെ ചില േനതാക്കളുടെ നിലപാട് ശരിയാണെന്ന് തെളിഞ്ഞിരുന്നു.

കാനം ഒഴിയുന്നതോടെ

സിപിഐയുടെ സംസ്ഥാന സമ്മേളനം കഴിയുന്നതോടെ ചില മാറ്റങ്ങള്‍ കോണ്‍ഗ്രസ് മുന്‍കൂട്ടി കാണുന്നുണ്ട്. കാനം രാജേന്ദ്രന്‍ സെക്രട്ടറി സ്ഥാനം ഒഴിയുമ്പോള്‍ പുതിയ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

സിപിഎമ്മിനകത്തും പിണറായിക്കെതിരേ അഭിപ്രായ വ്യത്യാസം ഉള്ളവര്‍ ഉണ്ട്. അവരാരും പരസ്യമായി രംഗത്തുവരാത്തത് അച്ചടക്കത്തിന്റെ വാള്‍ ഉള്ളതിനാലാണ്. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ സിപിഎമ്മില്‍ നിന്ന് ഇത്തരക്കാരെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

മുന്നണിയില്‍നിന്നു വിട്ടുപോയ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും എല്‍ജെഡിയും കോണ്‍ഗ്രസിന്റെ മനസിലുണ്ട്. അവരുടെ പ്രശ്‌നം പരിഹരിച്ച് തിരികെ കൊണ്ടുവരാനാണ് കോഴിക്കോട് പ്രമേയത്തിന്റെ അടി്സ്ഥാനത്തില്‍ ആലോചിക്കുന്നത്.

തത്കാലം ചര്‍ച്ചകള്‍ നടത്തില്ലെങ്കിലും തെരഞ്ഞെടുപ്പ് ആകുമ്പേഴേക്കും മഞ്ഞുരുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

യുവതലമുറയ്ക്കു പ്രാധാന്യം

യുവതലമുറയുടെ ചിന്തകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടുന്നതാണ് േകാഴിക്കോട് ചിന്തന്‍ ശിബിരത്തിലെ മാറ്റം. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി യുവാക്കളുടെ നിലപാടിന് കൂടുതല്‍ പിന്തുണ ലഭിക്കുന്നുണ്ട്.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുതല്‍ താഴോട്ടുള്ള യുവേനതാക്കളാണ് പാര്‍ട്ടിയില്‍ തിരുത്തല്‍ ശക്തിയായി മാറിയിട്ടുള്ളത്.

മുഖ്യമന്ത്രിക്കെതിരായി സ്വപ്ന സുരേഷ് ഉന്നയിച്ചിട്ടുള്ള ആരോപണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരങ്ങള്‍ക്ക് വിഷയം സജീവമായി നിലനിര്‍ത്താന്‍ കഴിഞ്ഞതായി കോണ്‍ഗ്രസ് വിലയിരുത്തുന്നുണ്ട്.

മുല്ലപ്പള്ളി വിട്ടുനിന്നത്

ചിന്തന്‍ ശിബിരത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിട്ടുനിന്നത് എഐസിസി തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് കെപിസിസി ആലോചിക്കുന്നത്.

ചിന്തന്‍ ശിബിരത്തില്‍ രണ്ടു ദിവസവും എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാലും താരിഖ് അന്‍വറും ഉണ്ടായിരുന്നു.

എഐസിസസി നിര്‍ദേശ പ്രകാരമാണ് ശിബിരം സംഘടിപ്പിച്ചതെന്നതിനാല്‍ മുല്ലപ്പളള്ളിക്ക് ഇതില്‍ സംബന്ധിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നാണ് േനതാക്കളുടെ വിലയിരുത്തല്‍.

Related posts

Leave a Comment