ചേർത്തല: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ കളവംകോടത്ത് നടന്ന വിവാഹം വേറിട്ടതായി. വരനും വധുവും മാസ്ക് ധരിച്ച് എത്തിയും വിവാഹസൽക്കാരം ലളിതമാക്കിയും കൊറോണ വൈറസിനെതിരെയുള്ള ബോധവത്കരണം പ്രദർശിപ്പിച്ചുമാണ് ചടങ്ങുകൾ നടന്നത്.
കളവംകോടം കുത്തുതറ പരേതരായ പുരുഷോത്തമന്റെയും വിജയമ്മയുടെയും മകൻ അജയകുമാറിന്റെയും തണ്ണീർമുക്കം വാരണം ചള്ളിയിൽ സി.എൻ. രാജന്റെയും പരേതയായ ലക്ഷ്മിയുടെയും മകൾ സുജിയുടെയും വിവാഹം കഴിഞ്ഞ ദിവസം കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിലാണ് നടന്നത്.
വൈകുന്നേരം വരന്റെ വീട്ടിൽ വിവാഹ സൽക്കാരം ക്രമീകരിച്ചിരുന്നു. എന്നാൽ കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപെടുത്തിയ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അതിഥികൾ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം അധിക സമയം ചെലവഴിക്കാതെ മടങ്ങിപ്പോകമെന്നും അഭ്യർഥിച്ച് സൽക്കാര ഹാളിനു സമീപം ബോർഡ് സ്ഥാപിച്ചിരുന്നു.
വരന്റെ സുഹൃത്തുക്കളുടെ കൂട്ടായ്മയായ പുല്ലൻചിറ ബ്രദേഴ്സാണ് ബോർഡ് സ്ഥാപിച്ചത്.