കോട്ടയം: കോട്ടയം ജില്ലയിൽ നിന്ന് കൂടുതൽ പേരുടെ സ്രവ സാംപിൾ ദിവസേന പരിശോധന നടത്തും. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് കോവിഡ് രോഗവ്യാപനം തടയുന്നതിനായി റാൻഡം പരിശോധന വ്യാപകമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
കോട്ടയം ജില്ലയിൽ ലഭിക്കാനുള്ളത് 107 സ്രവ സാംപിൾ പരിശോധന ഫലമാണ്. ഇന്നലെ ജില്ലയിൽ ലഭിച്ചതു രണ്ടു പേരുടെ പരിശോധനാ ഫലം മാത്രമാണ്. രണ്ടു പേരും നെഗറ്റീവാണ്.
ഇന്നലെ 31 പേരുടെ സ്രവ സാംപിൾ പരിശോധനകൾക്ക് അയച്ചു. ഇന്നലെ 287 പേർക്കാണ് ഹോം ക്വാറന്റയിൻ നിർദേശിച്ചത്. ഇതിൽ 239 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും 28 പേർ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരുമാണ്.
രേഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സന്പർക്കം പുലർത്തിയവർ മൂന്നു പേരും നേരിട്ട് സന്പർക്കം പുലർത്തിയവുമായി ബന്ധപ്പെട്ട സെക്കൻഡറി കോണ്ടാക്റ്റുകളായി 17 പേരെയും കണ്ടെത്തിയിട്ടുണ്ട്. ജില്ലയിൽ 2189 പേരാണ് ക്വാറന്റയിനിൽ കഴിയുന്നത്.
ഇതിൽ 243 പേർ വിദേശത്ത് നിന്നുമെത്തിയവരും 1858 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. ബാക്കിയുള്ളവരെ സന്പർക്കമുണ്ടായതിന്റെ പേരിലാണ് നിരീക്ഷത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്നു പേരെ ഒഴിവാക്കിയപ്പോൾ ഒരാളെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതോടെ ആശുപത്രിയിൽ കഴിയുന്നതു കോവിഡ് ബാധിച്ച രണ്ട് പേരും നിരീക്ഷണത്തിൽ കഴിയുന്ന ഒരാളും ഉൾപ്പെടെ മൂന്നു പേരാണ്.