തൃശൂർ: പോലീസിനെതിരെ സാക്ഷി പറഞ്ഞയാളെ കുടുക്കാൻ പോലീസ് വ്യാജ കൗണ്‍സലിംഗ് നടത്തി മകളെ ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ നൽകാൻ ശ്രമിച്ചതായി പരാതി. മകളുടെ മനോനില തെറ്റിച്ചുവെന്നു ചൂണ്ടിക്കാട്ടി യുവാവ് ചൈൽഡ് ലൈനിനും വിദ്യാലയ അധികാരികൾക്കും പരാതി നൽകി. ഡോക്ടറെ കാണാൻ ചെന്നപ്പോൾ കാര്യങ്ങൾ ചോദിച്ച ഡോക്ടറോടു മകൾ പറഞ്ഞത് “അച്ഛൻ മോളെ ഗർഭിണിയാക്കും’ എന്നായിരുന്നു.
പതിനൊന്നുകാരിയിൽനിന്നും കിട്ടിയ മറുപടികേട്ട് ഞെട്ടിയ ഡോക്ടർ ഇക്കാര്യം കുട്ടിയുമായെത്തിയ രക്ഷിതാക്കളെ അറിയിച്ചു. വിവരമറിഞ്ഞ രക്ഷിതാക്കളുടെ ആവശ്യപ്രകാരം ഡോക്ടർ കുട്ടിയിൽനിന്നും അറിഞ്ഞതു വ്യാജ കൗണ്‍സിലിംഗ് നടത്തി കുട്ടിയുടെ മാനസിക നില തെറ്റിച്ച കൊടുംക്രൂരതയെ കുറിച്ച്.
വാടാനപ്പിള്ളി തളിക്കുളം സ്വദേശിയാണ്, അച്ഛനമ്മമാരെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധത്തിലും പതിനൊന്നുകാരിയായ മകളെ വ്യാജ കൗണ്‍സലിംഗ് നടത്തി മനോനില തകരാറാക്കിയതിലും നടപടിയാവശ്യപ്പെട്ട് ചൈൽഡ് ലൈനിനും കേന്ദ്രീയ വിദ്യാലയത്തിനും പരാതി നല്‍കിയിരിക്കുന്നത്.
പോലീസുകാർ പ്രതിയായ കേസിൽ മൊഴി നൽകിയതിലെ പ്രതികാരത്തിന് തന്റെ ഭാര്യയെയും, ഇപ്പോൾ മകളെയും ഉപയോഗിച്ച് പ്രതികാരം തീർക്കുന്നതിന്റെ ഭാഗമാണിതെന്നു രക്ഷിതാവ് പരാതിയിൽ ആരോപിക്കുന്നു. വാടാനപ്പിള്ളി മേഖലയിലെ പൊതുപ്രവർത്തകൻ കൂടിയായ യുവാവ്, 2012ൽ പോലീസ് ആളുമാറി ഡിവൈഎഫ്ഐ നേതാവിനെ മർദിച്ച കേസിലെ ദൃക്സാക്ഷിയാണ്.
ഇയാളുടെ മൊഴിയാണ് പോലീസുകാർ കുറ്റക്കാരെന്നു കണ്ടെത്തിയ നിർണായക തെളിവായത്. ഇവർക്കെതിരെ നടപടിക്കു ഹൈക്കോടതി നിർദേശിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും ഈ കേസിൽ ഇടപെട്ടതോടെ യുവാവിനെ കുടുക്കാനുള്ള ശ്രമത്തിലായിരുന്നു പോലീസ്. ഇതിനു പിന്നാലെയാണ് കുഞ്ഞിനു വ്യാജ കൗണ്‍സലിംഗ് നൽകി മാനസിക നിലതെറ്റിച്ച ക്രൂര നടപടി.
കഴിഞ്ഞദിവസം വീട്ടിലെ മരണാനന്തര ചടങ്ങുകൾക്കായി കുഞ്ഞിനെ സ്കൂളിൽനിന്നും കൂട്ടിക്കൊണ്ടുവന്നിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന കുഞ്ഞിനെ വീട്ടുകാർ ചേർന്ന് അടുത്തുള്ള ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധനെ കാണിച്ചു.
ഇതിൽനിന്നുമാണ് കുട്ടിക്കു വ്യാജ കൗണ്‍സലിംഗ് നടത്തിയ വിവരം അറിഞ്ഞത്. “അച്ഛൻ ലൈംഗിക പീഡനം നടത്തുന്നു, അച്ഛൻ മോളെ ഗർഭിണിയാക്കുമെന്നൊക്കെ പറയാന്‍ കുട്ടിയെ പ്രേരിപ്പിച്ചിട്ടുണ്ടെന്നു ഡോക്ടർ രക്ഷിതാക്കളെ അറിയിച്ചു. ഡോക്ടറുടെ വിശദാംശങ്ങളോടെയാണ് യുവാവ് പരാതി നൽകിയിരിക്കുന്നത്.