കേരളത്തില്‍ വീണ്ടും കോവിഡ് ബാധ ! പത്തനംതിട്ടയില്‍ അഞ്ചു പേര്‍ നിരീക്ഷണത്തില്‍; രോഗം സ്ഥിരീകരിച്ചത് ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്കും ബന്ധുക്കള്‍ക്കും…

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍നിന്ന് എത്തിയ മൂന്നു പേര്‍ ഉള്‍പ്പെടെ അഞ്ചു പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. പത്തനംതിട്ട ജില്ലയിലുള്ളവരാണ് ഇവരെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

റാന്നി ഐത്തല സ്വദേശികളാണ് രോഗ ബാധിതര്‍. കഴിഞ്ഞ മാസം 29നാണ് ഇറ്റലിയില്‍നിന്ന് മൂന്നു പേര്‍ ഇവിടേക്ക് എത്തിയത്. ഇവരുടെ ബന്ധുക്കളായ രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്.

അഞ്ചുപേരും ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഇറ്റലിയില്‍നിന്ന് എത്തിയവര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചിരുന്നില്ല. പരിശോധനയ്ക്കും ചികിത്സയ്ക്കും ആദ്യം സഹകരിച്ചില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ട ജില്ലയില്‍ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം ശക്തമായ പ്രതിരോധ നടപടികള്‍ തുടങ്ങി. രോഗികളുമായി ഇടപെട്ടിട്ടുള്ളവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായും മന്ത്രി പറഞ്ഞു.

കൊവിഡ് 19 രോഗബാധ അതീവ ഗൗരവമായി കണ്ട് സമൂഹത്തിന്റെ ആകെ സഹകരണത്തോടെ മാത്രമെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകൂ എന്നും ആരോഗ്യമന്ത്രി ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ മാസം 29ന് ഇറ്റലിയിലെ വെനീസില്‍നിന്ന് ഖത്തര്‍ എയര്‍വേസിന്റെ ക്യുആര്‍ 126 വിമാനത്തിലാണ് മൂന്നു പേര്‍ ദോഹയിലെത്തിയത്. ഇവിടെനിന്നും ക്യുആര്‍ 514 വിമാനത്തില്‍ കൊച്ചിയിലെത്തി. ഈ വിമാനങ്ങളില്‍ അന്നേ ദിവസം സഞ്ചരിച്ച മറ്റു യാത്രക്കാര്‍ ഉടന്‍ പരിശോധനകള്‍ക്ക് വിധേയരാകണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Related posts

Leave a Comment