അണക്കരയില്‍ കുട്ടികളെ അമ്മ മര്‍ദ്ദിക്കുന്ന വീഡിയോ വ്യാജം ! വീഡിയോ അഭിനയമായിരുന്നുവെന്ന് അമ്മ; മാസങ്ങളായി പണം അയയ്ക്കാതിരുന്ന ഭര്‍ത്താവ് വീഡിയോ കണ്ട് 25000 രൂപ ഉടന്‍ അയച്ചു നല്‍കിയെന്നും യുവതി…

ഇടുക്കി അണക്കരയില്‍ അമ്മ കുട്ടികളെ മര്‍ദ്ദിക്കുന്ന വീഡിയോ വന്‍വിവാദമായിരുന്നു. ഇപ്പോള്‍ വീഡിയോയ്ക്ക് വിശദീകരണവുമായെത്തിയിരിക്കുകയാണ് കുട്ടികളുടെ അമ്മ. കുട്ടികളെ മര്‍ദ്ദിക്കുന്ന വീഡിയോ അഭിനയമായിരുന്നെന്നും വിദേശത്തുള്ള ഭര്‍ത്താവില്‍നിന്ന് വീട്ടുച്ചെലവിനുള്ള പണം ലഭിക്കാനാണ് ഇത് ചെയ്തതെന്നും അമ്മ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന് മൊഴി നല്‍കി.

കഴിഞ്ഞദിവസമാണ് ഇടുക്കി അണക്കരയിലെ വീട്ടമ്മ രണ്ട് കുട്ടികളെ അസഭ്യം പറഞ്ഞ് മര്‍ദിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.തുടര്‍ന്ന് പോലീസും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും സംഭവത്തില്‍ അന്വേഷണം നടത്തുകയായിരുന്നു.

വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ ഭര്‍ത്താവ് 25000 രൂപ അയച്ചുനല്‍കിയെന്നും ഇവര്‍ മൊഴിയില്‍ വ്യക്തമാക്കി. അമ്മയോടൊപ്പം തുടരാനാണ് താത്പര്യമെന്ന് കുട്ടികളും അധികൃതരോട് പറഞ്ഞു.

കുട്ടികളെ മര്‍ദ്ദിച്ച അമ്മയ്ക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അധ്യക്ഷന്‍ വ്യക്തമാക്കി.

അഭിനയമാണെന്ന അമ്മയുടെ വാദം തെറ്റാണെന്നും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അധ്യക്ഷന്‍ ജോസഫ് അഗസ്റ്റിന്‍ പറഞ്ഞു. അമ്മ പറഞ്ഞത് മുഖവിലയ്‌ക്കെടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്.

Related posts

Leave a Comment