ഗര്‍ഭിണികള്‍ വാക്‌സിനെടുത്താല്‍ എന്തു സംഭവിക്കും ? പുതിയ പഠനത്തില്‍ വ്യക്തമാകുന്ന കാര്യങ്ങള്‍ ഇങ്ങനെ…

ഗര്‍ഭവതികളായ സ്ത്രീകള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ആശങ്ക തുടക്കം മുതലേ നിലനില്‍ക്കുന്നുണ്ട്. വാക്‌സിന്‍ ഇവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോയെന്നതായിരുന്നു പ്രധാന ആശങ്ക.

എന്നാല്‍ പുതിയ പഠനങ്ങള്‍ പ്രകാരം കോവിഡ് വാക്‌സിന്‍ ഗര്‍ഭിണികളിലും ഗര്‍ഭസ്ഥ ശിശുക്കളിലും പ്രതികൂലമായ ആരോഗ്യാവസ്ഥകള്‍ ഒന്നും തന്നെ സൃഷ്ടിക്കുന്നില്ല എന്നതാണ്. കോവിഡിനെതിരായ യുദ്ധത്തില്‍ അതീവ പ്രാധാന്യമുള്ള ഒരു നാഴികക്കല്ല് തന്നെയാണിത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നു മാത്രമല്ല ഗര്‍ഭിണിയായ ഒരു സ്ത്രീ വാക്‌സിന്‍ എടുത്താല്‍ അവര്‍ നേടുന്ന പ്രതിരോധ ശക്തി ഗര്‍ഭസ്ഥ ശിശുവിലേക്കും പകരും.

അതായത്, ഒരു ഗര്‍ഭിണി വാക്‌സിന്‍ എടുക്കുക വഴി, ജനിക്കാന്‍ പോകുന്ന കുഞ്ഞിനും കോവിഡിനെതിരെ പ്രതിരോധം ഒരുക്കുകയാണ്. ചുരുക്കം പറഞ്ഞാല്‍, കോവിഡിനെതിരെ സ്വാഭാവിക പ്രതിരോധശേഷിയുള്ള ഒരു പുതിയ തലമുറ ജന്മമെടുക്കാന്‍ ഇത് സഹായിക്കും എന്നര്‍ത്ഥം.

എന്നാല്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ കോവിഡ് ബാധിച്ചാല്‍ മാസം തികയാതെ പ്രസവിക്കുന്നതിനുള്ള സാധ്യത മൂന്നിരട്ടിയോളം കൂടുതലാണെന്നാണ് പഠന റിപ്പോര്‍ട്ട് തെളിയിക്കുന്നത്.

ഇത് ശിശുവിന്റെ ആരോഗ്യത്തെ വിപരീതമായി ബാധിച്ചേക്കും. ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കുക വഴി ഈ അപകടം ഒരു പരിധിവരെ തടയാനും കഴിയും.

എന്നാല്‍ വാക്‌സിനെക്കുറിച്ച് ഗര്‍ഭിണികള്‍ക്കിടയില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. അടുത്തിടെ നടത്തിയ ഒരു അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത മൂന്നിലൊന്ന് ആളുകളും വാക്‌സിനില്‍ വിശ്വാസമര്‍പ്പിക്കാന്‍ വിമുഖത കാട്ടി.

വാക്‌സിന്‍ പദ്ധതി ആരംഭിക്കുന്നതിനു മുന്‍പേ ഇറങ്ങിയ തെറ്റിദ്ധാരണാജനകമായ ചില പ്രചാരണങ്ങളാണ് ഈ ആശയക്കുഴപ്പത്തിനു കാരണം എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ നവംബറില്‍ ഫൈസര്‍ കമ്പനിയാണ് ആദ്യമായി തങ്ങളുടെ വാക്‌സിന്‍ കോവിഡിനെതിരെ ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചത്. അപ്പോഴും കമ്പനി,ഈ വാക്‌സിന്‍ ഗര്‍ഭിണികളില്‍ പരീക്ഷിച്ചിട്ടില്ല എന്ന് വ്യക്തമാക്കിയിരുന്നു.

ചില മൃഗങ്ങളില്‍ പരീക്ഷിച്ചതില്‍ ഇത് ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥ ശിശുവിനും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് വ്യക്തമായെങ്കിലും ഗര്‍ഭിണികള്‍ വാക്‌സിന്‍ എടുക്കുന്നതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന് സര്‍ക്കാരും ആവശുപ്പെട്ടിരുന്നു.

ഇതിനെതിരായി പ്രവര്‍ത്തിച്ച രാജ്യങ്ങളുമുണ്ട്. ഉദാഹരണത്തിന്, വാക്‌സിന്‍ കാര്യത്തില്‍ മഹാവിജയം നേടിയ ഇസ്രയേലില്‍, വാക്‌സിന്‍ ലഭിക്കുന്നതില്‍ മുന്‍ഗണന അര്‍ഹിക്കുന്നവരുടെ പട്ടികയിലായിരുന്നു ഗര്‍ഭിണികള്‍.

അതുപോലെ അമേരിക്കയും ഡിസംബര്‍ ആദ്യത്തോടെ ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കുവാന്‍ തുടങ്ങി.എന്തായാലും പുതിയ പഠനവിവരം പുറത്തു വന്നത് തെറ്റിദ്ധാരണ മാറാന്‍ സഹായകമാവും ന്നെു പ്രതീക്ഷിക്കാം.

Related posts

Leave a Comment