കണ്ണൂർ: മൂന്നാംഘട്ടത്തിലും കാസർഗോഡിനെ കോവിഡ് വിടാതെ പിന്തുടരുന്നു. ഇന്നലെ ജില്ലയില്‍ 10 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയില്‍ നിന്ന് മേയ് നാലിന് ജില്ലയിലെത്തുകയും 11 ന് രോഗം സ്ഥിരീകരിക്കുകയും ചെയ്ത പൈവളികെ സ്വദേശിയെ തലപ്പാടിയില്‍ നിന്ന് കാറില്‍ കൂട്ടിക്കൊണ്ടുവന്ന 50 വയസുള്ള രാഷ്ട്രീയ പ്രവര്‍ത്തകനും ഇദ്ദേഹത്തിന്റെ 35 വയസുള്ള ഭാര്യയും ഇവരുടെ 11 ഉം എട്ടും വയസുള്ള ആണ്‍കുട്ടികളും ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഇദ്ദേഹത്തിന്റെ ഭാര്യ അതിര്‍ത്തി മേഖലയിലെ പഞ്ചായത്ത് അംഗമാണ്. കാറോടിച്ച വ്യക്തി ഈ കാലയളവില്‍ മൂന്നുതവണ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ രോഗിയുമായി വരികയും ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡ്, ലാബ്, എക്സ്-റേ റൂം എന്നിവിടങ്ങളില്‍ പ്രവേശിക്കുകയും ചെയ്തിരുന്നത് ആശങ്കയുടെ ആഴമേറ്റുന്നു.
ഈ ദിവസങ്ങളില്‍ ഇവിടെ എത്തിയിരുന്ന എല്ലാവരേയും കണ്ടെത്തി നിരീക്ഷണത്തിലാക്കേണ്ടിവരും. ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവരില്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെയും ഓരോ ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. കാസര്‍ഗോഡ് നഗരസഭാ പരിധിയില്‍ നിന്നുള്ള 65 വയസുള്ള വ്യക്തിക്കും രോഗം സ്ഥിരീകരിച്ചു.
ഇദ്ദേഹം കഴിഞ്ഞ ഒന്നര മാസത്തിലധികമായി മലപ്പുറം ജില്ലയിലെ മഞ്ചേരിയിലായിരുന്നു താമസം. കോട്ടയത്തുനിന്ന് തലപ്പാടിയിലേക്ക് വരികയായിരുന്ന ആംബുലന്‍സില്‍ കയറിയാണ് അദ്ദേഹം കാസര്‍ഗോഡ് എത്തിയത്. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് ഇദ്ദേഹം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ബംഗളൂരുവില്‍ നിന്ന് എത്തിയ കള്ളാര്‍ പഞ്ചായത്തില്‍ നിന്നുള്ള 26 കാരനാണ് രോഗം സ്ഥിരീകരിച്ച മറ്റൊരു വ്യക്തി. ഇയാള്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. മേയ് 12 ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നു ജില്ലാ ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് അയക്കുകയുമായിരുന്നു.
രോഗബാധ സ്ഥിരീകരിച്ച മറ്റു രണ്ടുപേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്ന 58, 31 വയസ്സുള്ള കുമ്പള സ്വദേശികളാണ്. ഇതില്‍ ആദ്യത്തെ വ്യക്തിക്ക് ഹൃദ്രോഗവും കടുത്ത പ്രമേഹവുമുള്ളതിനാല് ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
അന്തര്‍സംസ്ഥാന യാത്രക്കാരില്‍ നിന്ന് രോഗവ്യാപന സാധ്യത കൂടുന്നതായി ബോധ്യപ്പെട്ടതിനാല്‍ ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു നിര്‍ദേശിച്ചു.
ജില്ലയില്‍ ഇപ്പോള്‍ ആകെ 1,428 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 1,211 പേരും ആശുപത്രികളില്‍ 217 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ പുതിയതായി 35 പേരെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. 47 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 89 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.
സെന്റിനല്‍ സര്‍വേയുടെ ഭാഗമായി 575 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 561 പേരുടെ ഫലം നെഗറ്റീവ് ആണ്. 14 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.
കണ്ണൂരില്‍ രണ്ടു പേര്‍ക്കുകൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 12ന് ദുബായില്‍നിന്ന് ഐഎക്സ് 814 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ കടമ്പൂര് സ്വദേശിയായ 20 വയസുള്ള യുവാവിനും കഴിഞ്ഞ ആറിന് ചെന്നൈയില്‍നിന്നെത്തിയ മട്ടന്നൂര്‍ സ്വദേശിയായ 24 വയസുള്ള യുവാവിനുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
12ന് സ്രവപരിശോധനയ്ക്കു വിധേയരായ ഇരുവരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 121 ആയി. ഇവരില്‍ 116 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ ജില്ലയില്‍നിന്ന് 4580 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 4519 എണ്ണത്തിന്റെ ഫലം ലഭ്യമായി. 61 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.