ചെന്നൈ: ഗോമൂത്രത്തിന് ഔഷധഗുണമുണ്ടെന്ന അവകാശവാദത്തിൽ സംവാദത്തിനു തയാറെന്നും വിഷയത്തെ രാഷ്ട്രീയവൽകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടി. ഗോമൂത്രം സംബന്ധിച്ച വിവിധ പഠനങ്ങൾ അമേരിക്കയിൽ അടക്കം നടന്നിട്ടുണ്ടെന്നും ഇതിന്റെ അണുനാശിനിശേഷിയെക്കുറിച്ച് പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചാണകം, ഗോമൂത്രം, പശുവിൻ പാൽ, തൈര്, നെയ്യ് എന്നിവ ചേർത്തുണ്ടാക്കുന്ന പഞ്ചഗവ്യം ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ അടക്കം വാങ്ങാൻ സാധിക്കും. ഗോമൂത്രം കുടിച്ചാൽ ആരോഗ്യ പ്രശ്നമുണ്ടാകുമെന്ന തരത്തിലെ പഠനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഐഐടിയിൽ അടക്കം ഇതിന്റെ ഗുണവശങ്ങളെക്കുറിച്ചാണു പഠനങ്ങൾ നടന്നിട്ടുള്ളത്. ഉത്സവ സമയങ്ങളിൽ പഞ്ചഗവ്യം കഴിക്കാറുണ്ട്.
ഇതു സംബന്ധിച്ച് ഗുണകരമായ ശാസ്ത്രീയ ചർച്ചയ്ക്കു തയാറാണെന്നും അദ്ദേഹം പറഞ്ഞു. മാട്ടു പൊങ്കൽ ദിനത്തിൽ ചെന്നൈ വെസ്റ്റ് മാമ്പലത്തു നടന്ന പരിപാടിയിൽ ഗോമൂത്രം സംബന്ധിച്ച പരാമർശങ്ങൾക്കു പിന്നാലെ രൂക്ഷവിമർശനം ഉയർന്നതോടെയാണു വിശദീകരണവുമായി കാമകോടി രംഗത്തെത്തിയത്. ഡയറക്ടർ സ്ഥാനത്തുനിന്നു കാമകോടിയെ നീക്കണമെന്നാവശ്യപ്പെട്ട് സിപിഎം രംഗത്തെത്തിയിരുന്നു.