കേന്ദ്രത്തിനു പുറമേ കേരള സര്‍ക്കാരിനും ഗാന്ധിജിയോട് അയിത്തം, നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ നോട്ടീസില്‍ ഗാന്ധിജിയ്ക്ക് പകരം ഇഎംഎസ്!

assemblyനിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നിയമസഭാ മന്ദിരത്തിന്റെ ഫോട്ടോയില്‍ നിന്നും ഗാന്ധിജിയുടെ പ്രതിമ ഒഴിവാക്കിയത് വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. രക്തസാക്ഷി ദിനാചരണത്തിനു സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍നിന്നു മഹാത്മാ ഗാന്ധിയെ പുറത്താക്കിയതിനു പിന്നാലെയാണ് നിയമസഭയുടെ വജ്രജൂബിലി ആഘോഷ നോട്ടിസിന്റെ കവര്‍ പേജില്‍ നിന്നും ഗാന്ധിജിയെ ഒഴിവാക്കിയത്. ഗാന്ധിജിയുടെ പ്രതിമ ഇരിക്കുന്ന നിയമസഭാ മന്ദിരത്തിന്റെ മുന്‍വശത്തു നിന്നുള്ള ചിത്രം എടുക്കുന്നതിന് പകരം നിയമസഭാ വളപ്പിന് പുറത്തെ ഇഎംഎസ് പ്രതിമ ശ്രദ്ധിക്കപ്പെടുന്ന വിധത്തിലുള്ള ചിത്രമാണ് നോട്ടീസില്‍ വച്ചിരിക്കുന്നത്.

ഗാന്ധിജിയുടേത് കൂടാതെ ഡോ. ബി.ആര്‍.അംബേദ്കറുടെയും നെഹ്‌റുവിന്റെയും പ്രതിമ ഒഴിവാക്കിയുള്ള ചിത്രമാണ് എടുത്തിരിക്കുന്നത്. നിയമസഭയുടെ മുന്‍പില്‍ നിന്നുള്ള ചിത്രമെടുക്കാതെ നഗരസഭയുടെ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതും മരങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതുമായ ഇഎംഎസിന്റെ ചിത്രമെടുത്ത് നോട്ടീസില്‍ ചേര്‍ത്തത് മനപൂര്‍വ്വമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ പാത പിന്തുടര്‍ന്ന് ഔദ്യോഗിക രേഖകളില്‍നിന്നു ഗാന്ധിജിയെ കുടിയിറക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാരെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

അടുത്ത 30ന് എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും രാവിലെ 11നു രണ്ടു മിനിറ്റ് മൗനം ആചരിച്ചു രക്തസാക്ഷി ദിനം ആചരിക്കണമെന്ന് ആവശ്യപ്പെട്ടു പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍, അന്നു ഗാന്ധിജിയുടെ ചരമ ദിനമാണെന്ന പരാമര്‍ശം ഇല്ലാതിരുന്നതും വിവാദമായിരുന്നു. ഗാന്ധിജിയുടെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ മോദിയുടെ പാതയിലാണു സഞ്ചരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Related posts