ബാലഭാസ്‌കറിന്റെ അന്ത്യയാത്ര പുനരാവിഷ്‌കരിക്കാന്‍ ഒരുങ്ങി ക്രൈംബ്രാഞ്ച് ! അന്വേഷണസംഘം സഞ്ചരിക്കുക ബാലു സഞ്ചരിച്ച അതേ വഴികളിലൂടെ…

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം വീണ്ടും ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍ വാഹനാപകടത്തിന് മുമ്പ് ബാലഭാസ്‌കര്‍ അവസാനം സഞ്ചരിച്ച വഴികളിലൂടെ വീണ്ടും സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. സ്വര്‍ണക്കടത്തു സംഘമാണ് ബാലുവിന്റെ മരണത്തിനു പിന്നിലെന്ന ആരോപണം സജീവമായതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

കഴിഞ്ഞ സെപ്റ്റംബര്‍ 25ന് തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് പള്ളിപ്പുറത്ത് വെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്. അപകടത്തില്‍ ബാലഭാസ്‌കറും കുഞ്ഞും മരിച്ചിരുന്നു. ബാലുവിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജ്ജുനും രക്ഷപ്പെടുകയും ചെയ്തു. അന്ന് തന്നെ ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ പിതാവ് രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയ സാഹചര്യത്തിലാണ് ബാലുവിന്റെ യാത്ര പുനരാവിഷ്‌കരിക്കാന്‍ ക്രൈംബ്രാഞ്ച്് ഒരുങ്ങുന്നത് ഇതിനായി ബാലഭാസ്‌കറും കുടുംബവും അപകട ദിവസം സഞ്ചരിച്ച വഴികളിലൂടെ അതേസമയത്ത് സഞ്ചരിച്ച് സ്ഥിതി വിലയിരുത്താന്‍ ഒരുങ്ങിയിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. അപകടം സംഭവിച്ച സ്ഥലത്ത് വീണ്ടും പരിശോധന നടത്തും. നേരത്തെ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍, ബന്ധുക്കള്‍, ദൃക്സാക്ഷികള്‍ എന്നിവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിക്കും. അപകടശേഷം ബാലഭാസ്‌കര്‍ സഞ്ചരിച്ച കാറിന് മുന്നിലെ ചോരപ്പാടുകള്‍ ഒരാള്‍ തുടച്ചുനീക്കി എന്ന ദൃക്സാക്ഷി മൊഴിയും പരിശോധിക്കും.

Related posts