തലയോലപ്പറമ്പ് കൊലപാതകം: മാത്യുവിന്റേതെന്നു കരുതുന്ന തുടയെല്ല് കണ്ടെത്തി; ഇന്നലെ കണെ്ടത്തിയ അസ്ഥികള്‍ മനുഷ്യന്റേതെന്നു സ്ഥിരീകരിച്ചു

ktm-crimeതലയോലപ്പറമ്പ്: കാലായില്‍ മാത്യുവിന്റെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ മൃതദേഹാവശിഷ്ടങ്ങള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. ഇന്നു രാവിലെ മാത്യുവിന്റേതെന്നു കരുതുന്ന തുടയെല്ല് കണ്ടെത്തി. തുടയെല്ല് ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കുഴിച്ചുമൂടിയെന്നു പറയുന്ന കെട്ടിടത്തിനു സമീപത്ത് ഇന്നലെ നടത്തിയ തെരച്ചിലില്‍ അസ്ഥിക്കഷണങ്ങളും മാത്യുവിന്റെ വാച്ചും കണെ്ടത്തിയിരുന്നു. ടൈറ്റാന്റെ സ്വര്‍ണനിറമുള്ള വാച്ചാണു കണെ്ടടുത്തത്. ഇതു മാത്യുവിന്റേതാണെന്നു മകള്‍ നൈസി തിരിച്ചറിഞ്ഞിരുന്നു.

ലഭിച്ച അസ്ഥികള്‍ മനുഷ്യന്റേതാണെന്നും വ്യക്തമായിട്ടുണ്ട്. ഇനി ഇതു മാത്യുവിന്റേതാണെന്നു തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന അടക്കമുള്ളവ നടത്തേണ്ടിവരും. എട്ടു വര്‍ഷം മുമ്പ് പണമിടപാട് തര്‍ക്കത്തെത്തുടര്‍ന്നു പ്രതിയായ അനീഷ് പള്ളിക്കവലയ്ക്കു സമീപം സ്റ്റിക്കര്‍ വര്‍ക്ക് നടത്തിയിരുന്ന സ്ഥാപനത്തിലേക്കു മാത്യുവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണു കേസ്. മൃതദേഹം കടയുടെ പിന്നില്‍ കുഴിച്ചുമൂടിയെന്നാണ് ഇയാള്‍ പോലീസിനു മൊഴി നല്‍കിയത്.

ഈ സ്ഥലത്ത് അതിനുശേഷം നിര്‍മിക്കപ്പെട്ട ബഹുനിലക്കെട്ടിടത്തിന്റെ ഉള്‍വശം തുരന്നു രണ്ടു ദിവസം പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണെ്ടത്താനായില്ല. ഇതോടെ അനീഷിന്റെ സുഹൃത്തായ, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രേമനെ കൂടുതല്‍ ചോദ്യംചെയ്തു. കെട്ടിടത്തിനും സമീപത്തെ മതിലിനുമിടയിലാണു കുഴിച്ചിട്ടിരിക്കുന്നതെന്നാണ് അനീഷ് പറഞ്ഞിരുന്നതെന്നു പ്രേമന്‍ വെളിപ്പെടുത്തി. അനീഷിനെ കൂടുതല്‍ ചോദ്യംചെയ്തതോടെ കെട്ടിടത്തിനു പുറത്തുതന്നെയാണു കുഴിച്ചിട്ടതെന്നു സമ്മതിച്ചു സ്ഥലം കാണിച്ചുകൊടുത്തു.

അരയ്ക്കു കീഴ്‌പോട്ടുള്ള അസ്ഥികളാണ് ഇവിടം കുഴിച്ചപ്പോള്‍ കിട്ടിയതില്‍ ഏറെയും. വര്‍ഷങ്ങള്‍ക്കു മുമ്പ് നെഞ്ചിന്‍കൂട് ഉള്‍പ്പെടെയുള്ള അസ്ഥികള്‍ മൂവാറ്റുപുഴയാറ്റില്‍ തള്ളിയെന്നും അനീഷ് പറഞ്ഞിരുന്നത്രേ. സ്ഥലത്തു നിന്നെടുത്ത മണ്ണും അസ്ഥിക്കഷണങ്ങളും സൂക്ഷ്മമായ പരിശോധനയ്ക്കു വിധേയമാക്കി. സംഭവസ്ഥലത്തു പ്രതിയായ അനീഷിനെയും എത്തിച്ചിട്ടുണ്ട്. വൈക്കം സിഐ വി.എസ്. നവാസ്, തലയോലപറമ്പ് എസ്‌ഐ ഫിറോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പരിശോധന നടത്തുന്നത്.

എല്ല് മനുഷ്യന്റേതാണെന്നു കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി
കോട്ടയം: തലയോലപ്പറമ്പ് കാലായില്‍ മാത്യുവിന്റെ മൃതദേഹാവശിഷ്ടത്തിനു വേണ്ടി നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയ എല്ല് മനുഷ്യന്റേതാണെന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ടോമി മാപ്പിളക്കായില്‍ പറഞ്ഞു. വര്‍ഷങ്ങളോളം പഴക്കമുണ്ടെന്നും ഡിഎന്‍എ അനുബന്ധ പരിശോധനക്കു ശേഷമേ അത് കാണാതായ  മാത്യുവിന്റേതാണോ എന്ന് ഔദ്യോഗികമായി പറയാനാവു എന്നും അദേഹം പറഞ്ഞു. എല്ല് ഇപ്പോള്‍ ഫോറന്‍സിക് ഡിപ്പാര്‍ട്ടുമെന്റില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related posts