വനിത ഉള്‍പ്പെടെയുള്ള മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ക്കു നേരെ ക്രൂരമായ ആള്‍ക്കൂട്ട ആക്രമണം ! മൃഗസംരക്ഷണ പ്രവര്‍ത്തകരെ തല്ലിച്ചതച്ചവര്‍ക്കെതിരേ കേസെടുത്തു…

മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ക്കു നേരെ ആള്‍ക്കൂട്ട ആക്രമണമുണ്ടായതായി പരാതി. തെരുവുനായകളെ സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലാണു പ്രദേശവാസികള്‍ ഇവരെ ആക്രമിച്ചത്.

സംഭവം വിവാദമായതോടെ അക്രമികള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നു. കേസെടുത്തതായി പൊലീസ് അറിയിച്ചു.

മൃഗസംരക്ഷണ പ്രവര്‍ത്തകയായ ആയിഷ ക്രിസ്റ്റീനയെയും നൈബര്‍ഹുഡ് വൂഫ് എന്ന സംഘടനയുടെ അംഗങ്ങളെയുമാണു റാണിബാഗ് ഋഷിനഗറിലെ താമസക്കാര്‍ ആക്രമിച്ചത്. തെരുവു നായ്ക്കളെ സഹായിക്കുന്നതിനിടെയായിരുന്നു സംഭവമെന്ന് സംഘടന പ്രതികരിച്ചു.

‘നായകളെ പിടിക്കുന്നതിനിടെ ഞങ്ങളെ അടിച്ചു. ചിലര്‍ വന്ന് വളരെ മോശമായി സംസാരിച്ചു. കുറെനേരം ഞങ്ങള്‍ മിണ്ടാതിരുന്നു. എന്നാല്‍ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ചപ്പോഴാണു മര്‍ദനമുണ്ടായത്. ഫേസ്ബുക്ക് ലൈവില്‍ ആയിഷ ക്രിസ്റ്റീന പ്രതികരിച്ചു.

പൊലീസ് സ്റ്റേഷനില്‍നിന്ന് അയിഷ ക്രിസ്റ്റീന ചെയ്ത ഫേസ്ബുക്ക് ലൈവ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ചര്‍ച്ചാവിഷയമായിട്ടുണ്ട്. കൂടെയുണ്ടായിരുന്ന വിപിന്‍, അഭിഷേക്, ദീപക് എന്നിവര്‍ക്കു നേരെയും അക്രമമുണ്ടായതായി ആയിഷ വ്യക്തമാക്കി.

കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നു ഡല്‍ഹി വനിതാ കമ്മിഷന്‍ ചെയര്‍പഴ്‌സന്‍ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മൃഗസംരക്ഷകരുടെ കാര്‍ പ്രദേശവാസികളുടെ ദേഹത്തു തട്ടിയതായാണു പൊലീസ് പറയുന്നത്.

Related posts

Leave a Comment