പഴനിയിൽപോകാൻ കാണിക്ക വേണമെന്ന് പറഞ്ഞെത്തി! യുവാവ് പത്താം ക്ലാസ് വിദ്യാർഥിനിയെ കടന്നുപിടിച്ചു; പ്രതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍

തിരുവനന്തപുരം: പഴനി ക്ഷേത്രത്തിൽ പോകാൻ കാണിക്ക വേണമെന്ന് ആവശ്യപ്പെട്ട് എത്തിയ യുവാവ് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ വീട് തെണ്ടി കാണിക്ക ചോദിച്ചെത്തുന്ന ഭാവേന എത്തിയ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

മനഃസ്ഥെെര്യം വിടാതെ അക്രമിയെ തള്ളിമാറ്റി ഓടിയ പെൺകുട്ടി അയൽവീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു.

ഇതിനിടെ പ്രതി രക്ഷപ്പെട്ടു. വഞ്ചിയൂർ ഹോളി ഏഞ്ചൽസ് സ്‌കൂളിന് സമീപം ശനിയാഴ്ച ഉച്ചയ്‌ക്ക് 12.30നായിരുന്നു സംഭവം. കുട്ടിയും ഇതേ സ്കൂളിലെ വിദ്യാർത്ഥിയാണ്. 

സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.  ഹോട്ടലിൽ ഇരിക്കുന്ന പ്രതിയുടെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

ഈ ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. പ്രതിയെക്കുറിച്ച് കുറിച്ച് അറിയുന്നവർ ഉടൻ വഞ്ചിയൂർ പൊലീസിനെ വിവരം അറിയിക്കണമെന്ന് വഞ്ചിയൂര്‍ പൊലീസ് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. 9497980031 എന്ന നമ്പറില്‍ ആണ് വിവരമറിയിക്കേണ്ടത്.  

പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തെത്തിയതോടെ തെരച്ചിൽ പൊലീസ് ഊർജിതമാക്കി. പഴനിയിൽ പോകാനുള്ള കാണിക്ക വേണമെന്ന് പറഞ്ഞാണ് പ്രതി വീടിൻ്റെ വാതിലിൽ മുട്ടിയത്.

ഭസ്‌മം നിറച്ച തട്ടുമായെത്തിയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കുട്ടി ഇയാളോട് പോകാനാവശ്യപ്പെടുകയായിരുന്നു.

ഇതുകേൾക്കാതെ നെറ്റിയിൽ കുറിയിടാനെന്ന ഭാവത്തിൽ ഇയാൾ മുന്നോട്ടു വന്നു. അപ്രതീക്ഷിതമായി ഇയാ കൈകളിൽ കടന്നുപിടിച്ച് അക്രമിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി പറഞ്ഞത്.

ആദ്യമൊന്ന് പേടിച്ച കുട്ടി ധൈര്യം വീണ്ടെടുത്ത് അക്രമിയെ തള്ളിമാറ്റി ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് അടുത്ത വീട്ടിലെത്തി കാര്യം അറിയിച്ചു. 

അതേസമയം തലസ്ഥാനത്ത് പട്ടാപ്പകൽ നടന്ന ആക്രമണം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.  സംഭവ സമയം കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയിരുന്നു.

മോഡല്‍ പരീക്ഷയായതിനാല്‍ വീട്ടിൽ കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. ഇക്കാര്യം അറിയാവുന്ന വ്യക്തിയാണ് പ്രതിയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

Related posts

Leave a Comment