കൊല്ലം: പുനലൂരിൽ തോട്ടത്തിലെ റബർ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച ജീർണിച്ച അജ്ഞാത മൃതദേഹം കണ്ടെത്തി. പുനലൂർ മുക്കടവ് പാലത്തിന് സമീപം ആളുകേറാമലയിലെ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.തോട്ടത്തിൽ മുളക് ശേഖരിക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
കൈകാലുകൾ വലിയ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് ബന്ധിച്ച് മരത്തിൽ പൂട്ടിയ നിലയിൽ തറയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രണ്ടാഴ്ചയോളം പഴക്കമുണ്ട്. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മുക്കടവ് പാലത്തിന് സമീപത്ത് നിന്നും അര കിലോമീറ്റർ അകലെയാണ് ഒറ്റപ്പെട്ട ഈ റബർ തോട്ടമുള്ളത്.
അടുത്ത കാലത്ത് ടാപ്പിംഗ് ഇല്ലാത്ത തോട്ടമാണിത്. പുനലൂർ എസ്എച്ച്ഒ ടി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പുനലൂർ പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. കൊല്ലത്ത് നിന്ന് ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വിസ്റ്റ് നടത്തി മൃതദേഹം പാരിപ്പള്ളി ആശുപത്രിയിലേക്ക് മാറ്റി.