ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്ന് ദീപ നിശാന്ത്, ചാലക്കുടിയില്‍ ഇന്നസെന്റിന് പകരം ദീപയെ മത്സരിപ്പിക്കാനുള്ള സിപിഎം പദ്ധതി കവിത വിവാദത്തില്‍ കെട്ടടങ്ങി, ദീപയുടെ പ്രതികരണം ഇങ്ങനെ

ദീപ നിശാന്ത് സിപിഎം സ്ഥാനാര്‍ഥിയായി ചാലക്കുടിയില്‍ നിന്നോ മറ്റേതെങ്കിലും മണ്ഡലത്തില്‍ നിന്നോ ലോക്‌സഭയിലേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഏറെകാലമായി നിലനിന്നിരുന്നു. സിപിഎം സഹയാത്രികയായ ദീപ കവിത മോഷ്ടിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടതോടെ ലോക്‌സഭ മോഹം അവസാനിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം വിഷയത്തില്‍ ദീപ മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.

ദീപ പറയുന്നതിങ്ങനെ- ഞാന്‍ ഈ വാര്‍ത്തയൊന്നും അറിഞ്ഞിട്ടില്ല. ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ വേണ്ടിയല്ല ഇതുവരെ ശ്രമിച്ചതെന്നും ഇങ്ങനെയൊരു ഉദ്ദേശം എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ഇടത് സ്വതന്ത്രയായി ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനുള്ള അവസരം നഷ്ടമായി എന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

ചാലക്കുടി മണ്ഡലത്തില്‍ ഇന്നസെന്റ് എംപിക്ക് പകരം ദീപാ നിശാന്തിനെ മത്സരിപ്പിക്കാന്‍ സിപിഎം കേന്ദ്രങ്ങള്‍ പദ്ധതിയിട്ടിരുന്നതായും ഇതിന് ദീപ അനുകൂല നിലപാട് സ്വീകരിച്ചിരുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. അതേസമയം ഇടതുമുന്നണി ദീപയുടെ പേര് ശക്തമായി പരിഗണിച്ചിരുന്നുവെന്ന വസ്തുത ശരിയാണെന്നും എന്നാല്‍ വിവാദം വന്നപ്പോള്‍ പാര്‍ട്ടി നിലപാട് മാറ്റുകയായിരുന്നുവെന്നും അവരുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.

Related posts