തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടു പിടിക്കാന്‍ വേറിട്ട തന്ത്രവുമായി അരവിന്ദ് കെജരിവാള്‍ ! മദ്യത്തിന്റെ വില കുറയ്ക്കാനുള്ള നീക്കം തകൃതി…

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടു പിടിക്കാന്‍ വേറിട്ട തന്ത്രവുമായി അരവിന്ദ് കെജരിവാള്‍. മദ്യ വിലക്കുറവിന്റെ കാര്യത്തില്‍ നിലവില്‍ മുന്‍നിരയിലുള്ള ഡല്‍ഹിയില്‍ 25 ശതമാനത്തോളം പ്രമുഖ ബ്രാന്‍ഡുകളുടെ മദ്യത്തിന് വിലകുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. മദ്യത്തിന് വന്‍ വിലക്കുറവുണ്ടാക്കുന്ന തരത്തില്‍ എക്സൈസ് പോളിസി പൊളിച്ചെഴുതാന്‍ അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞെന്നാണ് സൂചന.

വിദേശ ബ്രാന്‍ഡുകളിലാകും വലിയ വില വ്യത്യാസം പ്രകടമാകുക. എക്സൈസ് തീരുവ, ഇറക്കുമതി ചുങ്കം, അടിസ്ഥാന വില, മറ്റ് നികുതികളടക്കമുള്ളവയില്‍ മാറ്റം വരുന്ന പരിഷ്‌കാരങ്ങളാണ് ലക്ഷ്യം വെയ്ക്കുന്നത്. തീരുമാനം നടപ്പായാല്‍ രാജ്യത്തെ തന്നെ ഏറ്റവും വിലക്കുറവില്‍ മദ്യം ലഭിക്കുന്ന ഇടമായി ഡല്‍ഹി മാറും. മദ്യപാനികളുടെ പ്രിയ ബ്രാന്‍ഡുകളായ ഷിവാസ് റീഗല്‍, ജോണി വാക്കര്‍ ബ്ലാക്ക് ലേബല്‍ തുടങ്ങിയവയ്ക്കൊക്കെ വന്‍ വിലക്കുറവുണ്ടാകും. ഇരുപത്തിയഞ്ച് ശതമാനത്തോളം വിലക്കുറവാണ് ലക്ഷ്യമിടുന്നത്.

അയല്‍സംസ്ഥാനങ്ങളിലെ മദ്യ വില്‍പ്പനയുമായി വലിയ വ്യത്യാസമുണ്ടായാല്‍ അത് തലസ്ഥാനത്തെ വില്‍പ്പനയ്ക്ക് നേട്ടമാകുമെന്ന വിലയിരുത്തലിലാണ് നീക്കം. നികുതി പരിഷ്‌കാരം സാധ്യമായാല്‍ അബ്സല്യൂട്ട് വോഡ്ക ഫുള്‍ 1400 രൂപയ്ക്ക് കിട്ടുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിലവില്‍ 1800 രൂപയാണ് വില. ഷിവാസ് റീഗലിന്റെ വില 3850 ല്‍ നിന്ന് 2800 യിലേക്ക് വരെ എത്താമെന്നും ഇവര്‍ ചൂണ്ടികാട്ടുന്നു.

മദ്യഷോപ്പുകള്‍ ‘സ്റ്റോക്ക് മുക്കുന്നത’് ഒഴിവാക്കാന്‍ അതിനിടെ ഏതൊക്കെ മദ്യം സ്റ്റോക്കുണ്ടെന്ന് വ്യക്തമാക്കുന്ന വിലവിവര പട്ടിക എല്‍ഇഡി സ്‌ക്രിനില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം ഡല്‍ഹിയിലെ മദ്യ ഷോപ്പുകള്‍ക്ക് സര്‍ക്കാര്‍ നല്‍കികഴിഞ്ഞു. ഫുളിന് 360 മുതല്‍ 440 രൂപ വരെയുള്ള ബ്രാന്‍ഡുകള്‍ പലപ്പോഴും ലഭിക്കാറില്ലെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെയാണിത്. എന്തായാലും ഡല്‍ഹി സര്‍ക്കാരിന്റെ പൂഴിക്കടകന്‍ അയല്‍ സംസ്ഥാനങ്ങളിലെ മദ്യവില്‍പ്പനയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

Related posts