ആട്ടിറച്ചി ജയില്‍പുള്ളികളില്‍ കുറ്റവാസന കൂട്ടുന്നു ! ജയിലില്‍ ആട്ടിറച്ചി നിരോധിക്കണമെന്ന് ജയില്‍ ഡിജിപി; കേട്ടഭാവം നടിക്കാതെ സര്‍ക്കാര്‍;മറ്റു സംസ്ഥാനങ്ങളിലെ ജയിലുകളില്‍ സസ്യാഹാരം മാത്രം

സംസ്ഥാനത്തെ ജയിലുകളിലെ ഭക്ഷണമെനുവില്‍ നിന്ന് ആട്ടിറച്ചി മാറ്റണമെന്നാവശ്യപ്പെട്ട ജയില്‍ ഡിജിപി ആര്‍. ശ്രീലേഖ. എന്നാല്‍ ഇതു സംബന്ധിച്ച് ശ്രീലേഖ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ ഇതുവരെയായും പരിഗണിച്ചിട്ടില്ല എന്നതാണ് മറ്റൊരു വിരോധാഭാസം. അമിത കൊഴുപ്പടങ്ങിയ ആട്ടിറച്ചി അകത്തു ചെല്ലുന്നത് ക്രിമിനല്‍ മാനസികാവസ്ഥയുള്ള തടവുകാരുടെ കുറ്റവാസന കൂട്ടുമെന്ന് ശ്രീലേഖ പറയുന്നുണ്ടെങ്കിലും ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ കണ്ണടയ്ക്കുകയാണ്. വിദേശത്ത് നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിപി ഇക്കാര്യം പറഞ്ഞത്.

തടവുകാര്‍ക്ക് ആട്ടിറച്ചി കൊടുക്കുന്നതു വഴിയുണ്ടാകുന്ന ഭീമമായ ഭക്ഷണച്ചെലവ് കുറയ്ക്കുന്നതിനു കൂടിയാണ് കുറച്ചുനാള്‍ മുമ്പ് ഡിജിപി സര്‍ക്കാരിനു മുമ്പില്‍ ഇങ്ങനെയൊരു നിര്‍ദ്ദേശം വച്ചത്. ആഴ്ചയില്‍ രണ്ടു ദിവസം മീനും ഒരു ദിവസം ആട്ടിറച്ചിയുമാണ് ജയിലുകളില്‍ ഇപ്പോള്‍ നല്‍കി വരുന്ന സസ്യേതര ഭക്ഷണം. 140 ഗ്രാം മീനും 100 ഗ്രാം ആട്ടിറച്ചിയുമാണ് നല്‍കുന്നത്. ഒരു തടവുകാരന് ഏകദേശം 150ഗ്രാം മട്ടണ്‍ കറി കിട്ടും. ഒരു കിലോ ആട്ടിറച്ചിക്ക് 500-650 രൂപ വിലയുണ്ട്.

ആട്ടിറച്ചിയ്ക്കു പകരം കോഴിയിറച്ചിയാവാമെന്നും ശിപാര്‍ശയുണ്ട്. മുട്ട കൊടുത്താല്‍ മതിയാവുമെന്ന നിലപാടിലാണ് മറ്റു പല ഉന്നത ജയില്‍ ഉദ്യോഗസ്ഥരും. ഓരോ വര്‍ഷവും ആട്ടിറച്ചിയ്ക്കായി വന്‍തുകയാണ് ചെലവിടുന്നത്. തടവുകാര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ഏറ്റവുമധികം പണം ചെലവിടുന്ന സംസ്ഥാനവും കേരളമാണ്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും സസ്യാഹാരമാണ് നല്‍കുന്നത്. ഇവിടെയൊക്കെ ജയില്‍ വകുപ്പു തന്നെയാണ് വിവിധ ജോലികളില്‍ കൂടി ഭക്ഷണത്തിനു പണം കണ്ടെത്തുന്നത്. മിക്ക സംസ്ഥാനങ്ങളിലും ജയിലുകളില്‍ പ്രഭാതഭക്ഷണമായി ചായ മാത്രമാണ് നല്‍കാറുള്ളതെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതു സംബന്ധിച്ച് സര്‍ക്കാരിന് വീണ്ടും കത്തയ്ക്കാനാണ് ശ്രീലേഖയുടെ തീരുമാനം.

Related posts