എന്റെ വീട്ടിലെ കട്ടിലും എസിയുമെല്ലാം വാങ്ങിത്തന്നത് ദിലീപേട്ടനാണ്; എനിക്ക് അത് മറക്കാന്‍ പറ്റില്ല; ദിലീപ് ജയില്‍ മോചിതനായ ദിവസം കരഞ്ഞതിനെക്കുറിച്ച് ധര്‍മജന്‍ മനസു തുറക്കുന്നു

 

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ ദിലീപിനെ പിന്തുണച്ചു മുന്‍പന്തിയില്‍ നിന്നയാളായിരുന്നു ധര്‍മജന്‍ ബോള്‍ഗാട്ടി. ദിലീപ് ജയില്‍ മോചിതനായ ദിവസം ധര്‍മജന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞത് വാര്‍ത്തയായിരുന്നു. അന്ന് കരഞ്ഞതിനെക്കുറിച്ച് ഇപ്പോള്‍ ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ധര്‍മജന്‍ തുറന്നു പറയുന്നു. അന്ന് കരഞ്ഞതിനെപ്പറ്റി ധര്‍മജന്‍ പറയുന്നതിങ്ങനെ…അന്ന് ദിലീപേട്ടനെ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞെന്ന് പറഞ്ഞ് ട്രോള്‍ ഒക്കെ വന്നിരുന്നല്ലോ.. എനിക്ക് ദിലീപേട്ടനെ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം കൊണ്ട് കരഞ്ഞു പോയതാണ്.

എനിക്ക് ദിലീപേട്ടനുമായുള്ളത് അത്രയും വലിയ അടുപ്പമാണ്. വെറും സൗഹൃദം മാത്രമല്ല അത്. സ്വന്തം ചേട്ടനെ പോലെ തന്നെയാണ് എനിക്ക് ദിലീപേട്ടന്‍. എന്നെ സിനിമയില്‍ കൊണ്ടു വന്നത് ദിലീപേട്ടനാണ്. പലപ്പോഴും താങ്ങായും തണലായും നിന്നിട്ടുണ്ട്. ആ ബന്ധം അങ്ങനെ വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ല. എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ അദ്ദേഹം അന്വേഷിക്കും. പുതിയ വീട് വച്ചപ്പോള്‍ സമ്മാനങ്ങള്‍ വാങ്ങിത്തന്നു. എന്റെ വീട്ടിലെ കട്ടിലും എസിയുമൊക്കെ ദിലീപേട്ടന്‍ വാങ്ങിത്തന്നതാണ് ധര്‍മജന്‍ പറഞ്ഞു.പാപ്പി അപ്പച്ചന്‍ എന്ന ചിത്രത്തിലൂടെ ദിലീപാണ് ധര്‍മജന് അവസരം നല്‍കിയത്. തുടര്‍ന്ന് മൈ ബോസ്, സൗണ്ട് തോമ, വില്ലാളി വീരന്‍, ലൈഫ് ഓഫ് ജോസൂട്ടി, വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ധര്‍മജന്‍ ദിലീപിനൊപ്പം അഭിനയിച്ചു. കൂടാതെ ഒത്തിരി സ്‌റ്റേജ് ഷോകളും ഇരുവരും ഒന്നിച്ച് ചെയ്തിട്ടുണ്ട്. ഇതിന്റെയൊക്കെ നന്ദി എപ്പോഴും തനിക്കുണ്ടാവുമെന്നും ധര്‍മജന്‍ പറഞ്ഞു.

 

Related posts