വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നടന് ധര്മജന് ബോള്‍ഗാട്ടി ആയിരിക്കുമെന്ന കാര്യം ഏകദേശം തീരുമാനമായിരിക്കുകയാണ്.
പ്രാദേശികമായി വരുന്ന എതിര്‍പ്പുകളെ അവഗണിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. തന്റെ സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറച്ച സാഹചര്യത്തില്‍ രാഷ്ട്രീയ പ്രസ്താവനകളുമായി ധര്‍മജനും കളം നിറയുകയാണ്.
ഇതിനായി കാലങ്ങളായി കേരളം വെച്ചുപുലര്‍ത്തിയ ചില ധാരണകള്‍ തന്നെ മാറ്റുകയാണ് ധര്‍മ്മജനും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് കലാകാരന്മാരുടെ ഉറവിടമെന്ന് ചിന്തിക്കുന്നത് ശരിയല്ലെന്നും ഒരു സര്‍വ്വേ നടത്തിയാല്‍ ഏറ്റവും കൂടുതല്‍ കലാകാരന്മാര് ഉള്ളത് കോണ്‍ഗ്രസിലാണെന്നും ധര്മജന് വ്യക്തമാക്കി.
കോണ്‍ഗ്രസ്സിലുള്ള കലാകാരന്മാരുടെ പേര് എടുത്ത് പറയില്ല. സിനിമയില്‍ നിന്ന് കൂടുതല്‍ ആളുകള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ധര്മജന് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിനിമയിലും മിമിക്രിയിലും മാത്രമേ താന്‍ ചിരിക്കാറുള്ളൂവെന്നും രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. തെന്നും മരിക്കുന്നതു വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കുമെന്നും ധര്മജന് പറയുന്നു.
കോളേജ് കാലം മുതല്‍ കെ.എസ്.യുവിന്റെ സജീവപ്രവര്‍ത്തകനാണ് താന്‍. കെ.എസ്.യു ജില്ലാ സെക്രട്ടറിയായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങിയകാലം മുതല്‍ സേവാദള്‍ എന്ന സംഘടനയോട് ആഭിമുഖ്യമുണ്ട്.
എന്റെ നാട്ടില്‍ പാലം വരുന്നതിന് മുന്‍പ് വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു പ്രദേശമായിരുന്നു. എന്നാല്‍ കുടിവെള്ള പ്രശ്നം ഉണ്ടായിരുന്നു. കുടിവെള്ളത്തിനായി സമരം ചെയ്ത് ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്. ധര്മജന് പറയുന്നു.
രാഷ്ട്രീയം സിനിമ മീന്‍ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. രാഷ്ട്രീയക്കാര്‍ സിനിമയും കാണും മീനും തിന്നും. അതുകൊണ്ടു തനിക്കും മൂന്നും ഒരുപോലെയാണ്.
താരസംഘടനയായ അമ്മയില്‍ രാഷ്ട്രീയമില്ലെന്നും ധര്മ്മജന് പറഞ്ഞു. അമ്മയില്‍ രാഷ്ട്രീയം ഇല്ല. അഥവാ രാഷട്രീയം വന്നാല്‍ താന്‍ ഇടപെടും.
ധര്മജന് എന്ന പേരിനോട് തനിക്ക് കുട്ടിക്കാലത്ത് ഇഷ്ടക്കുറവുണ്ടായിരുന്നുവെന്നും പിന്നീട് ആ ദേഷ്യം പതിയെ ഇല്ലാതായെന്നും താരം പറയുന്നു.

