വന്‍ആഘോഷമായി നടത്താനിരുന്ന വിവാഹ സല്‍ക്കാരം ഉപേക്ഷിച്ചു ! സല്‍ക്കാരത്തിനായി കരുതിവെച്ച 16 ലക്ഷം രൂപ ജവാന്മാരുടെ കുടുംബത്തിന്; മാതൃകാപരമായ പ്രവൃത്തിയുമായി സാംഗ്വി കുടുംബം

പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച ജവാന്മാരുടെ കുടുംബത്തിന് സഹായവുമായി നിരവധി ആളുകള്‍ എത്തുന്നുണ്ട്.സര്‍ക്കാരും സഹായവുമായി പല നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. സൂറത്തില്‍ നിന്നുള്ള സേത്ത് കുടുംബവും ഭീകരാക്രമണത്തില്‍ ഇരയായവരുടെ കുടുംബത്തിന് കൈത്താങ്ങാവുകയാണ്. സേത്ത് കുടുംബത്തിലെ ഇളം തലമുറയിലെ അമിയുടെയും സാംഗ്വി കുടുംബത്തിലെ മീട്ടിന്റെയും വിവാഹമായിരുന്നു കഴിഞ്ഞ 15ന്. വിവാഹത്തിന് തലേദിവസം ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് വിവാഹ ആഘോഷ പരിപാടികള്‍ എല്ലാം ഇവര്‍ വേണ്ടെന്നു വെക്കുകയായിരുന്നു.

വിവാഹ സല്‍ക്കാരത്തിനും ആഘോഷങ്ങള്‍ക്കുമായി കരുതിയ 11 ലക്ഷം രൂപ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിനായി സംഭാവന ചെയ്തു. മാത്രമല്ല ജവാന്മാരുടെ കുടുംബത്തിന് വേണ്ടി പ്രവൃത്തിക്കുന്ന സന്നദ്ധ സംഘടനയ്ക്ക് അഞ്ച് ലക്ഷം രൂപയും നല്‍കി. ഇരുകുടുംബങ്ങളും വജ്രവ്യാപാര രംഗത്തെ പ്രമുഖരാണ്. പലര്‍ക്കും പ്രചോദനമാവുന്നതാണ് ഈ കുടുംബങ്ങളുടെ ഇപ്പോഴത്തെ പ്രവൃത്തി. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ 40 സൈനികരാണ് മരണമടഞ്ഞത്.

Related posts