ഇന്ത്യ എതു നിമിഷവും പ്രത്യാക്രമണം നടത്തുമെന്ന് ഉറപ്പായതോടെ ഭയന്ന് പാകിസ്ഥാന്‍ ! ഇത്തവണ ആലോചിക്കുന്നത് ആളില്ലാ വിമാനങ്ങള്‍ വഴിയുള്ള ആക്രമണം;വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ പിന്‍വലിക്കും; ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഇന്ത്യയിലേക്ക്…

പുല്‍വാമയില്‍ മരണമടഞ്ഞ 40 ജവാന്മാരുടെ ജീവന് പകരം ചോദിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ പാകിസ്ഥാന്‍ നീങ്ങുന്നത് കരുതലോടെ. രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം പാകിസ്ഥാന് തിരിച്ചടി നല്‍കണമെന്ന് ഒരേ സ്വരത്തില്‍ പറയുമ്പോള്‍ രണ്ടും കല്‍പ്പിച്ച് സര്‍ക്കാരും മുന്നോട്ടു നീങ്ങുകയാണ്.സാമ്പത്തികമായി നയതന്ത്രപരമായും പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് തിരിച്ചടിക്കാന്‍ ഉചിതമായി നടപടി കൈക്കൊള്ളാമെന്നും വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും തിരിച്ചടി ഉണ്ടാകുമെന്ന് ഉറപ്പായതോടെ പാക്കിസ്ഥാനും മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്തുന്ന സാഹചര്യം മുന്നില്‍ കണ്ട് ഭീകരകേന്ദ്രങ്ങള്‍ ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 ജവാന്മാരുടെ ജീവന് പകരം ചോദിക്കുന്നത് ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിലൂടെയായിരിക്കുമെന്ന് സൂചനയാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്നത്. ഒരിക്കല്‍ പരീക്ഷിച്ച മിന്നലാക്രമണം ആവര്‍ത്തിക്കുന്നത് ആത്മഹത്യാപരമാകുമെന്ന കണക്കുകൂട്ടലിലാണിത്. ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ പാക് സൈന്യവും ഭരണകൂടവും ജാഗ്രതയിലാണ്. അതിര്‍ത്തി ലംഘിക്കുന്നത് യുദ്ധത്തിലേക്കടക്കം നയിക്കുമെന്നതിനാല്‍ അക്കാര്യത്തിലും കരുതലോടെ നീങ്ങാനാണ് സൈനികതീരുമാനം. ആണവായുധങ്ങള്‍ ഇന്ത്യ ഉപയോഗിച്ചില്ലെങ്കിലും പാക്കിസ്ഥാന്‍ ഉപയോഗിച്ചേക്കുമെന്നതിനാല്‍ അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണകൂടി ആര്‍ജിച്ച ശേഷമാവും കൂടുതല്‍ നീക്കം.

വെള്ളിയാഴ്ച രാവിലെനടന്ന യോഗത്തില്‍, തിരിച്ചടിക്കാനുള്ള സമയവും സ്ഥലവും സ്വഭാവവും സംബന്ധിച്ച് തീരുമാനിക്കാന്‍ സൈനികമേധാവിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യം നല്‍കിയിരുന്നു. അതിനിടെ, ഓരോ തുള്ളി കണ്ണീരിനും പകരംചോദിക്കുമെന്ന് പ്രധാനമന്ത്രി ശനിയാഴ്ചയും ആവര്‍ത്തിച്ചു. ഈ വിശ്വാസം കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള ആക്രമണത്തിനാണ് ഉന്നത സൈനികതലത്തില്‍ പദ്ധതി ആസൂത്രണംചെയ്യുന്നത്. തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ കരസേനയുടെ നേതൃത്വത്തില്‍ എല്ലാ സേനകളെയും ഏകോപിപ്പിച്ച് ആളില്ലാവിമാനം ഉപയോഗിച്ചുള്ള ആക്രമണമായിരിക്കും ഉണ്ടാവുകയെന്ന് ഉന്നത സൈനികവൃത്തങ്ങള്‍ സൂചിപ്പിച്ചു. മിന്നലാക്രമണത്തിന് സമാനമായ ഇത് കൂടുതല്‍ സുരക്ഷിതമായിരിക്കും.

അന്താരാഷ്ട്രതലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്രം. ഭീകരര്‍ക്ക് സഹായം നല്‍കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് അമേരിക്ക വെള്ളിയാഴ്ച പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ 48 രാജ്യങ്ങളും ഇന്ത്യക്ക് പിന്തുണയറിയിച്ചു. നയതന്ത്രതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തിയ ശേഷമാവും ഇന്ത്യയുടെ പഴുതടച്ചനീക്കമെന്നാണ് വിലയിരുത്തല്‍. പാക്കിസ്ഥാനെതിരായ നീക്കങ്ങളെക്കുറിച്ച് ഡല്‍ഹിയിലും ശ്രീനഗറിലും ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഉന്നതതലയോഗം നടന്നു.

ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തരസെക്രട്ടറി രാജീവ് ഗൗബ, റോ മേധാവി എ.കെ. ദാസമന, ഐ.ബി. അഡീഷണല്‍ ഡയറക്ടര്‍ അരവിന്ദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതേസമയം സൈന്യത്തോട് ഒരുങ്ങിയിരിക്കാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതിന്റ ഭാഗമായി കരസേനയില്‍ അവധിയില്‍പോയവരെ തിരിച്ചുവിളിച്ചു തുടങ്ങി.

മറ്റ് സൈനികവിഭാഗങ്ങളിലോ സിആര്‍പിഎഫ്. പോലുള്ള അര്‍ധസൈനികവിഭാഗങ്ങളിലോ തിരിച്ചുവിളിക്കല്‍ തുടങ്ങിയിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ ഉത്തരവിറങ്ങുമെന്നാണ് വിവരം. കശ്മീരില്‍ ഹുറിയത്ത് കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള വിഘടനവാദി സംഘടനകളുടെ നേതാക്കള്‍ക്ക് സുരക്ഷയുടെ പേരില്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള സംരക്ഷണം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗവും സര്‍ക്കാരിന് സര്‍വ്വ പിന്തുണയും പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ ഐക്യം കാത്തുസംരക്ഷിക്കുന്നതിന് നിര്‍വ്യാജം പ്രവര്‍ത്തിക്കുന്ന സൈനിക ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യോഗത്തില്‍ പ്രമേയം പാസാക്കി. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ 40 ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവത്തെ യോഗം ശക്തമായി അപലപിച്ചു. പാക്കിസ്ഥാനെ പേരെടുത്തു പരാമര്‍ശിച്ചില്ലെങ്കിലും അതിര്‍ത്തി കടന്നെത്തുന്ന ഭീകരവാദത്തെ അയല്‍രാജ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായി യോഗം വിലയിരുത്തി. ഈ വെല്ലുവിളികളെ നേരിടാനുള്ള ദൃഢനിശ്ചയത്തില്‍ രാജ്യത്തെ എല്ലാവര്‍ക്കും ഒരൊറ്റ ശബ്ദമായിരിക്കും.

ഭീകരവാദത്തിനെതിരെ പോരാടുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനും സൈനികര്‍ക്കൊപ്പം എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രമേയത്തില്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ജ്യോതിരാദിത്യ സിന്ധ്യ, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, സിപിഐ നേതാവ് ഡി.രാജ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

Related posts