ദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി; കോടതി നിരീക്ഷണം ഇങ്ങനെ…

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പ്രതിയും നടനുമായ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കൃത്യമായ അന്വേഷണം നടന്ന് കുറ്റപത്രം സമർപ്പിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി വിധി. നേരത്തെ സമാന ആവശ്യമുന്നയിച്ച് ദിലീപിന്‍റെ അമ്മ സമർപ്പിച്ചിരുന്ന ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു.

പോലീസ് പക്ഷപാതപരമായി അന്വേഷിച്ച് തന്നെ പ്രതിയാക്കിയെന്നായിരുന്നു ദിലീപിന്‍റെ പരാതി. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് അന്വേഷണ സംഘം തന്നെ പ്രതിപ്പട്ടികയിൽ ചേർത്തത്. നിർമാതാവായ ലിബർട്ടി ബഷീറും സംവിധായകൻ ശ്രീകുമാർ മേനോനും തന്നെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നും ദിലീപ് പരാതിപ്പെട്ടിരുന്നു.

ഏത് ഏജൻസി കേസ് അന്വേഷിക്കണമെന്ന് പ്രതിക്ക് ആവശ്യപ്പെടാൻ കഴിയില്ലെന്നും കേസിന്‍റെ വിചാരണ വൈകിപ്പിക്കാൻ ദിലീപ് ബോധപൂർവം മേൽക്കോടതികളിൽ ഹർജികൾ നൽകുകയാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ നിലപാട്. ഈ വാദം അംഗീകരിച്ചാണ് ദിലീപിന്‍റെ ഹർജി തള്ളിയത്.

ശ്രീകുമാർ മേനോൻ, ലിബർട്ടി ബഷീർ എന്നിവർക്കെതിരേ ദിലീപ് ഉന്നയിക്കുന്ന ആരോപണങ്ങളിൽ തെളിവൊന്നുമില്ലെന്ന് നിരീക്ഷിച്ച കോടതി കേസ് ഡയറി പരിശോധിക്കുന്പോൾ കൃത്യമായ അന്വേഷണമാണ് നടന്നതെന്നും വ്യക്തമാകുമെന്നും നിരീക്ഷിച്ചു.

Related posts