അയോധ്യ(യുപി): ദീപാവലിയുടെ ഭാഗമായി അയോധ്യയിൽ 28 ലക്ഷം ദീപം തെളിയും! രാമക്ഷേത്ര ഉദ്ഘാടനത്തിനുശേഷമുള്ള ആദ്യ ദീപാവലി ആഘോഷമാക്കുന്നതിലൂടെ ലോക റിക്കാർഡും ഇതുവഴി ലക്ഷ്യമിടുന്നു.
നാളെ വൈകുന്നേരമാണ് വിളക്കു തെളിക്കുക. സരയൂ നദിക്കരയിൽ 28 ലക്ഷം മൺചിരാതുകൾ കത്തിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ഓരോ ചിരാതിലും മുപ്പതു മില്ലി കടുകെണ്ണയാണ് നിറയ്ക്കുക. പരിസ്ഥിതി സംരക്ഷണവും ദീപാവലി ആഘോഷത്തിൽ ഉയർത്തിപ്പിടിക്കും.
കഴിഞ്ഞ വർഷം സരയൂ നദിക്കരയിൽ 25 ലക്ഷം വിളക്കുകൾ കൊളുത്തി ലോക റിക്കാർഡ് സൃഷ്ടിച്ചിരുന്നു. ഇതു തിരുത്താനാണു ശ്രമം. മൺചിരാതുകളിൽ വെളിച്ചം പകരുന്നതിനായി 30,000 വോളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സ് അധികൃതരും ചടങ്ങിൽ പങ്കെടുക്കും.
ഇന്നു മുതൽ നവംബർ ഒന്നുവരെ രാത്രിയിലും രാമക്ഷേത്രത്തിൽ ദർശനത്തിനു സൗകര്യമുണ്ടാകും. പ്രത്യേക പുഷ്പാലങ്കാരം ക്ഷേത്രത്തിൽ നടത്തും.