കൊല്ലം: കൊട്ടാരക്കര ഗവ. ആശുപത്രിയില്‍ പ്രതി സന്ദീപിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഡോ. വന്ദനാ ദാസിനെ ആശുപത്രിയിലേക്ക് പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പില്‍ കൊണ്ടുപോയത് താനാണെന്നു കേസിലെ സാക്ഷിയായ പോലീസ് ഡ്രൈവര്‍ ബിനീഷ് കോടതിയില്‍ മൊഴി നല്കി. കൊല്ലം അഡീ. സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെ നടന്ന സാക്ഷി വിസ്താരത്തിലാണ് മൊഴി നല്‍കിയത്.
ആശുപത്രിയിലെ കാഷ്വാലിറ്റി ഏരിയയില്‍ പ്രതി മറ്റ് ആളുകളെ ആക്രമിച്ച സമയം താന്‍ പ്രതിയെ കീഴടക്കാന്‍ ശ്രമിച്ചതായും സാക്ഷി വെളിപ്പെടുത്തി. പ്രതിയുടെ അക്രമങ്ങളെ തടയുവാന്‍ ശ്രമിക്കുന്നതും വന്ദനാ ദാസിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതും ഉള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ സാക്ഷി തിരിച്ചറിഞ്ഞു.
ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ പ്രതിയുടെ മുറിവുകള്‍ ഡോ. ഷിബിനും വന്ദനാ ദാസും പരിശോധിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന ജീവനക്കാരി ജയന്തിയെയും കോടതിയില്‍ വിസ്തരിച്ചു.
കൊട്ടാരക്കര ഗവ. ആശുപത്രിയിലെ പ്രൊസീജര്‍ റൂമില്‍ പ്രതിയെ ഡോക്ടര്‍മാര്‍ പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പ്രതി തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നതു കോടതിയില്‍ പ്രദര്ശിപ്പിക്കുവാന് കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി പടിക്കല്‍ അനുവാദം തേടി. തുടര്‍ന്ന് കോടതിയില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങള്‍ സാക്ഷി തിരിച്ചറിഞ്ഞു.
വന്ദനാ ദാസിന്റെ സഹപാഠിയായിരുന്ന ഡോ. സുബീനയെയും വിസ്തരിച്ചു. ഗുരുതരാവസ്ഥയില്‍ ആയിരുന്ന വന്ദനയെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെച്ചപ്പെട്ട ആശുപത്രിയിലേക്കു കൊണ്ടുപോയ ആംബുലന്‍സില്‍ താനും ഉണ്ടായിരുന്നതായും വന്ദനയുടെ അവസ്ഥ വളരെ ഗുരുതരമായിരുന്നുവെന്നും സാക്ഷി കോടതിയില്‍ മൊഴി നല്കി. കേസിലെ തുടര്‍ വിസ്താരം 25ന് നടക്കും.