ചന്തയില്‍ ലേലം വിളിച്ച് വിലയ്ക്കു വാങ്ങുന്ന കുതിരക്കച്ചവടത്തിന് ഇപ്പോഴും ജനാധിപത്യം എന്നു തന്നെയാണോ പേര്! കര്‍ണാടകയിലെ രാഷ്ട്രീയ നാടകത്തില്‍ പ്രതിഷേധിച്ച് സംവിധായകന്‍ ഡോ ബിജു

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിഷേധവുമായി സംവിധായകന്‍ ഡോ. ബിജു. ചന്തയില്‍ ലേലം വിളിച്ച് വിലയ്ക്ക് വാങ്ങാന്‍ കഴിയുന്നത്ര നിലപാടില്ലാത്ത, ഭരിക്കുവാന്‍ ഓരോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അവസരം കൊടുക്കുന്ന കുതിരക്കച്ചവടത്തിന് ഇപ്പോഴും ജനാധിപത്യം എന്ന് തന്നെയാണോ പേരെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു.

പണത്തോടും അധികാരത്തോടും മാത്രം ആര്‍ത്തിയുള്ള വിവരം കെട്ട ഒരുകൂട്ടം ആളുകളെയാണ് ഒരു ജനാധിപത്യ രാജ്യത്ത് ഭരണാധികാരികളും നേതാക്കന്മാരുമായി ലഭിക്കുന്നതെങ്കില്‍ ആ രാജ്യത്തിന്റെ അവസ്ഥയെപ്പറ്റി പ്രത്യേകിച്ച് എന്ത് പറയാനാണെന്നും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നൊക്കെ മേനി പറയാന്‍ ഇനിയും നമുക്ക് നാണമാകില്ലേ എന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ബിജു ചോദിച്ചു.

104 എംഎല്‍എമാരുടെയും ഒരു സ്വതന്ത്ര എംഎല്‍എയുടെയും പിന്തുണയാണ് ബിജെപിക്കുള്ളത്. 222 അംഗ നിയമസഭയില്‍ 112 സീറ്റാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്കു വേണ്ടത്. രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബിജെപി മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ അധികാരമേല്‍ക്കുകയും ചെയ്തു.

15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ യെദിയൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ രാത്രി വൈകി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചത് കോണ്‍ഗ്രസിനു തിരിച്ചടിയായിരിക്കുകയാണ്.

Related posts