അയാള്‍ടെ ഇന്റര്‍നെറ്റ് കട്ട് ചെയ്‌തോ എന്തോ..? പാടില്ലായിരുന്നു ഒരിക്കലും ഞാനങ്ങനെ പറയാന്‍ പാടില്ലായിരുന്നു; സെന്‍കുമാറിന് തെളിവുകള്‍ സഹിതം മറുപടിയുമായി ഡോക്ടര്‍ ഷിംന അസീസ്

കോവിഡ് ഭീതി കേരളത്തിലും വ്യാപിച്ചതോടെ ഇതു സംബന്ധിച്ച വാഗ്വാദങ്ങളും വ്യാപകമായിരിക്കുകയാണ്. വ്യാജ പ്രചരണങ്ങളുമായി പലരും സജീവമായി രംഗത്തുണ്ട്.

ചിലരുടെ പ്രചരണങ്ങള്‍ ആളുകളുടെ ഭീതിയേറ്റുമ്പോള്‍ ചിലര്‍ വ്യാജ ചികിത്സയാണ് ഉപദേശിക്കുന്നത്.

മുന്‍ ഡിജിപി ടിപി സെന്‍കുമാറും സോഷ്യല്‍ മീഡിയയില്‍ സജീവമായ ഡോ. ഷിംന അസീസും തമ്മിലുള്ള വാഗ്വാദമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

സെന്‍കുമാറിന്റെ ആരോപണങ്ങളെ ഖണ്ഡിച്ചു കൊണ്ട് ഷിംന ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സെന്‍കുമാറിന്റെ ആരോപണങ്ങളെ ഷിംന തള്ളിക്കളഞ്ഞിരിക്കുന്നത്.

ഷിംനയുടെ ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ദിവസം ‘ഒരു മുന്‍ ഡി.ജി.പി ടെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഒന്നു കട്ട് ചെയ്യാവോ… കോവിഡ് 19 വൈറസ് ബാധ തടയുന്ന പ്രവര്‍ത്തനങ്ങളെ അത് വലിയ രീതിയില്‍ സഹായിക്കും.’ എന്ന് ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നു. പാടില്ലായിരുന്നു. ഒരിക്കലും ഞാനങ്ങനെ പറയാന്‍ പാടില്ലായിരുന്നു.

മനുഷ്യര്‍ക്ക് കാര്യവിവരം ഉണ്ടാവുന്നത് വായനയിലൂടെയുമാണെന്നും, വായന സാധ്യമാവണമെങ്കില്‍ ഇന്റര്‍നെറ്റ് ഒരു അവശ്യഘടകമാണെന്നും അറിഞ്ഞിട്ടും ഞാനങ്ങനെ പറയാന്‍ പാടില്ലായിരുന്നു. മിയ കുല്‍പ.

ആ പോസ്റ്റ് കണ്ട ആരോ അപ്പൊത്തന്നെ പോയി അയാള്‍ടെ ഇന്റര്‍നെറ്റ് കട്ട് ചെയ്‌തോ എന്തോ… അങ്ങനെ തോന്നാന്‍ കാരണം സെന്‍കുമാര്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ദേ ഇങ്ങനെ പറയുന്നത് കേട്ടു :


‘ഷിംന അസീസിന്റെ ഇതിനു മുന്‍പുള്ള ഫേസ്ബുക്കിലെ സ്റ്റേറ്റ്‌മെന്റ് നോക്കിക്കോളൂ… വാക്‌സിന്‍ ഉപയോഗിക്കരുത് എന്ന് പറഞ്ഞ് വലിയ പ്രചരണങ്ങള്‍ ഉണ്ടായിരുന്നു, അതിനെതിരെ ഇവര്‍ എന്തെങ്കിലും പറഞ്ഞോ…?

കുട്ടികള്‍ക്ക് ഒരുതരം വാക്‌സിന്‍ കൊടുക്കരുത് എന്ന് പറഞ്ഞുള്ള പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. ആ ഭാഗത്ത് തന്നെ. ഇതുവരെ അതിനെതിരെയുള്ള പ്രചരണത്തിന് കണ്ടിട്ടില്ല’.

ശരിയാണ്. ഇന്റര്‍നെറ്റ് കട്ട് ചെയ്താല്‍ പിന്നെ വായനയൊന്നും നടക്കൂല്ല ല്ലോ… ഫേസ്ബുക്കും ഒന്നും കാണാനും പറ്റൂല്ല. ഇത്തരം അബദ്ധധാരണകളൊക്കെ ഉണ്ടാവുന്നതും, അതൊക്കെ പത്രസമ്മേളനത്തില്‍ വിളമ്പുന്നതും വെറും സ്വാഭാവികം മാത്രം.

അതുകൊണ്ട് ആരെങ്കിലും ദയവായി സെന്‍കുമാറിന് യുദ്ധകാലാടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ പുനഃസ്ഥാപിച്ച് കൊടുക്കണം, എന്നിട്ട് അയാളോട് താഴെ നല്‍കിയിരിക്കുന്ന ലിങ്കുകളൊക്കെ ഒന്ന് സമാധാനമായി വായിച്ച് മനസ്സിലാക്കാനും പറയണം.

മറ്റൊന്നുമല്ല, കേരളത്തിലെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്തൊക്കെ ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ടെന്നും, എത്രയെതെ വീഡിയോ ചെയ്തിട്ടുണ്ടെന്നും, കേരളത്തിലെയും ദേശീയതലത്തിലുമായി എത്രയെത്ര മാധ്യമങ്ങളില്‍ എഴുതിയെന്നും ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ടെന്നുമൊക്കെ ഒരു ചെറിയ ധാരണ ലഭിക്കാന്‍ ഈ ലിങ്കുകള്‍ സഹായിക്കും.

മക്കള്‍ക്ക് ലൈവ് ആയി വാക്‌സിന്‍ നല്‍കുന്നതും, എന്തിനേറെ, വാക്‌സിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ പൊതുജനമധ്യത്തില്‍ സ്വയം വാക്‌സിനെടുത്ത് കാണിക്കേണ്ടി വന്നതുമൊക്കെ ഇതിലുണ്ട്.

ആദ്യ സെര്‍ച്ചില്‍ കിട്ടിയ പോസ്റ്റുകള്‍ അതുപോലെ എടുത്ത് തന്നെന്നേയുള്ളൂ…. ഇനിയും ഈ വിഷയത്തില്‍ സെന്‍കുമാറിന് എന്തെങ്കിലും അറിയണമെങ്കില്‍ ഒന്ന് ഗൂഗിള്‍ സെര്‍ച്ച് ചെയ്താലും മതി.

അതായത് www.google.com എന്ന വെബ്സൈറ്റില്‍ ചെന്ന് അവിടെ കാണുന്ന പെട്ടിയില്‍ ആവശ്യമുള്ളത് ടൈപ് ചെയ്ത് എന്റര്‍ അടിക്കുക.

എന്നിട്ട് കിട്ടുന്ന റിസല്‍റ്റുകളില്‍ അതത് വിഷയത്തില്‍ ആധികാരികമായ സോഴ്‌സുകളില്‍ നിന്നുള്ള കാര്യങ്ങള്‍ മാത്രം വായിച്ചു മനസ്സിലാക്കുക.
നന്ദി.

  • Dr. ഷിംന അസീസ്.

Related posts

Leave a Comment