ചലച്ചിത്രോത്സവത്തിന്റെ തിരക്കിലേക്ക് മരം പെയ്യുമ്പോള്‍

സിനിമാ പ്രേമികള്‍ക്കായി രാവും പകലും ഒരുക്കി അനന്തപുരി കാത്തിരിക്കുന്നത് ഏഴു ദിവസമാണ്. ചലച്ചിത്രോത്സവത്തിനു തിരിതെളിയുന്ന ആദ്യ ദിവസം മുതല്‍ മേള കഴിഞ്ഞ് അവസാനത്തെ ആളും നഗരം വിടും വരെ തിരുവനന്തപുരം അവര്‍ക്കായി ഇടമൊരുക്കും. അത്തരം ഒരുത്സവനാളിലേക്കു പോകാം. ചലച്ചിത്രോത്സവത്തിന്റെ ഉത്സവ ലഹരിയില്‍ ആടിത്തിമിര്‍ക്കുകയാണ് തിരുവനന്തപുരം നഗരം. ഈ തിരക്കിലേക്കാണ് ഡോ. സിജു വിജയന്റെ മരം പെയ്തിറങ്ങുന്നത്.

സിനിമയെ ജീവനോളം പ്രണയിച്ച, സിനിമയെ മാത്രം സ്വപ്നം കണ്ടു നടന്ന വിജയ് എന്ന ചെറുപ്പക്കാരന്റെയും വിജയ്യെ ജീവനോളം സ്നേഹിച്ച അശ്വതിയുടേയും ജീവിതവും സ്വപ്നവുമെല്ലാമാണ് സിജു തന്റെ മരം പെയ്യുമ്പോള്‍ എന്ന ഹ്രസ്വ ചിത്രത്തിലൂടെ പങ്കുവയ്ക്കുന്നത്. ഇതിനോടകം അയ്യായിരത്തോളം പേരാണ് മരം പെയ്യുമ്പോള്‍ കണ്ടു കഴിഞ്ഞത്. അന്താരാഷ്ട്ര ചലച്ചിത്ര മേളയെ കാന്‍വാസാക്കി മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ഷോര്‍ട് ഫിലിം എന്ന പ്രത്യേകതയും ചിത്രത്തെ വ്യത്യസ്തമാക്കുന്നു.

മരം പെയ്യുമ്പോള്‍…

കട്ടും സ്റ്റാര്‍ട്ടും ഒന്നുമില്ലാതെ, ജീവിതത്തില്‍ എന്നപോലെ നടക്കുന്ന ഒരു പ്രണയ കഥയാണ് മരം പെയ്യുമ്പോള്‍ എന്ന ഹ്രസ്വചിത്രം മുന്നോട്ടു വയ്ക്കുന്നത്. തികച്ചും സ്വാഭാവികമായ ചുറ്റുപാടില്‍ ഒരുക്കിയിട്ടുള്ള ഹ്രസ്വചിത്രം പറയുന്നത് ഒരു സിനിമാക്കാരന്റെ കഥയാണ്. ചലച്ചിത്രോത്സവത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. സിനിമ എന്ന സ്വപ്നത്തിനു പിന്നാലെ പായുന്നതിനിടയില്‍ നഷ്ടപ്പെട്ടു പോയ പ്രണയിനിയെ ചലച്ചിത്രോത്സവത്തിനിടയില്‍ വിജയ് കാണുന്നു. സ്വന്തം സിനിമയുടെ ആദ്യ പ്രദര്‍ശനം കാണാന്‍ എത്തിയ വിജയ്യുടെ മനസ് ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷകളില്‍ നിന്നു വിട്ട് അശ്വതിക്കു പിന്നാലെ പോകുന്നു.

എന്നാല്‍ ഒരിക്കല്‍ താന്‍ അനുഭവിച്ച വേദനകള്‍ അശ്വതിയെ വിജയ്യില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു. പക്ഷേ വിജയ്യുടെ സിനിമ ഇരുവര്‍ക്കുമിടയിലെ പ്രണയത്തെ വീണ്ടെടുക്കുകയാണ്. കഥാപാത്രങ്ങളായ അശ്വതിയും വിജയും ഓരോ ചലച്ചിത്രമേളയ്ക്കും ഇവിടെ വന്നുപോകുന്നവരുടെ കൂട്ടത്തില്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ സിജു വിജയന്‍ പറയുന്നു. സസ്പെന്‍സുകളോ സര്‍പ്രൈസുകളോ ഒന്നും ഒളിപ്പിച്ചുവയ്ക്കാനില്ലാത്ത മരം പെയ്യുമ്പോള്‍ എന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കാന്‍ കാരണമായത് ചിത്രത്തിന്റെ ലാളിത്യവും സ്വാഭാവികതയും ആണ്. തിരുവനന്തപുരം എന്ന നഗരത്തിന്റെ തിരക്കുകളെ അതിന്റെ എല്ലാ സ്വാഭാവികതകളോടും കൂടി അവതരിപ്പിച്ചു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണെന്ന് സിജു പറഞ്ഞു.

00000000000000000000000

ഒരു ദിവസത്തിനുള്ളില്‍ പാക്ക് അപ്പ്

വെറും ഒരു ദിവസത്തിനുള്ളിലാണ് മരം പെയ്യുമ്പോള്‍ എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ‘2017ലെ ഐഡിഎസ്എഫ്എഫ്കെയുടെ സമയത്താണ് മരം പെയ്യുമ്പോള്‍ എന്ന ഹ്രസ്വചിത്രം ചിത്രീകരിച്ചത്. അന്ന് എന്റെ വീല്‍ റ്റു റീല്‍ – എ ഡ്രീം ജേര്‍ണി എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനെത്തിയതായിരുന്നു. കൈരളി- ശ്രീ- നിള തിയറ്റര്‍ കോംപ്ലക്സില്‍ ആയിരുന്നു അന്ന് ഫെസ്റ്റിവല്‍ നടന്നത്. മുന്‍പും ചലച്ചിത്രോത്സവങ്ങള്‍ക്ക് വരുന്നതു കൊണ്ട് അതിന്റെ ഒരു ആംബിയന്‍സ് ഒക്കെ എനിക്ക് നിശ്ചയമുണ്ടായിരുന്നു. അവിടെ വച്ചാണ് മരം പെയ്യുമ്പോള്‍ എന്ന ഹ്രസ്വചിത്രത്തിന്റെ ആശയം എന്റെയുള്ളില്‍ വരുന്നത്. റിയലിസ്റ്റിക് ചിത്രം ആകുമ്പോള്‍ അതിന് വേറൊറു മൂഡ് സൃഷ്ടിച്ചെടുക്കാനും സാധിക്കും.

ഒപ്പം ഉണ്ടായിരുന്ന ടീം അംഗങ്ങളായ കാമറാമാന്‍ നവീനോടും നായകന്‍ ജെറിയോടും ആശയം പങ്കുവച്ചപ്പോള്‍ അവര്‍ക്കും നൂറുവട്ടം സമ്മതം. കാമറ കൈയിലുണ്ട്. അത്യാവശ്യം വേണ്ട ലെന്‍സും മറ്റുമെല്ലാം ഒപ്പിക്കാവുന്നതേയുള്ളൂ എന്നവര്‍ പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല എല്ലാവരും ഒരേ മനസോടെ ഒത്തു പിടിച്ചപ്പോള്‍ മരം പെയ്തിറങ്ങി. തിരുവനന്തപുരത്തുള്ള ഒരു സുഹൃത്തു വഴിയാണ് അശ്വതി വിജയന്‍ എന്ന നായികയെ കണ്ടെത്തിയത്. ഡോ. സജി കെ. പേരാമ്പ്രയും സൂര്യ സുധാ ഭാസ്‌കരനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഒരു അഡാറ് ലൗവിലെ ഗാനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ചുമടു താങ്ങി ബാന്‍ഡാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

0000000000000000000

അവര്‍ അറിയാതെ അവരെ പകര്‍ത്തിയപ്പോള്‍

ചലച്ചിത്രോത്സവത്തിനെത്തിയവരില്‍ ആരും അറിയാതെയാണ് അവരെ കാമറയില്‍ ഒപ്പിയെടുത്തത്. അത് എല്ലാവരുടേയും നാച്യുറല്‍ ആയുള്ള ഭാവങ്ങള്‍ കാണുമ്പോള്‍ മനസിലാകും. ഒരു വലിയ ജനക്കൂട്ടത്തെ അവര്‍ അറിയാതെ ചിത്രീകരിക്കുന്നതിന്റെ ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്ന് സിജു പറയുന്നു. ആരെങ്കിലും ഒരാള്‍ കാമറയിലേക്കു നോക്കിയാല്‍ തീര്‍ന്നില്ലേ? കൃത്രിമമായി മെനഞ്ഞെടുക്കുന്ന ആംബിയന്‍സും യഥാര്‍ഥ സന്ദര്‍ഭങ്ങളും തമ്മില്‍ ഒരുപാടു വ്യത്യാസമുണ്ട്. ഈ വ്യത്യാസത്തിനാണു ഞാന്‍ പ്രാധാന്യം നല്‍കിയത്. ചില ഷോട്ടുകള്‍ എങ്ങനെ വേണമെന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്തിട്ടും എടുക്കാന്‍ സാധിക്കാതെ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്ളാഷ് ബാക്കുകള്‍ക്കു സാധ്യത ഏറെയായിരുന്നിട്ടും അതെല്ലാം ഒഴിവാക്കിയാണ് സിജു മരം പെയ്യുമ്പോള്‍ ഒരുക്കിയിട്ടുള്ളത്.

0000000000000000000

വിധിയെ തോല്‍പ്പിച്ച സംവിധായകന്‍

വിധി, വില്ലന്റെ വേഷം കെട്ടി സിജുവിന്റെ മുന്നില്‍ നിറഞ്ഞാടിയപ്പോഴും അദ്ദേഹം തളര്‍ന്നില്ല. തളര്‍ന്നു പോയാല്‍ താന്‍ കണ്ട സ്വപ്നങ്ങളെല്ലാം കൊഴിഞ്ഞു പോകുമെന്ന് സിജുവിന് അറിയാമായിരുന്നു. ഏതു പ്രതികൂല സാഹചര്യത്തേയും നേരിടാം എന്ന ഉറച്ച വിശ്വാസമുണ്ടെങ്കില്‍ സ്വപ്നങ്ങളെല്ലാം നമ്മേ തേടിയെത്തുക തന്നെ ചെയ്യുമെന്ന് സിജു പറയുന്നു. ഓടി നടക്കേണ്ട പ്രായത്തിലാണ് സ്പൈനല്‍ മസ്‌ക്കുലാര്‍ അട്രോഫി എന്ന ജനിതക വൈകല്യം സിജുവിനെ തളര്‍ത്തിയത്.

പക്ഷേ തളര്‍ച്ച സിജുവിനല്ല, സിജുവിനെ കാണുന്നവര്‍ക്കാണെന്നു പറയേണ്ടി വരും. കാരണം തളര്‍ച്ചകളെയെല്ലാം മറികടന്ന് ഈ മുപ്പത്തിയാറുകാരന്‍ സ്വന്തമാക്കിയത് അദ്ദേഹത്തിന്റെ സ്വപ്നങ്ങളെയാണ്. മനോധൈര്യവും ഒരു കൂട്ടം നല്ല സുഹൃത്തുക്കളും സമ്പാദ്യമായുള്ള സിജു ഇതിനോടകം തന്നെ ചലച്ചിത്രലോകത്ത് സ്വന്തമായൊരിടം നേടിക്കഴിഞ്ഞു. സിജു ഇന്നു പലര്‍ക്കും മാതൃകയാണ്. സ്വന്തം ജീവിതം മറ്റുള്ളവര്‍ക്കു മാതൃകയാകുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് സിജു പറയുന്നു.

0000000000000000000000

ഡോക്ടര്‍ ടു ഡയറക്ടര്‍

പഠിച്ചു ഡോക്ടറായെങ്കിലും സിനിമ എന്ന മോഹം എന്നും സിജുവിന്റെയുള്ളിലുണ്ടായിരുന്നു. അങ്ങനെയാണ് അനാമിക: ദി പ്രേ എന്ന ഷോര്‍ട്ട് ഫിലിം ജനിക്കുന്നത്. അനാമികയ്ക്കു ശേഷം സിജു ഹെഡ്ലൈന്‍ എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കി. തളര്‍ന്നു കിടക്കുന്ന ഒരു കുട്ടിയുടെ മനസിലെ ചിന്തകളിലൂടെയാണ് ഹെഡ്ലൈന്‍ കടന്നു പോയത്. സിജുവിന്റെ മൂന്നാമത്തെ ഹ്രസ്വചിത്രമായ നോവ് 2015ല്‍ അന്താരാഷ്്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തില്‍ എത്തി. ഗര്‍ഭാശയകാന്‍സര്‍ വന്നു മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട അമ്മയുടെ കഥയാണ് നോവു പറയുന്നത്.

ഷോര്‍ട്ട് ഫിലിമുകള്‍ക്കുശേഷം സിജു ഡോക്യുമെന്ററികളിലേക്കു തിരിഞ്ഞു. പാലിയം ഇന്ത്യയ്ക്കായി ലൈറ്റിംഗ് അപ് ലൈഫ്സും ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ബോധവത്കരണ ചിത്രവും ചെയ്തശേഷം അദ്ദേഹം നാറാണത്തു ഭ്രാന്തനെക്കുറിച്ചൊരു സംസ്‌കൃത ഡോക്യുമെന്ററിയും സംവിധാനം ചെയ്തു. സിനിമ സ്വപ്നം കണ്ട സിജുവിന്റെ ഓരോ സൃഷ്ടികളിലൂടെയും സിജു പഠിക്കുകയായിരുന്നു. കഥ- തിരക്കഥ- സംവിധാനം ഡോ. സിജു വിജയന്‍ എന്നു വെള്ളിത്തിരയില്‍ എഴുതാന്‍ അധികം താമസമുണ്ടാകില്ല എന്നദ്ദേഹം നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു.

അഞ്ജലി അനില്‍കുമാര്‍

Related posts