രണ്ടു വ്യക്തികൾക്കു സ്വപ്നത്തിലൂടെ ആശയങ്ങൾ പങ്കുവയ്ക്കാൻ കഴിയുന്ന പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഇഎം സ്പേസിലെ ഗവേഷകർ. പങ്കാളികളുടെ മസ്തിഷ്ക തരംഗങ്ങളും മറ്റു ബയോളജിക്കൽ ഡാറ്റയും നിരീക്ഷിക്കാനായി രൂപകൽപ്പന ചെയ്ത ഉപകരണമാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ഒരാൾ സ്വപ്നാവസ്ഥയിലേക്കു പ്രവേശിക്കുമ്പോൾ അതു കണ്ടുപിടിക്കാൻ കഴിവുള്ള ഒരു “സെർവറും’ ഇതിനായി ഉപയോഗിച്ചു.
പങ്കാളികളിലൊരാൾ വ്യക്തമായ സ്വപ്നത്തിലേക്കു പ്രവേശിച്ചുവെന്ന് സെർവർ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, പ്രത്യേക ഭാഷയിൽ ഇയർബഡുകൾ വഴി ഒരു വാക്ക് കേൾപ്പിക്കും. പങ്കാളി സ്വപ്നത്തിൽ ഈ വാക്ക് ആവർത്തിക്കുന്നത് റെക്കോർഡ് ചെയ്ത് സെർവറിൽ സൂക്ഷിക്കും. അടുത്തയാൾ സ്വപ്നത്തിൽ പ്രവേശിക്കുന്പോൾ ആദ്യത്തെ പങ്കാളിയിൽനിന്നു സംഭരിച്ച സന്ദേശം സെർവർ കേൾപ്പിക്കും. ഈ പരീക്ഷണത്തിനുശേഷം പങ്കാളി ഉണർന്നപ്പോൾ ആ വാക്ക് ആവർത്തിച്ചതായി ഗവേഷകർ പറയുന്നു.
ഉറക്കം മെച്ചപ്പെടുത്താനും സ്വപ്നങ്ങൾ കാണാനും ലക്ഷ്യമിട്ടുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് ആർഇഎംസ്പേസിന്റെ ലക്ഷ്യം. ഈ സാങ്കേതികവിദ്യ അംഗീകരിച്ചുകഴിഞ്ഞാൽ, നിദ്രാസംബന്ധിയായ ഗവേഷണത്തിലെ സുപ്രധാന ഏടാവുമിത്. മാനസികാരോഗ്യ ചികിത്സ, നൈപുണ്യ പരിശീലനം തുടങ്ങിയവയിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനും കഴിയും. ഉറക്കവും അതിന്റെ അനുബന്ധ പ്രതിഭാസങ്ങളായ സ്വപ്നങ്ങളും നിർമിത ബുദ്ധിക്കുശേഷമുള്ള വലിയ വ്യവസായമായി മാറുമെന്നും ആർഇഎംസ്പേസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പരീക്ഷണത്തിനായി ഉപയോഗിച്ച നിർദിഷ്ട ഉപകരണങ്ങൾ ഏതൊക്കെയെന്ന് കമ്പനി വെളിപ്പെടുത്തിയില്ല.