രാജ്യത്തെ അറുപതു കോടി ജനങ്ങള്‍ നിലവില്‍ കടുത്ത വരള്‍ച്ചയില്‍! 2030 ആകുമ്പോഴേയ്ക്കും ജലക്ഷാമം രണ്ടിരട്ടിയാകും; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര ജലവിഭവ വകുപ്പ്

രാജ്യത്തെ അറുപത് കോടി ജനങ്ങള്‍ കടുത്ത ജലക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി രമേഷ് ചന്ദപ്പ ജിഗാജനാഗി. ലോക്സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് രാജ്യത്തുള്ള അറുപതു കോടി ജനങ്ങള്‍ നിലവില്‍ കടുത്ത വരള്‍ച്ചയിലാണെന്നും 2030 ആകുമ്പോഴേക്കും ജലക്ഷാമം രണ്ടിരിട്ടിയാകുമെന്നും കേന്ദ്ര ജലവിഭവ മന്ത്രി രമേഷ് ചന്ദപ്പ അറിയിച്ചത്.

നിതി ആയോഗ് ഏറ്റവും പുതിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് കേന്ദ്രമന്ത്രി രാജ്യം നേരിടുന്ന കടുത്ത ജലക്ഷാമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. നിതി ആയോഗ് പുറത്തുവിട്ട വാട്ടര്‍ മാനേജ്മെന്റ് ഇന്‍ഡെക്സിലാണ് അറുപത് കോടി ജനങ്ങള്‍ ഗുരുതരമായ ജലക്ഷാമം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുള്ളത്.

2030 ആകുമ്പോഴേക്കും ഇപ്പോഴുള്ള അവസ്ഥയേക്കാള്‍ രണ്ടിരട്ടി ജലദൗര്‍ലഭ്യമാണ് രാജ്യം നേരിടാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് മന്ത്രി വ്യക്തമാക്കി.

ജലസ്രോതസ്സുകളെക്കുറിച്ചും അവ ഉപയോഗിക്കുന്നതിനെക്കുറിച്ചും കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നാഷണല്‍ റൂറല്‍ ഡ്രിങ്കിങ് വാട്ടര്‍ പ്രോഗ്രാം എന്ന പദ്ധതിയിലൂടെ ഗ്രാമീണമേഖലയില്‍ ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നതിനുള്ള സാമ്പത്തിക സാങ്കേതിക സഹായം സംസ്ഥാനങ്ങള്‍ക്കു നല്‍കിവരികയാണെന്നും അദ്ദേഹം അറിയിച്ചു.

കാര്യക്ഷമമായ രീതികളിലൂടെ ഭൂഗര്‍ഭജലത്തിന്റെ അളവ് കൂട്ടുന്നതും കൃത്യമായ പദ്ധതികളിലൂടെ ജലസേചനം നടത്തുന്നതും മഴവെള്ളം സംരക്ഷിക്കുന്നതും ജലക്ഷാമം പരിഹരിക്കാന്‍ സഹായിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Related posts