വിദ്യാര്‍ഥികള്‍ പഠനത്തിലാണ് ശ്രദ്ധിക്കേണ്ടത്! പഠനം പൂര്‍ത്തിയാക്കിയിട്ടു മതി രാഷ്ട്രീയ പ്രവര്‍ത്തനം; കലാലയ രാഷ്ട്രീയത്തെക്കുറിച്ച് അഭിപ്രായപ്രകടനവുമായി ഗവര്‍ണര്‍ പി സദാശിവം

കലാലയ രാഷ്ട്രീയത്തിനെതിരെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കാനാകില്ല. വിദ്യാര്‍ഥികള്‍ ആദ്യം പഠനത്തില്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് എം അഭിമന്യുവിന്റെ കൊലപാതകം അപലപനീയമാണെന്നും വിദ്യാര്‍ഥികള്‍ പഠനത്തിലാണു ശ്രദ്ധിക്കേണ്ടതെന്നും കലാലയ രാഷ്ട്രീയത്തോട് തനിക്ക് യോജിപ്പില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

പഠനം പൂര്‍ത്തിയാക്കിയിട്ടു മതി രാഷ്ട്രീയ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. കലാലയ രാഷ്ട്രീയ വിഷയത്തില്‍ ഹൈക്കോടതിയുടെ നിലപാടു തന്നെയാണ് തനിക്കുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ നടന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിനു ശേഷമായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ക്യാംപസില്‍ ഒരു സംഘടനയേയും അനുവദിക്കേണ്ട എന്നാണ് തന്റെ അഭിപ്രായം.

മഹാരാജാസ് ക്യാംപസില്‍ തീവ്രവാദ സംഘടനകള്‍ കടന്നു കയറിയോ എന്നതില്‍ പ്രതികരിക്കാനില്ല. തന്റെ അഭിപ്രായം അഭിമന്യു വധക്കേസ് അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട് എന്നതിനാലാണ് അഭിപ്രായം പറയാത്തതെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം, കലാലയങ്ങളിലെ അക്രമ രാഷ്ട്രീയവും വര്‍ഗീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും നിരോധിക്കേണ്ടതിനും നിയന്ത്രിക്കേണ്ടതിനും പകരം കലാലയ രാഷ്ട്രീയത്തെ പാടെ തള്ളിപ്പറയുന്നത് വിദ്യാര്‍ഥി സംഘടനകളെകുറിച്ചുള്ള ഗവര്‍ണറുടെ അജ്ഞത കൊണ്ടാകാമെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്ത് പറഞ്ഞു.

 

Related posts