അമ്പലപ്പുഴ: സ്കൂൾ കലോത്സവ പരിസരത്ത് പെൺകുട്ടികൾ ലഹരിക്കടിമകളായി ബോധരഹിതരായി. രണ്ടു പ്ലസ് ടു വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമ്പലപ്പുഴ കച്ചേരിമുക്കിന് പടിഞ്ഞാറ്, കാക്കാഴം വ്യാസാ ജംഗ്ഷൻ എന്നിവിടങ്ങളിലുള്ള പെൺകുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഒൻപതാം ക്ലാസിൽ പഠിക്കുന്ന ഏതാനും പെൺകുട്ടികളെ അമ്പലപ്പുഴ ജംഗ്ഷന് തെക്കു ഭാഗത്തുള്ള സ്വകാര്യ ലോഡ്ജിൽനിന്ന് ലഹരിയുമായി പിടികൂടിയിരുന്നു.
അമ്പലപ്പുഴ സ്റ്റേഷനിലെത്തിച്ച ഇവരെ പിന്നീട് വിട്ടയച്ചു. എന്നാൽ, പെൺകുട്ടികൾക്ക് എവിടെനിന്ന് ലഹരി ലഭിച്ചു എന്നന്വേഷിക്കാൻ പോലീസ് തയാറായില്ല. പ്രായപൂർത്തിയാകാത്തതിനാൽ കേസെടുക്കാതെ പറഞ്ഞുവിടുകയായിരുന്നു.
നിരവധി പെൺകുട്ടികളാണ് ലഹരി ഉപയോഗത്തിനടിമകളായി പലയിടത്തും കറങ്ങി നടക്കുന്നത്. ഇന്നലെ കലോത്സവ പരിസരത്ത് ശക്തമായ പോലീസ് സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും പെൺകുട്ടികളുടെ ലഹരി ഉപയോഗത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല.

