കോട്ടയം: ജനങ്ങളുടെ പക്ഷിപ്പനിപ്പേടി അകറ്റാൻ താറാവുകറിയും മുട്ടയും കഴിച്ചുകാട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും.
താറാവ് കർഷകരുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടത്തിയ ഡക്ക് ഫെസ്റ്റിൽ താറാവ് കർഷകരടക്കം നിരവധി പേർ പങ്കാളികളായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.എൻ. ഗിരീഷ്കുമാർ, മഞ്ജു സുജിത്ത്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.ടി. തങ്കച്ചൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷാജി പണിക്കശേരി, കർഷകർ, ജീവനക്കാർ എന്നിവർ അപ്പവും താറാവ് കറിയും ഭക്ഷിച്ച് മാതൃക പകർന്നു.
നന്നായി വേവിച്ച് താറാവ് ഇറച്ചിയും മുട്ടയും കഴിക്കുന്നതിന് പേടിക്കേണ്ടതില്ലെന്നും സുരക്ഷിതമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
താറാവ് ഇറച്ചിയും മുട്ടയും കഴിച്ചു കാട്ടി ജനങ്ങളിൽ ധൈര്യം പകരാനാണ് ഫെസ്റ്റിൽ പങ്കെടുത്തതെന്നും ആശങ്കവേണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.
പക്ഷിപ്പനി മൂലം താറാവ് ഇറച്ചി, മുട്ട എന്നിവയുടെ വിപണനത്തിന് വൻ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ബോധവത്കരണ ശ്രമങ്ങളുടെ ഭാഗമായാണ് അയ്മനം, കുമരകം മേഖലയിലെ താറാവ് കർഷകരുടെ നേതൃത്വത്തിൽ ഡക്ക് ഫെസ്റ്റ് സംഘടിപ്പിച്ചത്.