പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങി; കര്‍ഷകര്‍ ദുരിതക്കയത്തില്‍; ആലപ്പുഴ ജില്ലയില്‍ മാത്രം 11,000ത്തോളം കുടുംബങ്ങളാണ് താറാവ് കൃഷി നടത്തുന്നത്

PKD-DUCKആലപ്പുഴ: വീണ്ടുമൊരു പക്ഷിപ്പനി പടര്‍ന്നുപിടിക്കുമ്പോഴും താറാവു കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങുന്നു. താറാവുകള്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തല്‍, താറാവുവളര്‍ത്തലിനെ കൃഷിയായി പ്രഖ്യാപിക്കുക തുടങ്ങിയ നിരവധി പ്രഖ്യാപനങ്ങളാണ് കഴിഞ്ഞതവണ പക്ഷിപ്പനി ബാധ ഉണ്ടായ സമയത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലുണ്ടായത്.

പ്രഖ്യാപനങ്ങളുണ്ടായതല്ലാതെ ഇവയൊന്നും പ്രാവര്‍ത്തികമാകാതിരുന്നത് കര്‍ഷകരെ നിലവില്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. ആലപ്പുഴ ജില്ലയില്‍ മാത്രം 11,000ത്തോളം കുടുംബങ്ങളാണ് താറാവ് വളര്‍ത്തലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 2000ത്തോളം കര്‍ഷകര്‍ മാത്രമാണ് കൃഷി ഭവനില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ സീസണ്‍ ലക്ഷ്യമാക്കി 17 ലക്ഷത്തോളം താറാവുകളെയാണ് കര്‍ഷകര്‍ വിരിയിച്ചിറക്കിയിരുന്നത്.

എന്നാല്‍ പക്ഷിപ്പനി ബാധ കര്‍ഷകരുടെ സ്വപ്‌നങ്ങളെ തന്നെ തകര്‍ക്കുകയായിരുന്നു. സര്‍ക്കാര്‍ കണക്കുപ്രകാരം 27,000ത്തിലധികം താറാവുകളെ ചുട്ടെരിച്ചുവെന്നാണെങ്കിലും രോഗ ബാധമൂലം ചത്തതും മൃഗസംരക്ഷണ വകുപ്പ് ചുട്ടെരിച്ചതും കൂട്ടി ഒരു ലക്ഷത്തോളം താറാവുകള്‍ പക്ഷിപ്പനി ബാധയില്‍ ചത്തതായാണ് കര്‍ഷകര്‍ പറയുന്നത്.

താറാവുകള്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്താനുള്ള പ്രഖ്യാപനം സാങ്കേതികവും പ്രായോഗികവുമായ ബുദ്ധിമുട്ടുകള്‍ മൂലം നടപ്പാക്കാനാകാതിരുന്നതാണ് സ്ഥിതി കൂടുതല്‍ വഷളാക്കിയത്. നിലവിലെ പദ്ധതിയനുസരിച്ച് ഓരോ ഏഴുദിവസം കൂടുമ്പോഴും കര്‍ഷകര്‍ മൃഗാശുപത്രിയിലെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്നതാണ്. എന്നാല്‍ ഇതില്‍ പ്രയോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ ഭൂരിഭാഗം കര്‍ഷകര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷയെടുക്കാന്‍ സാധിച്ചിട്ടില്ല. കര്‍ഷകരുടെ അഭിപ്രായത്തില്‍ 60 ദിവസം പ്രായമുള്ള താറാവുകള്‍ക്ക് ഒന്നാംഘട്ടവും 60 ദിവസത്തിന് മുകളില്‍ പ്രായമുള്ളവയ്ക്ക് രണ്ടാം ഘട്ടവുമായി ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയാല്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും.

താറാവുകളെ ഇന്‍ഷ്വര്‍ ചെയ്യുന്നത് സംബന്ധിച്ച് കര്‍ഷകരുടെ കാഴ്ചപ്പാടിലും മാറ്റം വേണമെന്നും ഇവര്‍ പറയുന്നു. 2014 നവംബറില്‍ പക്ഷിപ്പനി ബാധ സംസ്ഥാനത്തുണ്ടായപ്പോള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലുണ്ടായ പ്രഖ്യാനപനങ്ങള്‍ പൂര്‍ണമായും നടപ്പാക്കാന്‍ വേണ്ട നടപടികള്‍ അടിയന്തിരമായി വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

Related posts