കൃഷി അടുക്കളയില്‍ തന്നെ; അംബ്രോസിന്റെ കൃഷിക്കു മണ്ണും വേണ്ട വളവും വേണ്ട, വൈപ്പിനിലെ അത്ഭുതകൃഷിയെക്കുറിച്ചറിയാം

FB-KRISHI-AAMBROS

ഹരുണി സുരേഷ്

ചെറായി: പ്രത്യേകമായി ഒരു ഇഞ്ച് ഭുമിയോ ഒരു നുള്ള് വളമോ കീടനാശിനിയോ  ഇല്ലാതെ എങ്ങനെ പയര്‍കൃഷിചെയ്യാമെന്ന് അംബ്രോസ് പഠിപ്പിക്കുകയാണ്.  സ്വന്തമായി ആര്‍ക്കും കൃഷിചെയ്തുണ്ടാക്കാം. വെയില്‍ നിര്‍ബന്ധമില്ലാത്തതിനാല്‍ വീടിനകത്തായാലും പുറത്തായാലും കുഴപ്പമില്ല.അടുക്കളക്കകത്ത് ഏതെങ്കിലും മൂലയില്‍ പരമാവധി ഒരടി സ്ഥലമുണ്ടെങ്കില്‍  പയര്‍ കൃഷിക്കുള്ള ഇടമായി. ഒരു പിടി വന്‍പയറോ ചെറുപയറോ എട്ടുമണിക്കൂര്‍ നേരം വെള്ളത്തില്‍ കുതിര്‍ത്തിവച്ചശേഷം വെള്ളം ഊറ്റിക്കളഞ്ഞുവെച്ചാല്‍ പിറ്റേന്നു രാവിലെ പയറുകളില്‍ നിന്നും അരയിഞ്ചോളം നീളത്തില്‍ മുളപൊട്ടിയിരിക്കും.

രണ്ടു ലിറ്ററിന്റെ ശീതളപാനീയക്കുപ്പി നെടുകെ രണ്ടായി മുറിച്ച് നിറയെ ദ്വാരങ്ങള്‍ ഇട്ടതിനു ശേഷം മുളച്ച പയര്‍മണികള്‍ അതില്‍ വിതറിയിടുക. പിന്നീട് എളുപ്പം നനച്ചുകൊടുക്കാന്‍ തക്ക രീതിയില്‍ അടുക്കളയുടെ ഏതെങ്കിലും ഭാഗത്തു വയ്ക്കുക. ഒരാഴ്ച കൊണ്ടു പയര്‍ച്ചെടികള്‍ എട്ടിഞ്ചോളം ഉയരം വയ്ക്കും. ഇതോടെ ഇവ കറിക്ക് ഉപയോഗിക്കാന്‍ പാകത്തിലാകും. ഇലയും തണ്ടും മാത്രമല്ല, വേരുകളും തോരന്‍ വക്കാന്‍ ഉപയോഗിക്കാം. രുചിയുടെ കാര്യത്തില്‍ മുമ്പന്‍ ചെറുപയറാണെന്ന് അംബ്രോസ് പറയുന്നു.

ആരോഗ്യവകുപ്പില്‍ നിന്നും ഓഫീസ് സൂപ്രണ്ടായി വിരമിച്ച എടവനക്കാട് അണിയല്‍ പടമാട്ടുമ്മല്‍  അംബ്രോസ്  കൃഷിയില്‍ താല്‍പര്യമുള്ളയാളാണ്. പൂര്‍ണമായും സുരക്ഷിതമായതും  വളര്‍ത്തിയെടുക്കാന്‍ സൗകര്യപ്രദമായതുമായ ഒരു പച്ചക്കറിവിഭവത്തെക്കുറിച്ചുള്ള ആലോചനക്കൊടുവിലാണ്  അംബ്രോസിന്റെ ചിന്ത പയര്‍ മുളപ്പിച്ചു ഇലകളും തണ്ടുകളോടും കൂടി കറിവയ്ക്കുക എന്ന ആശയത്തിലേക്കെത്തിയത്.

Related posts