കേരളത്തില്‍ ഇല്ലാതായിപ്പോയതില്‍ വേദനിക്കുന്നു! ദുഖം പങ്കുവച്ചപ്പോള്‍ രംഗബോധമില്ലാത്തവര്‍ക്ക് പരിഹാസം; വിമര്‍ശനവുമായി എത്തിയവരുടെ വായടപ്പിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍

പ്രളയത്തില്‍ നിന്നും അത് വിതച്ചിട്ടുപോയ കെടുതികളില്‍ നിന്നും നാശനഷ്ടങ്ങളില്‍ നിന്നും കരകയറാന്‍ ഒന്നിച്ച് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് കേരളം. എന്നാല്‍ അതിനിടയിലും മറ്റുള്ളവര്‍ക്കുനേരെ ചെളിവാരിയെറിയാന്‍ ചിലര്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു എന്നതിന് തെളിവാണ് നടന്‍ ദുല്‍ഖര്‍ സല്‍മാനുമായി ബന്ധപ്പെട്ട ഒരു സംഭവം.

മലയാളി താരങ്ങള്‍ ഉള്‍പ്പെടെ ബോളിവുഡ് കോളിവുഡ് താരങ്ങള്‍ വരെ കേരളക്കരയുടെ കണ്ണീരൊപ്പാന്‍ സഹായധനവുമായി രംഗത്തെത്തിയിരുന്നു. യുവതാരം ദുല്‍ഖര്‍ സല്‍മാനാകാട്ടെ 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിത്.

അതേസമയം കേരളത്തില്‍ ഈ സമയം ഉണ്ടാകാനാവാത്തതിന്റെ വിഷമം പങ്കുവെച്ച ദുല്‍ഖര്‍ സല്‍മാനെതിരെ ഏതാനും ആളുകള്‍ രംഗത്തെത്തുകയുണ്ടായി. ‘എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നും തന്നാലാവുന്നത് ചെയ്യുമെന്നും, രാജ്യത്തിന് പുറത്താണെന്നും ഈ സമയം കേരളത്തില്‍ ഇല്ലാത്തതില്‍ വിഷമം ഉണ്ടെന്നു’മാണ് ദുല്‍ഖര്‍ കുറിച്ചത്. ഇതിനായിരുന്നു അദ്ദേഹത്തിനു നേരെ പരിഹാസം.

എന്നാല്‍ മറഞ്ഞിരുന്ന് ഇത്തരം പരിഹാസങ്ങള്‍ നടത്തുന്നവര്‍ക്ക് കണക്കിന് മറുപടി നല്‍കിയിരിക്കുകയാണ് ദുല്‍ഖര്‍. ‘നാട്ടില്‍ ഇല്ല എന്നതുകൊണ്ട് ഞാന്‍ ഒരു സഹായവും ചെയ്യുന്നില്ലെന്ന് കരുതുന്നവരോട്, എനിക്ക് നിങ്ങളാരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യമില്ല’. എന്നായിരുന്നു അത്.

എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്ന ഈ സമയത്തെങ്കിലും നിങ്ങളുടെ വെറുപ്പും നെഗറ്റിവിറ്റിയും മുന്‍വിധികളും മാറ്റിവെയ്ക്കണം. ഇത്തരം കമന്റുകളിടുന്ന പലരെയും ദുരിതാശ്വാസത്തിന്റെ പരിസരത്തെങ്ങും കാണാനെ കഴിയില്ല, അതുകൊണ്ട് മറ്റുള്ളവരെ ആക്രമിക്കുക വഴി നിങ്ങള്‍ അവരേക്കാള്‍ മികച്ചതാകുന്നെന്ന് കരുതരുതെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

Related posts