- ക്ഷേമത്തിലെ വർധന നാമമാത്രവും തെരഞ്ഞെടുപ്പു പ്രേരിതവുമാണെങ്കിലും താഴ്ന്ന വരുമാനക്കാർക്ക് ഇതുപോലും വലിയ കാര്യമാണ്.തങ്ങളുടെ ചെറിയ വരുമാനത്തിനൊപ്പം ഇതുകൂടി ചേർക്കാമല്ലോയെന്ന് ആശ്വസിക്കാം.
വിജ്ഞാപനം ഒരു ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നുവെന്ന് ജനത്തിനു ബോധ്യപ്പെടുന്നത് കേന്ദ്ര-സംസ്ഥാനങ്ങളുടെ ജനക്ഷേമ പ്രഖ്യാപനങ്ങളിലൂടെയും പതിവില്ലാത്ത വിട്ടുവീഴ്ചകളിലൂടെയുമാണ്. പിഎം ശ്രീയിൽ സിപിഐയെ മാനിച്ചുള്ള തന്ത്രപരമായ വിട്ടുവീഴ്ചകൾ തെരഞ്ഞെടുപ്പുകാലത്ത് മുന്നണിയെ ദുർബലമാക്കാതിരിക്കാനാണ്. ക്ഷേമപ്രഖ്യാപനങ്ങൾ ആദ്യ വോട്ടഭ്യർഥനയുമാണ്.
അതെന്തായാലും, പെൻഷൻ-താങ്ങുവില വർധനകൾ തീർച്ചയായും ആശ്വാസകരം തന്നെ. വയനാട് ദുരന്തത്തിൽ പോലും കേന്ദ്രം പുലർത്തിയ ശത്രുതാപരമായ പരോക്ഷ സാന്പത്തിക ഉപരോധങ്ങളും, ദീർഘവീക്ഷണമില്ലാത്ത നയങ്ങളിലൂടെയും അല്ലാതെയും ശോഷിച്ച സംസ്ഥാന ഖജനാവും മറികടന്ന് ഇതെങ്കിലും പ്രഖ്യാപിക്കാനായിരിക്കുന്നു. വോട്ടിനുള്ള ക്ഷേമാന്വേഷണമാണെങ്കിലും ഏറ്റവും താഴേത്തട്ടിലുള്ള മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾക്കെങ്കിലും ചെറിയൊരു കൈത്താങ്ങാകട്ടെ.
സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍, സര്‍ക്കസ് രംഗത്തെ അവശകലാകാര പെന്‍ഷനുകള്‍ എന്നിവ 1,600 രൂപയിൽനിന്നു 2,000 രൂപയാക്കി. സാമൂഹികക്ഷേമ പദ്ധതികളില്‍ ഇല്ലാത്ത, ട്രാന്‍സ് വുമണ്‍ അടക്കമുള്ള 35-60 വയസുവരെയുള്ള നിർധന സ്ത്രീകള്‍ക്ക് 1,000 രൂപ സ്ത്രീസുരക്ഷാ പെന്ഷന്, പ്രാഥമിക പഠനത്തിനുശേഷം ജോലി അന്വേഷിക്കുന്ന യുവാക്കളെ സഹായിക്കാൻ 1,000 രൂപയുടെ കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് എന്നിവ ശ്രദ്ധേയമാണ്.
സംസ്ഥാന ജീവനക്കാര്‍, അധ്യാപകര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കുള്ള ഡിഎ, ഡിആര്‍ എന്നിവയുടെ ഒരു ഗഡുകൂടി നല്‍കും. അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും സാക്ഷരതാ പ്രേരക്മാരുടെയും ആശാ വർക്കർമാരുടെയും ഓണറേറിയവും പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും പ്രതിമാസ വേതനവും 1,000 രൂപ വർധിപ്പിക്കും. ഗസ്റ്റ് ലക്ചറർമാരുടെ വേതനം പരമാവധി 2,000 രൂപയും പാചകത്തൊഴിലാളികളുടെ വേതനം ദിവസം 50 രൂപയും വർധിപ്പിച്ചു.
വർധന നാമമാത്രമാണെങ്കിലും സമൂഹത്തിലെ ഏറ്റവും ക്ലേശമനുഭവിക്കുന്നവർക്കു വലിയ കാര്യമാണ്. കാരണം, തങ്ങൾക്കുള്ള ചെറിയ വരുമാനത്തിനൊപ്പം ഇതുകൂടി ചേർക്കാമല്ലോയെന്ന് പാവങ്ങൾക്ക് ആശ്വസിക്കാം.അവഗണനയുടെ കൊയ്ത്തുകാരായ കർഷകരെ ഇനിയും അവഗണിക്കുന്നതു തിരിച്ചടിയാകുമെന്ന തിരിച്ചറിവുമുണ്ട്. നെല്ല് സംഭരണ വില 30 രൂപയാക്കിയും റബറിന്റെ താങ്ങുവില 200 രൂപയായും പ്രഖ്യാപിച്ചു.
നെല്ലിന്റെ സംഭരണവില കേന്ദ്രം വർധിപ്പിക്കുന്പോൾ അനങ്ങാതിരിക്കുകയും യഥാസമയം നെല്ല് സംഭരിക്കാതിരിക്കുകയും സംഭരിച്ച നെല്ലിന്റെ വില അടുത്ത വിതക്കാലത്തുപോലും നൽകാതിരിക്കുകയുമൊക്കെ പതിവായതോടെ കൃഷിയേക്കാൾ കൂടുതൽ സമയം സമരത്തിനു ചെലവഴിക്കേണ്ടിവന്നവരാണ് നെൽക്കർഷകർ. അതുപോലെ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയിൽ റബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിച്ച അതേ മുന്നണിയാണ് അഞ്ചു വർഷത്തോടടുക്കുന്പോൾ 200 രൂപ പ്രഖ്യാപിച്ചിരിക്കുന്നത്.
ആശമാരുടെ മിനിമം കൂലി 700 രൂപയാക്കി വർധിപ്പിക്കുമെന്നു പറഞ്ഞിടത്ത് ഇപ്പോൾ പകുതിപോലുമില്ലാത്ത അവസ്ഥയാണ്. മേൽപ്പറഞ്ഞ സമ്മാനങ്ങളും വാഗ്ദാനങ്ങളുമൊക്കെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ഭാഗമാണ്. നാടിന്റെ സമഗ്രവികസനം ലക്ഷ്യമിടുന്ന ദീർഘവീക്ഷണത്തോടെയുള്ള രാഷ്ട്രീയത്തിന് ഇതുമായി ബന്ധമില്ല.
മറുവശത്ത്, സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം പരിഹാരങ്ങളും നിർദേശിക്കുന്ന ക്രിയാത്മക രാഷ്ട്രീയത്തിൽ പ്രതിപക്ഷവും പങ്കെടുത്തു കാണുന്നില്ല. ഉത്തരവാദിത്വം ഒരുപോലെയല്ലെങ്കിലും, തെരഞ്ഞെടുപ്പുകാലത്തെ സൗജന്യങ്ങൾക്ക് കാത്തിരിക്കുന്ന പൗരസംഘം ഇരുകൂട്ടരുടെയും സൃഷ്ടിയാണ്.
ദിവസം വെറും 30-50 രൂപയുടെയൊക്കെ വർധന വലിയ കാര്യമാകുന്നിടത്ത് അതിദാരിദ്ര്യമില്ലെന്ന അവകാശവാദങ്ങൾക്ക് പ്രസക്തിയുണ്ടോയെന്നതു വേറെ കാര്യം. മറ്റൊന്ന്, ദൈനംദിന കാര്യങ്ങൾക്കുപോലും പാങ്ങില്ലാത്തൊരു സർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ നാളെ മറ്റൊരു നികുതിബാധ്യതയായി തങ്ങൾതന്നെ ചുമക്കേണ്ടിവരുമെന്ന ജനങ്ങളുടെ ഭയവും അസ്ഥാനത്തല്ല. ഒരുകാലത്ത്, തെരഞ്ഞെടുപ്പുകൾക്കപ്പുറത്തേക്കു നമ്മുടെ രാഷ്ട്രീയം വളർന്നേക്കാം.
