ഒരുങ്ങാന്‍ സമയം കുറവ്, നോട്ട് നിരോധനത്തിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിനൊരുങ്ങി 5 സംസ്ഥാനങ്ങള്‍

election-commission-lന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് രാജ്യം ഉറ്റുനോക്കുന്ന ജനവിധി നടക്കാന്‍ പോകുന്നത്. ഫെബ്രുവരി നാലിനാണ് വോട്ടെടുപ്പ് തുടങ്ങുന്നത്. മാര്‍ച്ച് 11ന് എല്ലാം സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ നടക്കും.

ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11ന് ഒന്നാംഘട്ടം ജനവിധി നടക്കും. ഫെബ്രുവരി 15– രണ്ടാംഘട്ടം, ഫെബ്രുവരി 19–മൂന്നാംഘട്ടം, ഫെബ്രുവരി 23–നാലാംഘട്ടം, ഫെബ്രുവരി 27–അഞ്ചാംഘട്ടം, മാര്‍ച്ച് നാല്–ആറാംഘട്ടം, മാര്‍ച്ച് എട്ട്–ഏഴാംഘട്ടം എന്നീ തീയതികളിലായി യുപി തെരഞ്ഞെടുപ്പ് നടക്കും.

പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു. പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളില്‍ ഫെബ്രുവരി നാലിന് ജനവിധി നടക്കും. ഗോവയില്‍ 40 മണ്ഡലങ്ങളും പഞ്ചാബില്‍ 117 മണ്ഡലങ്ങളുമാണ് ഉള്ളത്. 70 സീറ്റുകളുള്ള ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15ന് വോട്ടെടുപ്പ് നടക്കും. മണിപ്പൂരില്‍ രണ്ടുഘട്ടമായാണ് ജനവിധി. മാര്‍ച്ച് നാലിന് ആദ്യഘട്ടവും മാര്‍ച്ച് എട്ടിന് രണ്ടാഘട്ടവും നടക്കും.

അഞ്ച് സംസ്ഥാനങ്ങളിലായി 16 കോടി വോട്ടമാരുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു. ഫോട്ടോ പതിച്ച വോട്ടര്‍ പട്ടിക ജനുവരി 12ന് മുന്‍പ് പുറത്തിറക്കും. അഞ്ച് സംസ്ഥാനങ്ങളിലുമായി 693 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് 1,85,000 പോളിംഗ് ബൂത്തുകളാണ് കമ്മീഷന്‍ സജ്ജീകരിക്കുന്നത്.

Related posts