ഭക്ഷ്യ സുരക്ഷാ ‘കൈക്കൂലിയിലോ’..! ഉണ്ണിയപ്പം ഉത്പാദനം നിര്‍ത്തിവച്ചതിനു പിന്നില്‍ അരിലോബിയെന്ന് റിപ്പോര്‍ട്ട്

ktm-appamടി.എസ്. സതീഷ്കുമാര്‍
ശബരിമല: ശബരിമലയിലെ പ്രധാന വഴിപാടായ ഉണ്ണിയപ്പത്തിന്റെ ഉത്പാദനം നിര്‍ത്തിവയ്പിച്ചതിന്റെ പിന്നില്‍ സ്വകാര്യ അരിലോബിയെന്ന് സംശയിക്കുന്നതായി സ്‌റ്റേറ്റ് ഇന്റലിജന്റ്‌സ് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. ശബരിമലയില്‍ ഉണ്ണിയപ്പം ഉത്പാദിപ്പിക്കുന്നത് തീര്‍ഥാടകര്‍ ആചാരനിഷ്ഠയോടെ കൊണ്ടുവരുന്ന ഇരുമുടിയിലെ അരി ഉപയോഗിച്ചാണ്. ഇരുമുടിയിലെ അരി അയ്യപ്പനു സമര്‍പ്പിക്കുന്നു എന്നാണ് വിശ്വാസം.

ഇത്തരത്തിലുള്ള അരി ഗുണമേന്മയുള്ളതാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പണത്തിനായി പ്രത്യേക കൗണ്ടറുകള്‍ ദേവസ്വംബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്നു ശേഖരിക്കുന്ന അരി മൂന്നുതവണ ചൂടുവെള്ളത്തില്‍ തിളപ്പിച്ച് ഉണക്കി പൊടിച്ചശേഷം 300 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ നെയ്യ് ചേര്‍ത്താണ് അപ്പം ഉത്പാദിപ്പിക്കുന്നു. ഇത്തരം സാഹചര്യത്തിലാണ് 2015-ലെ കോടതി ഉത്തരവിന്റെ മറവില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ശബരിമലയിലെ ഉണ്ണിയപ്പത്തിന്റെ ഉത്പാദനം നിര്‍ത്തിവയ്ക്കണമെന്ന് സ്‌പെഷല്‍ കമ്മീഷണര്‍ക്ക് ശിപാര്‍ശ നല്‍കിയത്.

സന്നിധാനത്ത് തീര്‍ഥാടകര്‍ വലിച്ചെറിയുന്നതോ ഉപേക്ഷിക്കുന്നതോ ആയ സാധനങ്ങള്‍ രൂപമാറ്റം വരുത്തി വീണ്ടും ഉപയോഗിക്കാന്‍ പാടില്ലെന്നാണ് കോടതിവിധി. ഈ വിധിയുടെ മറവിലാണ് തീര്‍ഥാടകര്‍ സമര്‍പ്പിക്കുന്ന അരിയില്‍ ജലാംശവും കര്‍പ്പൂരത്തിന്റെ അംശവും കൂടുതലുണ്ടെന്നു പറഞ്ഞത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ണിയപ്പം ഉത്പാദനം നിര്‍ത്തിവയ്പിച്ചത്.

മകരവിളക്ക് ഉത്സവം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഉണ്ണിയപ്പം ഉത്പാദനം നിര്‍ത്തിവയ്പിച്ചതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും സ്റ്റേറ്റ് ഇന്റലിജന്റ്‌സ് സംശയിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തീര്‍ഥാടകര്‍ കൊണ്ടുവരുന്ന അരി വേണ്ടെന്നുവച്ചാല്‍ പൊതുമാര്‍ക്കറ്റില്‍ നിന്നോ സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നോ വേണം അരി വാങ്ങാന്‍.

ഇതിന്റെ ഗുണം ലഭിക്കുന്നത് അരി ഉത്പാദിപ്പിക്കുന്ന കുത്തക ലോബിക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി അറിയുന്നു.ശബരിമലയില്‍ ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായും ഇന്റലിജന്റ്‌സ് സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ സര്‍ക്കാരിന്റെ സജീവമായ ഇടപെടലുണ്ടാകുമെന്നു കരുതുന്നു. ദേവസ്വം മന്ത്രിയും ഉണ്ണിയപ്പം ഉത്പാദനം നിര്‍ത്തിവച്ചത് അതിരുവിട്ട നടപടിയാണെന്ന് പറഞ്ഞിരുന്നു.

പ്രസാദമണ്ഡപത്തില്‍ പരിശോധന നടത്താല്‍ അതീവ താപ്രര്യം കാണിക്കുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശബരിമലയിലും പമ്പയിലും  ളാഹ പോലെയുള്ള ഇടത്താവളങ്ങളിലേയും ഹോട്ടലുകളും ബേക്കറികളും പരിശോധിക്കുന്നില്ലെന്ന് പരാതി ഉയരുന്നു. ഭക്തര്‍ വിശ്‌വാസ്യതയോടെ കൊണ്ടുവരുന്ന ഇരുമുടിക്കെട്ടിലെ ഗുണമേന്മ പരിശോധിക്കുന്നതില്‍ വിഷമമുണെ്ടന്നും തീര്‍ഥാടകര്‍ പറഞ്ഞു. ഹൈക്കോടത് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന അരി ഉപയോഗിച്ചുള്ള ഉത്പാദനം പുനരാരംഭിച്ചു. 50,000 കവര്‍ ഉണ്ണിയപ്പം കരുതല്‍ ശേഖരം ഉണെ്ടന്ന് അധികൃതര്‍ രാഷ്ട്രദീപികയോട് പറഞ്ഞു.

Related posts