ഈ ചിത്രത്തിനും ഒരു കഥ പറയാനുണ്ട് ! കുട്ടിയാനയെ തോളിലേറ്റി പോകുന്ന വനപാലകന്റെ ചിത്രത്തിനു പിന്നിലെ ആ കഥയിങ്ങനെ

 

അപകടത്തില്‍പ്പെട്ട കുട്ടിയാനയെ തോളിലേറ്റി അമ്മയാനയുടെ അടുത്തെത്തിച്ച വനപാലകന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നത്.ആനപ്പുറത്ത് മനുഷ്യര്‍ കയറുന്നത് പതിവാണ്. എന്നാല്‍ ഒരു മനുഷ്യന്‍ ആനയെ ചുമലിലേറ്റുന്നത് ആദ്യമായിട്ടാണ്. അതുകൊണ്ടുതന്നെ കുട്ടിയാനയെ ചുമലിലേറ്റിയ വലപാലകന്റെ ചിത്രം പെട്ടെന്നു തന്നെ ജനശ്രദ്ധയാകര്‍ഷിച്ചു. രക്ഷപെടുത്തുമ്പോള്‍ അവശനിലയിലായിരുന്ന കുട്ടിയാനയെ മേട്ടുപ്പാളയം ഫോറസ്റ്റ് ഓഫീസിലെ വനപാലകനാണ് ചുമലിലേറ്റി വനത്തിലെത്തിച്ചത്.

ചൊവ്വാഴ്ചയാണ് സംഭവപരമ്പരയ്ക്ക് തുടക്കമാവുന്നത്. ഊട്ടി മേട്ടുപ്പാളയം നെല്ലിമലയില്‍ കാട്ടാനക്കൂട്ടത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെയില്‍ കനാലില്‍ വീണ ഒരു മാസം മാത്രം പ്രായമുള്ള കാട്ടാനക്കുട്ടിയെയാണ് വനപാലകര്‍ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ രക്ഷപ്പെടുത്തിയത്. ചെളിയില്‍ പൂണ്ടുപോയ തന്റെ കുഞ്ഞിനായി കാത്തിരുന്ന തള്ളയാനയെ കാരണമറിയാതെ വനപാലകര്‍ വേര്‍പിരിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. മേട്ടുപ്പാളയം വനഭദ്രകാളിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് തേക്കംപട്ടിയിലേയ്ക്ക് പോകുന്ന റോഡിന്റെ ഒരു വശം റിസര്‍വ് വനവും മറുഭാഗം ഭവാനി പുഴയുമാണ്. ഇവിടെ വെള്ളം കുടിക്കാനിറങ്ങിയ പിടിയാന തിരികെ പോകാന്‍ കൂട്ടാക്കാതെ റോഡില്‍ തന്നെനിലയുറപ്പിച്ചു. ഈ സമയത്താണ് ട്രാക്ടറുമായി ഒരാളെത്തുന്നത്. ആന റോഡില്‍ നിന്നു മാറാന്‍ കൂട്ടാക്കാതെ നിന്നപ്പോള്‍ ട്രാക്ടറിന്റെ ശബ്ദം കൂട്ടി ആനയെ ഓടിക്കാന്‍ ഇവര്‍ ശ്രമം നടത്തി. ഇതോടെ പ്രകോപിതയായ ആന ഇവര്‍ക്കു നേരെ പാഞ്ഞടുത്തു.

വിവരമറിഞ്ഞ് വനംപാലകരും സംഭവസ്ഥലത്തെത്തി. തിരികെ കാടു കയറാന്‍ മടിച്ച പിടിയാനയെ പടക്കം പൊട്ടിച്ചും മറ്റും ഭയപ്പെടുത്തി കാട്ടിലേക്കോടിച്ചു. ആനയെ കാട്ടിലേക്കു തിരിച്ചയച്ച ശേഷമാണ് കനാലിലെ ചെളിയില്‍ പുതഞ്ഞുപോയ കുട്ടിയാനയുടെ നിലവിളി വനപാലകര്‍ കേള്‍ക്കുന്നത്. കനാലില്‍ അകപ്പെട്ട കുട്ടിയാനയെ കാത്താണ് തള്ളയാന നടുറോഡില്‍ നിലയുറപ്പിച്ചിരുന്നത്. എന്നാല്‍ ഇതൊന്നുമറിയാതെയാണ് വനപാലകരും സംഘവും ആനയെ വിരട്ടിയോടിച്ചത്. ഒരു മാസം മാത്രം പ്രായമുള്ള കുട്ടിയാനയായിരുന്നു കനാലിലെ ചെളിയില്‍ അകപ്പെട്ടത്. കുട്ടിയാനയെ കനാലില്‍ നിന്നും കരകയറ്റിയ വനപാലകര്‍ അപ്പോള്‍ തന്നെ കുഞ്ഞിനേയും തേളിലേറ്റി വനത്തിലേക്കോടി.

നെല്ലിത്തുറ വനമേഖലയില്‍ വിരട്ടിയോടിച്ച അമ്മയാനയും സംഘവും തമ്പടിച്ചിരുന്നു. എന്നാല്‍ ആനക്കൂട്ടത്തിന്റെ അടുത്തേക്ക് കുഞ്ഞിനെ വിരട്ടി ഓടിച്ചെങ്കിലും കുട്ടിയാന വനപാലകരുടെ അടുത്തേക്കുതന്നെ തിരിച്ചെത്തി. ആദ്യ രണ്ടു ദിവസം അമ്മയാനയെ കാത്ത് ഇവരുടെ കാത്തിരിപ്പു നീണ്ടു. ഇതോടെ ലാക്ടജനും ഗ്ലൂക്കോസും കരിക്കിന്‍ വെള്ളവും കുപ്പിയിലാക്കി നല്‍കി കുട്ടിയാനയെ സംരക്ഷിക്കേണ്ട ചുമതലയും വനപാലകര്‍ സന്തോഷത്തോടെ ഏറ്റെടുത്തു. വ്യാഴാഴ്ച വൈകുന്നേരത്തോടെ അമ്മയാന കുട്ടിയാനയുടെ അരികിലെത്തി. തുടര്‍ന്ന് കുട്ടിയാനയുമായി അമ്മയായയും സംഘവും വനത്തിലേക്കു മടങ്ങിയതോടെ വനപാലകരും ഹാപ്പിയായി.

 

Related posts