മഴമൂലം ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനല്‍ മത്സരങ്ങള്‍ നടത്താനാകാതെ വന്നാല്‍ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും നേട്ടം ! ഇംഗ്ലണ്ടിനും ന്യൂസിലന്‍ഡിനും തിരിച്ചടിയായേക്കാവുന്ന മഴ നിയമം ഇങ്ങനെ…

ലണ്ടന്‍: ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനല്‍ ആരാധകരെപ്പോലെ കാത്തിരിക്കുന്ന മറ്റൊരാളുണ്ട്. മറ്റാരുമല്ല മഴ തന്നെ. സെമി ഫൈനല്‍ മഴയില്‍ കുളമാകുമെന്ന ആശങ്ക ശക്തമാണ്. മത്സരം നടക്കുന്ന ദിവസമായ വ്യാഴാഴ്ച ബെര്‍മിങ്ഹാമില്‍ കടുത്ത മഴ പെയ്യുമെന്നാണ് പ്രവചനം. ഇതിന് പുറമെ റിസര്‍വ് ഡേയായി ഒരുക്കിയിരിക്കുന്ന വെള്ളിയാഴ്ചയും മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇത്തരത്തില്‍ ഇരു ദിവസങ്ങളിലും മഴ പ്രവചിക്കപ്പെടുമ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ നെഞ്ച് പൊട്ടുകയാണ്. സെമി ഫൈനല്‍ ദിനത്തില്‍ നിര്‍ത്താതെ മഴ പെയ്താല്‍ കളി ഒരു ദിവസം കൂടി മാറ്റി വയ്ക്കുമെന്നുറപ്പാണ്.

എന്നാല്‍ അന്ന് കൂടി മഴ പെയ്താല്‍ എന്ത് സംഭവിക്കും..? എന്ന ചോദ്യമാണ് ക്രിക്കറ്റ് ആരാധകര്‍ ഉയര്‍ത്തുന്നത്. സെമിഫൈനലിന്റെ അന്നും തൊട്ടടുത്ത ദിവസവും മഴ പെയ്താല്‍ ഓസ്‌ട്രേലിയക്ക് സന്തോഷമാണ്. അതു പോലെ ന്യൂസിലന്‍ഡിനെതിരെ കളിക്കുന്ന ഇന്ത്യയ്ക്കും ഇതും ഗുണകരമാണ്. എന്നാല്‍ എതിര്‍പക്ഷത്തുള്ള ഇംഗ്ലണ്ടിനും ന്യൂസിലണ്ടിനും ഇത് നിരാശയാണ് സമ്മാനിക്കുന്നത്. ഇത്തരത്തില്‍ സെമിഫൈനലിന്റെ അന്നും റിസര്‍വ് ഡേയിലും മഴ പെയ്താല്‍ നിലവില്‍ മാച്ചില്‍ ഉയര്‍ന്ന പൊസിഷനിലുള്ള ടീമിനായിരിക്കും നേട്ടമുണ്ടാകുന്നത്. ഇവിടെ ഇത് ഓസ്‌ട്രേലിയ ആയതിനാലാണ് ഇംഗ്ലണ്ടിന് നഷ്ടം സംഭവിക്കുന്നത്.

ഇതു പോലെ തന്നെ നിലവില്‍ ന്യൂസിലന്‍ഡിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയ്ക്കായിരിക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള സെമി ഫൈനല്‍ മത്സര ദിനത്തിലും റിസര്‍വ് ദിനത്തിലും മഴ പെയ്താല്‍ നേട്ടുമുണ്ടാകാന്‍ പോകുന്നത്. ഓരോ വണ്‍ഡേ മാച്ചിനും എട്ട് മണിക്കൂറാണ് അനുവദിക്കാറുള്ളത്. കളിക്കിടെ മഴ പെയ്താല്‍ അത് നിര്‍ത്തി വയ്‌ക്കേണ്ടി വരും. ഈ എട്ട് മണിക്കൂറിനിടെ കാലാവസ്ഥ മെച്ചപ്പെട്ടാല്‍ കളി പുനരാരംഭിക്കുകയും ചെയ്യും. മിക്ക ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളും രാവിലെ 10.30ന് ആരംഭിച്ച് വൈകുന്നേരം 6.30 അവസാനിക്കുകയാണ് പതിവ്. മഴ കാരണം മത്സരം നിര്‍ത്തി വയ്ക്കുകയും ഈ സമയത്തിനിടെ കാലാവസ്ഥ മെച്ചപ്പെടുകയും ചെയ്തിട്ടില്ലെങ്കില്‍ മത്സരം ഉപേക്ഷിക്കുകയാണ് പതിവ്.

തിരക്കേറിയ ഷെഡ്യൂള്‍ ആയതിനാല്‍ ഐസിസി ഗ്രൂപ്പ് ഫിക്‌സ്ചറുകള്‍ക്ക് റിസര്‍വ് ഡേ അനുവദിക്കാറില്ല. മഴ കാരണം കളി നിന്നാല്‍ കാലാവസ്ഥ മെച്ചപ്പെട്ട് കളി തുടരാന്‍ അടുത്ത ദിവസം അനുവദിക്കുന്ന സംവിധാനമാണ് റിസര്‍വ്‌ഡേ. സാധാരണ മാച്ച് സെക്കന്‍ഡ് ഇന്നിംഗ്‌സിനു മുമ്പോ അല്ലെങ്കില്‍ ബോള്‍ ചെയ്യുന്നതിന് മുമ്പോ മഴ കാരണം റദ്ദാക്കേണ്ടി വന്നാല്‍ മത്സരം സമനിലയില്‍ പിരിഞ്ഞതായി കണക്കാക്കും. എന്നാല്‍ മാച്ച് രണ്ടാം ഇന്നിങ്‌സിലാണ് കടുത്ത മഴ കാരണം നിര്‍ത്തി വയ്‌ക്കേണ്ടി വരുന്നതെങ്കില്‍ ഡക്ക് വര്‍ത്ത് ല്യൂയിസ് സ്റ്റേണ്‍ മെത്തേഡ് അനുസരിച്ചാണ് തീരുമാനമെടുക്കുന്നത്.

ഗ്രൂപ്പ് സ്റ്റേജില്‍ എക്‌സ്ട്രാ ടൈം ഇത് പ്രകാരം അനുവദിക്കാം. സാധാരണ മത്സങ്ങള്‍ക്ക് റിസര്‍വ് ഡേ അനുവദിക്കാറില്ലെങ്കിലും സെമി ഫൈനലുകള്‍ക്കും ഫൈനലിനുമാണ് സാധാരണയായി ഐസിസി റിസര്‍വ് ഡേ അനുവദിക്കുന്നത്. മഴ കാരണം കളി മുടങ്ങിയാല്‍ തുടര്‍ന്നുള്ള ദിവസം റിസര്‍വ് ഡേയായി അനുവദിച്ച് ശേഷിക്കുന്ന കളി തുടരാന്‍ അനുവദിക്കുന്ന സംവിധാനമാണിത്. ഇപ്രാവശ്യത്തെ ലോകകപ്പ് ഗ്രൂപ്പില്‍ മുന്‍ മത്സങ്ങള്‍ പ്രകാരം ഇന്ത്യക്ക് പുറകില്‍ രണ്ടാമതാണ് ഓസ്‌ട്രേലിയ നിലകൊള്ളുന്നത്. എന്നാല്‍ ഇംഗ്ലണ്ടിന് മൂന്നാമത് മാത്രമാണ് സ്ഥാനമെന്നതാണ് മഴയുണ്ടാകുമോ എന്നോര്‍ത്ത് ഇംഗ്ലണ്ട് ആരാധകരുടെ ഉറക്കം കെടാന്‍ കാരണമായിത്തീര്‍ന്നിരിക്കുന്നത്.

Related posts