കൂടെ ജോലി ചെയ്യുന്നയാൾ അപായപ്പെടുത്തിയേക്കും, എല്ലാം കരയിലെത്തിയിട്ട് പറയാം..! ദുരൂഹത കൂട്ടി ഇനോസിന്റെ സന്ദേശം

മുംബൈ : മുംബൈ തീരത്തെ ഓയിൽ റിഗിൽ നിന്നും മലയാളിയെ കടലിൽ വീണ് കാണാതായ സംഭവത്തിൽ ദുരൂഹത ഏറുന്നു.

അടൂർ സ്വദേശി ഇനോസ് സ്വയം കടലിലേക്ക് എടുത്തുചാടിയെന്ന വാദത്തിൽ കമ്പനി ഉറച്ച് നിൽക്കുക്കുമ്പോഴും, മകൻ ആത്മഹത്യ ചെയ്യില്ലെന്ന് ആവർത്തിക്കുകയാണ് അച്ഛൻ വർഗീസ്.

മകനെ അപായപ്പെടുത്തുകയോ തട്ടിക്കൊണ്ടു പോവുകയോ ചെയ്തതാകാമെന്നാണ് വർഗീസ് സംശയം പ്രകടിപ്പിക്കുന്നത്. 

അതിനിടെ ദുരൂഹത കൂട്ടി, കാണാതാവുന്നതിന് തൊട്ടുമുമ്പ് ഇനോസ് വർഗീസ് സുഹൃത്തിന് അയച്ച സന്ദേശം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ഒപ്പം ജോലി ചെയ്യുന്ന കരൺ എന്നയാൾ അപായപ്പെടുത്തിയേക്കുമെന്നും കരയിൽ എത്തിയശേഷം വിശദമായി പറയാമെന്നുമാണ് ഇനോസ് സന്ദേശത്തിൽ സുഹൃത്തിനോട് പറയുന്നത്.

കരണിന്  തന്നെ സംശയമുണ്ടെന്നും ചോദ്യം ചെയ്തതായും ഇനോസ് പറയുന്നുണ്ട്. കസ്റ്റഡിയിലുള്ള കരണിനെ മുംബൈ പൊലീസ് രണ്ടു ദിവസമായി ചോദ്യം ചെയ്യുകയാണ്. 

വെള്ളിയാഴ്ച രാത്രിയാണ് ഇനോസ് കടലിൽ ചാടിയെന്ന് കമ്പനിയിൽ നിന്ന് കുടുംബത്തിന് വിവരം കിട്ടുന്നത്.

എന്നാൽ അതേ ദിവസം പകൽ വീട്ടിലേക്ക് വിളിച്ചപ്പോൾ ജോലി പൂർത്തിയായെന്നും വൈകീട്ട് ഹെലികോപ്റ്ററിൽ കരയിലേക്ക് പോവുമെന്നുമാണ് ഇനോസ് അമ്മയോട് പറഞ്ഞത്. മടങ്ങി വരുമെന്ന് പറഞ്ഞ മകൻ മരണത്തിലേക്ക് എടുത്തു ചാടില്ലെന്ന് കുടുംബം പറയുന്നു. 

Related posts

Leave a Comment