ദശലക്ഷക്കണക്കിന് അഭയാര്‍ഥികളെ യൂറോപ്പിലോട്ട് തുറന്നുവിട്ട് തുര്‍ക്കി ! രാജ്യത്തേക്കു കയറാന്‍ എത്തിയവരെ വെടിവെച്ചു തുരത്തി ഗ്രീസും ബള്‍ഗേറിയയും; യൂറോപ്പ് അഭിമുഖീകരിക്കുന്നത് ഗുരുതരമായ അഭയാര്‍ഥി പ്രവാഹത്തിന്…

ഒരിടവേളയ്ക്കു ശേഷം അഭയാര്‍ഥി പ്രവാഹം യൂറോപ്പിനെ കലുഷിതമാക്കാനൊരുങ്ങുന്നു. രാജ്യത്ത് തങ്ങിയിരുന്ന ദശലക്ഷക്കണക്കിന് അഭയാര്‍ഥികളെ തുര്‍ക്കി തുറന്നു വിട്ടതാണ് യൂറോപ്പിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 3.6 ദശലക്ഷം അഭയാര്‍ഥികളെയാണ് എങ്ങോട്ടു വേണമെങ്കിലും പൊയ്‌ക്കൊള്ളാന്‍ പറഞ്ഞ് തുര്‍ക്കി തുറന്നു വിട്ടത്.

ഇതോടെ ബ്രിട്ടനടക്കമുള്ള രാജ്യത്തേക്ക് വന്‍ അഭയാര്‍ഥി പ്രവാഹത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഭാണ്ഡക്കെട്ടുമായി ഗ്രീസിലേക്കും ബള്‍ഗേറിയയിലേക്കും നീങ്ങിയ അഭയാര്‍ഥികളെ ഈ രാജ്യങ്ങള്‍ നേരിട്ടത് തോക്കു കൊണ്ടായിരുന്നു. അഭയാര്‍ഥികളെ വെടിവെച്ചു ഭയപ്പെടുത്തിയാണ് ഈ രാജ്യങ്ങള്‍ തങ്ങളുടെ രാജ്യാതിര്‍ത്തിയില്‍ നിന്നും അകറ്റിയത്.

ഇത്തരം അഭയാര്‍ത്ഥികള്‍ ഗ്രീസിന്റെയും ബള്‍ഗേറിയയുടെയും അതിര്‍ത്തികള്‍ വിജയകരമായി മറി കടന്നാല്‍ അവര്‍ക്ക് യൂറോപ്പിലെ ഏത് രാജ്യത്തേക്കും അനായാസം എത്തിച്ചേരാനാവുമെന്ന ഭീഷണിയും മുമ്പില്ലാത്ത വിധത്തില്‍ ശക്തമായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് തുര്‍ക്കിയുടെ അയല്‍രാജ്യങ്ങളെല്ലാം അതിര്‍ത്തി സുരക്ഷ കര്‍ക്കശമാക്കിയിരിക്കുകയാണ്.

ഇവര്‍ തങ്ങളുടെ രാജ്യത്തേക്ക് കടന്ന് കയറാതിരിക്കാന്‍ കര-കടല്‍ അതിര്‍ത്തികളിലെ സുരക്ഷ പരമാവധിയാക്കിയിരിക്കുന്നുവെന്നാണ് ഗ്രീസ് പ്രതികരിച്ചിരിക്കുന്നത്. പ്രതിരോധത്തിന്റെ ഭാഗമായി ബള്‍ഗേറിയ തുര്‍ക്കിയുമായി തങ്ങള്‍ക്കുള്ള 190 മൈല്‍ അതിര്‍ത്തിയില്‍ 1000 സൈനികരെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്.

തുര്‍ക്കിയില്‍ നിന്നു പുറത്തു വന്ന അഭയാര്‍ത്ഥികളുടെ ആദ്യ സംഘം വടക്ക് കിഴക്കന്‍ ഗ്രീസിലെ പസര്‍കുലെയിലാണ് തടഞ്ഞ് വയ്ക്കപ്പെട്ടിരിക്കുന്നത്. ഇവിടെ ഇവരെ തിരിച്ചയക്കുന്നതിനായി ഗ്രീസ് പൊലീസ് സ്‌മോക്ക് ഗ്രനേഡുകള്‍ പ്രയോഗിച്ചിരുന്നു. സിറിയക്കാര്‍,ഇറാന്‍കാര്‍, ഇറാഖികള്‍, പാക്കിസ്ഥാനികള്‍, മൊറോക്കോക്കാര്‍, എന്നിവരടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ് ഇത്തരത്തില്‍ തുരത്തിയോടിക്കപ്പെട്ടിരിക്കുന്നത്.

ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലേക്ക് ചേക്കേറുന്നതിനായി കുട്ടികളും സ്ത്രീകളും അടങ്ങുന്ന ഡസന്‍ കണക്കിന് അഭയാര്‍ത്ഥികള്‍ സുരക്ഷിതമല്ലാത്ത റബര്‍ ഡിന്‍ജിയില്‍ തുര്‍ക്കിയിലെ ഏയ്ജിയന്‍ തീരത്ത് നിന്നും കയറുന്നതിന്റെ വീഡിയോകള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.

സിറിയയിലെ ഇഡ്‌ലിബില്‍ 33 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടതിന്റെ കലിപ്പിലാണ് തുര്‍ക്കി അഭയാര്‍ത്ഥികളെ നിയന്ത്രണമില്ലാതെ തുറന്ന് വിട്ടിരിക്കുന്നത്.സിറിയയിലെ അഭ്യന്തര കലാപം സമീപമാസങ്ങളിലായി വീണ്ടും മൂര്‍ച്ഛിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തുര്‍ക്കി അതിര്‍ത്തിക്കടുത്ത് ദശലക്ഷക്കണക്കിന് സിവിലിയന്മാര്‍ ഡിസംബര്‍ മുതല്‍ പാര്‍പ്പിടവും നാടും നഷ്ടപ്പെട്ട അവസ്ഥയില്‍ അലഞ്ഞ് നടക്കുന്നുണ്ട്.

സിറിയയില്‍ തങ്ങള്‍ നടത്തുന്ന മിലിട്ടറി ക്യാംപയിന് യൂറോപ്യന്‍ നേതാക്കന്മാരുടെ പിന്തുണ തുര്‍ക്കി പ്രസിഡന്റ് റികെപ് തയിപ് എര്‍ദോഗന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും യൂറോപ്യന്‍ നേതാക്കള്‍ നി്ഷ്‌കരുണം അത് അവഗണിച്ചതാണ് എര്‍ദോഗനെ ദേഷ്യം പിടിപ്പിച്ചത്. ഇതോടെയാണ് മറ്റുരാജ്യങ്ങളുമായുണ്ടാക്കിയ അഭയാര്‍ഥി കരാറില്‍ നിന്ന് പിന്മാറാന്‍ തുര്‍ക്കി തീരുമാനിച്ചതും.

ഇതേത്തുടര്‍ന്നാണ് നിയന്ത്രണമില്ലാതെ അഭിയാര്‍ഥികളെ തുരന്നു വിട്ട് യൂറോപ്പിനാകെ ഭീഷണി സൃഷ്ടിച്ചിരിക്കുന്നതും.തുര്‍ക്കിയിലെത്തിയ അഭയാര്‍ത്ഥികളെ അവിടെ തന്നെ തടഞ്ഞ് വയ്ക്കാന്‍ യൂറോപ്യന്‍ യൂണിയനുമായി 2016ലായിരുന്നു തുര്‍ക്കി ഒപ്പ് വച്ചിരുന്നത്. ഇതിന് പകരമായി 5.1 ബില്യണ്‍ പൗണ്ടു തുര്‍ക്കിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഈ കരാര്‍ കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ എര്‍ദോഗന്റെ നടപടി.

Related posts

Leave a Comment