ഒടുവില്‍ പഞ്ച്ശീറും വീണു ! താഴ് വരയില്‍ ആക്രമണം നടത്താനായി പാക് സൈന്യത്തെ വിട്ടു കൊടുത്തതായി വിവരം; താലിബാനും പാകിസ്ഥാനും ഭായ്-ഭായ് ആകുമ്പോള്‍ ഇന്ത്യയ്ക്ക് ആശങ്ക…

ഒടുവില്‍ പഞ്ച്ശീറും വീണതോടെ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും ഇനി താലിബാന്റെ കിരാതഭരണത്തിന് സാക്ഷ്യം വഹിക്കും. താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദാണ് പഞ്ചശിര്‍ തങ്ങള്‍ പിടിച്ചെടുത്തതായി പ്രഖ്യാപനം നടത്തിയത്.

പഞ്ച്ശീര്‍ പ്രവിശ്യാ ഗവര്‍ണറുടെ കോമ്പൗണ്ട് ഗേറ്റിന് മുന്നില്‍ താലിബാന്‍ അംഗങ്ങള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.ഒപ്പം പ്രദേശത്ത് താലിബാന്‍ തങ്ങളുടെ കൊടി ഉയര്‍ത്തുകയും ചെയ്തു.

പഞ്ച്ശീറിലെ താലിബാന്‍ വിരുദ്ധ പ്രതിരോധ സേനയുടെ വക്താവ് ഫഹിം ദഷ്ടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രദേശം താലിബാന്‍ കീഴടക്കിയത്.

ജാമിയത്ത്-ഇ-ഇസ്ലാമി പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗവും അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തക ഫെഡറേഷനില്‍ അംഗവുമായിരുന്നു ഫഹിം ദഷ്ടി.

കാബൂളിന് 145 കിലോമീറ്റര്‍ വടക്കുകിഴക്കായി ഹിന്ദുക്കുഷ് മലനിരകളിലാണ് പഞ്ച്ശീര്‍ താഴ്‌വര. അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തോടെ അഫ്ഗാന്റെ നിയന്ത്രണം കൈക്കലാക്കിയെങ്കിലും താലിബാനു മുമ്പില്‍ ശക്തമായ ചെറുത്തു നില്‍പ്പ് നടത്തിയ പ്രദേശമായിരുന്നു പഞ്ച്ശീര്‍.

കടുത്ത പ്രരോധമാണ് അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള പ്രതിരോധസേന ഈ പ്രദേശത്ത് നടത്തിവരുന്നത്.

വെള്ളിയാഴ്ച രാത്രി പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാന്‍ ആക്രമണം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധ സേനയ്ക്ക് അവരുടെ വക്താവിനെ നഷ്ടമായിരിക്കുന്നത്.

ദഷ്ടിയുടെ മരണത്തിന് പിന്നാലെ താഴ്വര ഉടന്‍ താലിബാന്‍ പിടിച്ചെടുക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പ്രതിരോധ സേന ഇത്തരം വാര്‍ത്തകള്‍ നിഷേധിക്കുകയായിരുന്നു.

പഞ്ച്ശീര്‍ പ്രവിശ്യയില്‍ നിന്ന് താലിബാന്‍ പിന്തിരിഞ്ഞാല്‍ യുദ്ധം അവസാനിപ്പിക്കാനും ചര്‍ച്ചകള്‍ ആരംഭിക്കാനും തയ്യാറാണെന്ന് പ്രതിരോധ സേനയുടെ നേതാവ് അഹ്മദ് മസൂദ് പറഞ്ഞിരുന്നു.

എന്നാല്‍ പഞ്ചശീര്‍ കൂടി പിടിച്ചെടുത്ത് സമ്പൂര്‍ണ അധികാരം കൈയ്യാളാനാണ് താലിബാന്‍ ശ്രമിച്ചത്. പഞ്ച്ഷീറില്‍ ആക്രമണം നടത്താനായി താലിബാന് പാക്കിസ്ഥാന്‍ സേനയെ വിട്ടുകൊടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാക് വ്യോമസേന വിമാനത്തില്‍ സൈന്യത്തെ ഇറക്കിയെന്നാണ് റിപ്പോര്‍ട്ട്.ശക്തമായ ചെറുത്തുനില്പാണ് പഞ്ച്ശീറില്‍ നിന്നും താലിബാന് നേരിടേണ്ടി വന്നത്.

നിരവധി നാശനഷ്ടമുണ്ടായെങ്കിലും സര്‍ക്കാരുണ്ടാക്കുന്നതിന് മുന്‍പ് താലിബാന് കിട്ടാക്കനിയായി നിലനിന്നിരുന്ന പഞ്ച്ശിര്‍ പ്രവിശ്യ പിടിച്ചെടുക്കാനായത് താലിബാന് വലിയ നേട്ടമാണ്.

അതേ സമയം പ്രതിരോധ സേനയുടെ തലവനായ അഹ്മദ് മസൂദ് താലിബാന്റെ പ്രസ്താവനയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. പാക് ഭരണകൂടവും താലിബാനും തമ്മിലുള്ള സഹകരണം വെളിവായതോടെ ഇന്ത്യയ്ക്ക് ആശങ്കയേറുകയാണ്.

കാഷ്മീര്‍ വിഷയത്തില്‍ താലിബാന്റെ നിലപാടു മാറ്റം ഇതിനോടു ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു. അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചതിനു പിന്നാലെ നിരവധി തീവ്രവാദ സംഘടനകളാണ് പാകിസ്ഥാനില്‍ നിന്ന് അഫ്ഗാനിലേക്ക് ആസ്ഥാനം മാറ്റിയത്.

Related posts

Leave a Comment