അഖിലിനെ കുത്താനുള്ള കത്തി വാങ്ങിയത് ഓണ്‍ലൈനില്‍ ! ശിവരഞ്ജിത്തിന്റെ കൈമുറിഞ്ഞത് കത്തി മടക്കിയപ്പോള്‍; എസ്എഫ്‌ഐ നേതാക്കളെ കത്തിയിലേക്കെത്തിച്ച കാര്യങ്ങള്‍ ഇങ്ങനെ…

യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനു നേരെയുണ്ടായ വധശ്രമത്തില്‍ നേതാക്കള്‍ ഉപയോഗിച്ച കത്തി വാങ്ങിയത് ഓണ്‍ലൈനില്‍. ആവശ്യമനുസരിച്ച് നിവര്‍ത്താനും മടക്കാനും കഴിയുന്ന കൈപ്പിടിയില്‍ ഒളിപ്പിക്കാന്‍ മാത്രം വലിപ്പത്തിലുള്ള കത്തിയാണ് സഹപാഠിയുടെ നെഞ്ചില്‍ ശിവരഞ്ജിത്തും നസീമും ചേര്‍ന്ന് താഴ്ത്തിയത്. കേസില്‍ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഇരുവരെയും തെളിവെടുപ്പിന് ക്യാംപസില്‍ എത്തിച്ചപ്പോള്‍ കത്തി കണ്ടെടുത്തു നല്‍കി. മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ ഇരുവരും ഒന്നര ദിവസത്തോളം കത്തി എവിടെ ആണെന്ന് പോലീസിനോട് പറഞ്ഞിരുന്നില്ല.

എന്നാല്‍ ഇന്നലെ ഉച്ചയോടെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിനോട് ഇരുവരും സഹകരിക്കുകയും കത്തി കളഞ്ഞയിടം പറഞ്ഞു കൊടുക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ തെളിവെടുപ്പിന് എത്തിച്ചത്. . ക്യാംപസിനുള്ളില്‍ വലതു സൈഡില്‍ മരത്തിന് സമീപമുള്ള ചവറു കൂനയിലാണ് കത്തി ഒളിപ്പിച്ചത്. സംഭവത്തിന് പിന്നാലെ ക്യാംപസില്‍ വലിയ ബഹളമായി വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടിയപ്പോള്‍ പ്രതികള്‍ നസീമിന്റെ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ സമയം പോലീസ് എത്തിയതായി വിവരം കിട്ടിയപ്പോള്‍ പ്രതികള്‍ മറ്റൊരു വഴിക്ക് പോയി.

പിന്നീട് നസീമിന്റെ ബൈക്ക് എടുക്കാന്‍ വന്നപ്പോഴാണ് കത്തി ചവറുകൂനയിലേക്ക് ഒളിപ്പിച്ചത്. ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ കൈക്ക് പരിക്കേറ്റത് കുത്തിയ ശേഷം കത്തി തിരികെ മടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്. കത്തിക്കുത്ത് വലിയ പ്രശ്നമായി മാറുകയും ക്യാംപസിനുള്ളില്‍ നിന്നും പ്രതിഷേധം പുറത്തേക്ക് വ്യാപിച്ചപ്പോഴും പ്രതികള്‍ ക്യാംപസിനുള്ളില്‍ തന്നെയായിരുന്നു ഒളിച്ചത്. ശിവരഞ്ജിത്തും നസീമും പുറകിലെ മതില്‍ ചാടിക്കടന്ന് രക്ഷപ്പെടുകയുമായിരുന്നു. ഇടുക്കിയിലേക്കാണ് ഒളിവില്‍ പോയതെന്നാണ് വിവരം. തിരികെ എത്തിയ ശേഷം കല്ലറയിലെ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുമ്പോഴായിരുന്നു പിടിയിലായത്.

Related posts