14കാരിയ്ക്ക് വിവാഹാലോചനയുമായി എത്തിയപ്പോള്‍ സഹോദരന്‍ പറപ്പിച്ചു ! പെണ്‍കുട്ടിയുടെ സഹോദരനെതിരേ വ്യാജ പീഡനപരാതി; വിവാഹ ദല്ലാളായ യുവതിയുടെ കുതന്ത്രങ്ങള്‍ ഇങ്ങനെ…

സ്വന്തം സഹോദരനും നാലു സുഹൃത്തുക്കളും ചേര്‍ന്ന് 14കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വ്യാജ പരാതി നല്‍കിയ വിവാഹ ദല്ലാളിനെതിരേ പോലീസ് കേസെടുത്തു.

വിവാഹ ദല്ലാളായ ശ്രീകല എന്ന യുവതി വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി കെട്ടിച്ചമച്ചതാണ് പരാതി എന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി.

വെണ്‍മണി സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നായിരുന്നു കഞ്ഞിക്കുഴി സ്റ്റേഷനില്‍ ലഭിച്ച പരാതി. സ്വന്തം സഹോദരനു വിവാഹമാലോചിച്ച് കുട്ടിയുടെ വീട്ടില്‍ ശ്രീകല സ്ഥിരമായി എത്തിയിരുന്നു.

പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്നു ശ്രീകലയുടെ മകള്‍. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ വീട്ടില്‍ വരുന്നതില്‍ നിന്ന് ശ്രീകലയെ വിലക്കുകയായിരുന്നു.

ഇതിന്റെ വൈരാഗ്യത്തിലാണ് വ്യാജമൊഴി നല്‍കാന്‍ പെണ്‍കുട്ടിയെ ശ്രീകല പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇടുക്കി ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള 16 അംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിച്ച് പരാതി വ്യാജമെന്ന് കണ്ടെത്തിയത്.

ഏപ്രില്‍ 20 ന് തൃശൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക വഴിയാണ് പൊലീസിനു പരാതി ലഭിച്ചത്. മൊഴിയെടുത്തപ്പോള്‍ ശ്രീകല ഒപ്പം വേണമെന്നു പെണ്‍കുട്ടി വാശി പിടിച്ചിരുന്നു.

ഇതിനൊപ്പം ഗൈനക്കോളജിസ്റ്റിന്റെ റിപ്പോര്‍ട്ടിലെ ഉറപ്പില്ലായ്മയും കൂടിയായതോടെ പരാതി വ്യാജമാണെന്ന സംശയം ജനിപ്പിച്ചു.

ഇതിനിടയില്‍ അഭയ കേന്ദ്രത്തിലാക്കിയ പെണ്‍കുട്ടി അവിടത്തെ റജിസ്റ്ററില്‍ ‘സഹോദരന്‍ തന്നോട് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, കലാമ്മ പറഞ്ഞിട്ടാണ് വ്യാജ പരാതി നല്‍കിയതെന്നും’ എഴുതിയിരുന്നു.

ഇതോടെ ഇടുക്കി മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ വീണ്ടും നടത്തിയ പരിശോധനയില്‍ പീഡനം നടന്നിട്ടില്ലെന്നു വ്യക്തമായി. വ്യാജ പരാതിയാണ് നല്‍കിയതെന്നു പെണ്‍കുട്ടി മൊഴി നല്‍കുകയം ചെയ്തതോടെ പോലീസ് യുവതിയ്‌ക്കെതിരേ കേസെടുക്കുകയായിരുന്നു.

Related posts

Leave a Comment