എന്ത് ചോദിച്ചുകൊണ്ടായാലും ഈ നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ എടുക്കരുത്! ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ കര്‍ശന മുന്നറിയിപ്പുമായി പോലീസ്

ടെക്‌നിക്കല്‍ മേഖലയില്‍ നിന്നുള്ള തട്ടിപ്പുകള്‍ അടുത്ത കാലത്തായി വളരെ കൂടുതലാണ്. ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ പറഞ്ഞ് അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്നതും ആധാര്‍ വഴി പണം തട്ടുന്നതുമെല്ലാം അനുദിനം നടക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ പൊതുജനത്തിന് കൂടുതല്‍ മുന്നറിയിപ്പുകള്‍ നല്‍കി രംഗത്തെത്തിയിരിക്കുകയാണ് കേരളാ പോലീസ്. ഫോണിലേക്ക് എത്തുന്ന അജ്ഞാത നമ്പറിലേക്ക് തിരിച്ചു വിളിയ്ക്കരുതെന്ന മുന്നറിയിപ്പാണ് ഏറ്റവും പ്രധാനമായി പോലീസ് നല്‍കുന്നത്. +591 ല്‍ തുടങ്ങുന്ന ഫോണ്‍ നമ്പറിലേക്ക് തിരിച്ചുവിളിച്ചാല്‍ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാമെന്ന ജാഗ്രതാനിര്‍ദേശമാണ് പോലീസ് നല്‍കുന്നത്.

അടുത്ത ദിവസങ്ങളില്‍ നിങ്ങളുടെ ഫോണ്‍ നമ്പറിന്റെ അക്കങ്ങളുടെ എണ്ണം 10 ല്‍ നിന്ന് 12 ആയി വര്‍ധിക്കുമെന്ന് പറഞ്ഞാണ് ഇത്തരത്തിലുളള കോളുകള്‍ വരുന്നത്. +591 എന്ന മൂന്നക്കത്തില്‍ തുടങ്ങുന്ന ഫോണ്‍ നമ്പര്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ ബോളിവിയയില്‍ നിന്നുളളതാണ്.

ഇന്ത്യക്ക് പുറത്ത് നിന്ന് വരുന്ന ഫോണ്‍ കോളുകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് പറയുന്നു. ഇത്തരം ഫോണ്‍ നമ്പറുകളിലേക്ക് തിരിച്ചുവിളിക്കാന്‍ ശ്രമിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ഫോണ്‍ നമ്പറിന്റെ അക്കങ്ങളുടെ എണ്ണം 10 ല്‍ നിന്ന് 12 ആയി വര്‍ധിക്കുമെന്ന് പറഞ്ഞതിന് ശേഷം തുടര്‍ന്ന് ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ എന്നിവ ചോദിച്ച് മനസിലാക്കും. അതുകൊണ്ട് ഇത്തരം കബളിപ്പിക്കലുകള്‍ക്ക് നേരെ ജാഗ്രത പുലര്‍ത്തണമെന്നും എന്തൊക്കെ വിവരങ്ങള്‍ ചോദിച്ച് വിളിച്ചാലും അവയൊന്നും വെളിപ്പെടുത്തരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

Related posts