തൂത്തുക്കുടിയില്‍ അച്ഛനും മകനും കസ്റ്റഡിയില്‍ മരിച്ചത് ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്കിരയായതിനു ശേഷം ! ഗുഹ്യഭാഗങ്ങളില്‍ ലാത്തി കയറ്റി; ജോര്‍ജ് ഫ്‌ളോയിഡ് മോഡല്‍ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു…

കോവിഡ് ഭീതിയ്ക്കിടയിലും ലോകത്ത് പ്രതിഷേധം ആളിക്കത്തിച്ച സംഭവമായിരുന്നു അമേരിക്കയില്‍ കറുത്ത വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിനെ പോലീസ് നിഷ്ഠൂരമായി പീഡിപ്പിച്ചു കൊന്നത്.

ഇപ്പോഴിതാ അതേ മോഡല്‍ സംഭവങ്ങള്‍ ഇന്ത്യയിലും ആവര്‍ത്തിക്കപ്പെടുകയാണ്. തൂത്തുക്കുടിയിലെ അച്ഛനും മകനും പോലീസ് കസ്റ്റഡില്‍ മരണപ്പെട്ടത് ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായ ശേഷമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ജൂണ്‍ 18 വ്യാഴാഴ്ച രാത്രി 8.15നു നടന്ന സംഭവത്തിലാണ് പോലീസ് അടുത്ത ദിവസങ്ങളില്‍ തന്നെ കണക്കു തീര്‍ത്തത്. എല്ലാ കടകളും തുറന്നിരിക്കുമ്പോള്‍ തങ്ങളുടെ കടകള്‍ മാത്രം എന്തിന് അടയ്ക്കണം എന്ന് ചോദിച്ചതായിരുന്നു ആ അച്ഛനും മകനും ചെയ്ത തെറ്റ്. ജയരാജ് (59), മകന്‍ ബെന്നിക്‌സ് (31) എന്നിവരാണു കോവില്‍പെട്ടി സബ് ജയിലില്‍ കൊല്ലപ്പെട്ടത്.

കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നാണ് ബന്ധുക്കളുടെ ആരോപണം.യുഎസിലെ മിനിയപൊളിസില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പോലീസുകാരന്‍ കാല്‍മുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിനു സമാനമായ ക്രൂരതയാണു തൂത്തുക്കുടിയിലെ കൊലപാതകമെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു. അച്ഛനും മകനും ലോക്കപ്പില്‍ പ്രകൃതിവിരുദ്ധ ലൈംഗിക ആക്രമണത്തിനു വിധേയമായതായും ആരോപണമുണ്ട്.

‘ക്രൂരമായി കൊലചെയ്യപ്പെടാന്‍ മാത്രം എന്ത് തെറ്റാണ് ഇരുവരും ചെയ്തത്. നിങ്ങള്‍ ഈ മരണത്തിനു ഉത്തരം പറയുന്നതു വരെ, നിങ്ങളുടെ ശിരസ്സ് നാണം കൊണ്ട് നിലം തൊടുന്നതു വരെ ഞങ്ങള്‍ പോരാടും’. തൂത്തുക്കുടി ജില്ലയിലെ സാത്തന്‍കുളം കസ്റ്റഡി മരണത്തില്‍ ദുഖവും രോഷവും രേഖപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ കുറിക്കപ്പെട്ട വാക്കുകള്‍ ഇപ്രകാരമായിരുന്നു.

ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തോട് സാത്താന്‍കുളം കസ്റ്റഡി മരണം ഉപമിച്ചായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രതിഷേധം.

ജൂണ്‍ 18 വ്യാഴാഴ്ച രാത്രി അനുവദിക്കപ്പെട്ടതിലും അധികം 15 മിനിട്ട് കടതുറന്നുവെന്നാണ് ജയരാജിനു മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം. കസ്റ്റഡിയില്‍ അച്ഛനെ പോലീസുകാര്‍ അകാരണമായി മര്‍ദിക്കുന്നത് ചോദ്യം ചെയ്തതാണ് ബെന്നിക്‌സിനു നേരേ പൊലീസ് തിരിയാന്‍ കാരണം.

പൊലീസ് സ്റ്റേഷനില്‍ അതിക്രൂരമായി ഇരുവരും ആക്രമിക്കപ്പെട്ടു. മലദ്വാരത്തില്‍ കമ്പികയറ്റിയതായും ലൈംഗികമായി ഉപദ്രവിച്ചതായും ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തലുണ്ട്. ചോരയില്‍ കുതിര്‍ന്ന വസ്ത്രങ്ങളുമായാണ് ഇരുവരെയും മുറിയില്‍ നിന്ന് പുറത്തിറക്കിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

കഴിഞ്ഞ പത്തുവര്‍ഷമായി ടൗണില്‍ കട നടത്തുന്നവരാണ് ഇവര്‍. അച്ഛന് മരക്കച്ചവടം മകന് മൊബൈല്‍ ഷോപ്പ്. ജയരാജിന്റെ ഏറ്റവും ഇളയമകനാണ് ബെന്നിക്‌സ്.

രണ്ടുമാസത്തിനുള്ളില്‍ ബെന്നിക്‌സിന്റെ വിവാഹം നടത്താനായി തയാറെടുക്കുമ്പോഴാണ് അതിദാരുണ മരണം. തുണിയുരിഞ്ഞ് പൂര്‍ണ നഗ്‌നരാക്കിയായിരുന്നു പൊലീസ് മര്‍ദ്ദനമെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു. ദൃക്‌സാക്ഷികളുടെ മൊഴിയും ഈ വസ്തുത അടിവരയിടുന്നു.

മലദ്വാരത്തില്‍ സ്റ്റീല്‍ കെട്ടിയ ലാത്തി പലതവണ കയറ്റിയിറക്കി. ബെന്നിക്‌സിന്റെ നെഞ്ചിലെ രോമം പിഴുതെടുത്തു. മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിയുമായിരുന്നതല്ല.

ജൂണ്‍ 19 നാണ് ജയരാജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പൊലീസ് കോണ്‍സ്റ്റബിളിനോട് കയര്‍ത്ത് സംസാരിച്ചതിന് അരിശം തീര്‍ക്കാനായി ജയരാജിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

കുറ്റവാളിയെ കൊണ്ടു പോകുന്നതു പോലെ ഉന്തിയും തള്ളിയും ജീപ്പില്‍ കയറ്റി ബലം പ്രയോഗിച്ചാണ്‌ െകാണ്ടു പോയത്. അച്ഛനെ പൊലീസ് കൊണ്ടു പോയി എന്നറിഞ്ഞ് പൊലീസ് സ്റ്റേഷനില്‍ ഓടിയെത്തിയതായിരുന്നു ബെന്നിക്‌സെന്നു സുഹൃത്തുക്കള്‍ പറയുന്നു. അച്ഛനെ തല്ലുന്നത് ചോദ്യം ചെയ്തതോടെ ബെന്നിക്‌സും പ്രതിയാക്കപ്പെട്ടു.

പൊലീസ് അതിക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍ ബെന്നിക്‌സിന്റെ സുഹൃത്തുക്കള്‍ പോലീസ് സ്റ്റേഷന്റെ പുറത്തു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങളെ പുറത്താക്കി അവര്‍ വാതിലടച്ചു. സഹായത്തിനും ആരും എത്തിയതുമില്ല- സുഹൃത്തുക്കള്‍ പറയുന്നു.

മൂന്നുമണിക്കൂര്‍ അതിക്രൂരമായി ഇവരെ പോലീസ് പീഡിപ്പിച്ചു. നിലവിളി കേട്ടുനില്‍ക്കയല്ലാതെ തങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് ബെന്നിക്‌സിന്റെ സുഹൃത്തുക്കള്‍ പറയുന്നു.

അതിഗുരുതര നിലയില്‍ ഇരുവരെയും ജൂണ്‍ 20ന് സര്‍ക്കാര്‍ ആശുപത്രിയിയില്‍ എത്തിക്കുമ്പോള്‍ രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. നാല് മണിക്കൂറിനിടെ ആശുപത്രിയില്‍ വച്ച് ഏഴു തവണയാണ് ധരിച്ചിരുന്ന ലുങ്കി ഇരുവരും മാറിയത്.

ആശുപത്രിയില്‍ കൊണ്ടും പോകും വഴി ജീപ്പില്‍ കറപറ്റാതിരിക്കാന്‍ സ്വന്തം ചിലവില്‍ കാര്‍ വിളിക്കാന്‍ ആവശ്യപ്പെട്ടതായും സുഹൃത്തുക്കള്‍ പരാതിപ്പെടുന്നു.

ജയരാജിനെയും മകനെയും നിലത്തിട്ട് ഉരുട്ടിയെന്നും ഇതാണ് ആന്തരിക പരുക്കുകള്‍ക്കു കാരണമെന്നും എഫ്‌ഐആറില്‍ വ്യക്തമായ പരാമര്‍ശമുണ്ട്.

ജയരാജും ബെന്നിക്‌സും പൊലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും എഫ്‌ഐആറില്‍ പറയുന്നു.

ചോരയൊലിപ്പിച്ചു കൊണ്ടാണ് ഇരുവരെയും മജിസ്‌ട്രേറ്റിന്റെ മുന്‍പില്‍ എത്തിച്ചത്. കോവിഡ് കാലമായതിനാല്‍ ഇരുവരെയും നാല്‍പതടി അകലം നില്‍ക്കണമെന്ന് മജിസ്‌ട്രേറ്റ് വാശിപിടിച്ചതിനാല്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് കൊണ്ടുപോകാനായില്ലെന്നും കാറില്‍ ഇരുത്തിയിരിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു. ദേഹത്തെ പരുക്കുകള്‍ അറസ്റ്റ് ചെയ്യുമ്പോള്‍ നിലത്തുകിടന്നു ഇരുണ്ടതാണെന്നാണ് പൊലീസ് പറഞ്ഞത്.

മജിസ്‌ട്രേറ്റിനോട് എല്ലാം തുറന്നു പറയാന്‍ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചെങ്കിലും അവര്‍ എന്റെ കുടുംബത്തെ തീര്‍ത്തു കളയും എന്റെ അമ്മയും സഹോദരിമാരും ഇതൊന്നും അറിയരുതെന്നുമാണ് ബെന്നിക്‌സ് പറഞ്ഞതെന്നും സുഹൃത്തുക്കള്‍ പറയുന്നു.

ജയരാജനെയും മകന്‍ ബെന്നിക്‌സിനെയും നേരിട്ടു കാണാതെയാണ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തതെന്ന് മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് വാച്ച് വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇവരുടെ മരണത്തിനു കാരണം എന്നായിരുന്നു പോലീസ് പറഞ്ഞത്. സംഭവത്തില്‍ സാത്താന്‍കുളം പൊലീസ് സ്റ്റേഷനിലെ രണ്ട് ഇന്‍സ്‌പെക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. #JusticeforJayarajAndFenix എന്ന ഹാഷ്ടാഗില്‍ കസ്റ്റഡി മരണത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ആളിപ്പടരുകയാണ്.

Related posts

Leave a Comment