മെഡിക്കല്‍ കോളജിലെ തീപൊള്ളല്‍ വാര്‍ഡിലെ ആ 40 ദിവസങ്ങള്‍ എന്നെ ഭ്രാന്തിയാക്കി! ലോകത്തിലെ ഏറ്റവും വലിയ വേദനയുടെ അവസ്ഥകളെക്കുറിച്ച് ഉള്ളു പൊള്ളിക്കുന്ന കുറിപ്പ്

തിരുവല്ലയില്‍ പ്രണയം നിഷേധിച്ചതിന് യുവാവ് പെട്രോള്‍ ഒഴിച്ച് കത്തിച്ച പെണ്‍കുട്ടി ഒമ്പത് ദിവസത്തെ നരകയാതനയ്ക്കുശേഷം മരണത്തിന് കീഴ്‌പ്പെട്ടു. 85 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ ആ ദിവസങ്ങളിലെ അവസ്ഥ എന്തായിരിക്കുമെന്ന് വിശദീകരിച്ചിരിക്കുകയാണ് ഷൈനി ജോണ്‍ എന്ന മാധ്യമപ്രവര്‍ത്തക. തീ പൊള്ളലേറ്റ ആന്റിയെ ചികിത്സിച്ച നീറുന്ന ഓര്‍മകളാണ് ഷൈനി പങ്കുവച്ചിരിക്കുന്നത്. ഒരു വേദനയോടെയല്ലാതെ വായിച്ച് തീര്‍ക്കാന്‍ ബുദ്ധിമുട്ടാണ് ഷൈനിയുടെ വാക്കുകള്‍.

പ്രണയം നിരസിക്കല്‍ പോലുള്ള ഒരുതരത്തിലും നിസാര കാര്യങ്ങള്‍ക്ക് സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ പച്ചയ്ക്ക് കത്തിക്കാന്‍ ഒരുമ്പെടുന്നവര്‍ മനസിലാക്കിയിരിക്കേണ്ട ചില കാര്യങ്ങളാണ് ഷൈനി പങ്കുവയ്ക്കുന്നത്.

ഷൈനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

എനിക്കറിയാമായിരുന്നു ആ പെണ്‍കുട്ടി മരിക്കുമെന്ന്… ശരീരത്തിന്റെ 85% വും കത്തിയിട്ട് ബാക്കി 15% കൊണ്ട് എങ്ങനെ ജീവിക്കാനാണ്.. കത്തിക്കുന്നവര്‍ക്കറിയുമോ തീപൊള്ളല്‍ എന്താണെന്ന്… ഇല്ലെങ്കില്‍ ഒന്നു പോയി നോക്കണം. മെഡിക്കല്‍ കോളജിന്റെ തീപൊള്ളല്‍ വാര്‍ഡുകളിലേക്ക് .. ചീഞ്ഞുപഴുത്ത മുറിവുകളും പറിയുന്ന നിലവിളിയും നിങ്ങളിലെ ഏതു സൈക്കോയേയും ഇല്ലാതാക്കും.

അനുഭവിക്കണമെന്നില്ല.. കണ്ടാല്‍ മതി. ആ ദുരിതത്തിനോടൊപ്പം അര മണിക്കൂര്‍ ചെലവിട്ടാല്‍ മതി.. 40 % പൊള്ളലേറ്റ കുഞ്ഞാന്റിയോടൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ആ മുപ്പത് ദിവസങ്ങള്‍ എന്നെ ഭ്രാന്തിയാക്കി.

അത്ര മാരകമാണ് പൊള്ളലേറ്റവരുടെ അവസ്ഥ ..അടിച്ചുവാരി തീയിടുന്നതിനിടെ നൈറ്റിയില്‍ കയറിപ്പിടിച്ച തീ ആന്റിയുടെ ശരീരത്തിന്റെ പിന്‍ഭാഗം മുഴുവന്‍ പൊള്ളിച്ചു കളഞ്ഞു. നാഭിയുടെ ഭാഗത്തും നെഞ്ചിലുമായി വേറെയും പൊള്ളലുകള്‍. ബ്രേസിയറിന്റെ പാട് അതേ പോലെ അവശേഷിപ്പിച്ച ഒരു മുലക്കണ്ണും തിന്നു. പൊള്ളലേറ്റ പിന്‍ഭാഗം കാലുകള്‍ മുതല്‍ തോള്‍ വരെ തൊലി പറിച്ച് ഉരിച്ച് കളഞ്ഞത് പോലെയായിരുന്നു.

നിങ്ങള്‍ കരുതുന്നത് പോലെ പൊള്ളലേറ്റവര്‍ ബോധം കെട്ട് കിടക്കുകയല്ല.അവര്‍ സംസാരിക്കും. ചിരിക്കും. മൊഴി കൊടുക്കും. ഭ്രാന്തമായ വേദന സെഡേഷന്റെ മയക്കത്തില്‍ മുക്കി താഴ്ത്തുന്നത് വരെ അവര്‍ സംസാരിക്കും. രക്ഷപ്പെടുമെന്ന് പ്രത്യാശിക്കും. പാതി കത്തിയ ശരീരമാണെങ്കിലും ജീവിച്ചിരിക്കണമെന്ന് അവര്‍ ആഗ്രഹിച്ചു കൊണ്ടേയിരിക്കും. നിങ്ങള്‍ക്കറിയുമോ പൊള്ളലേറ്റവരുടെ ചികിത്സ എങ്ങനെയാണെന്ന്..

പൊള്ളലിനേക്കാള്‍ ഭീകരം. മന:സാക്ഷി ഉള്ളവര്‍ക്ക് കണ്ടു നില്‍ക്കാന്‍ കഴിയില്ല. പൊള്ളലേറ്റ ചുവന്ന ഭാഗത്ത് മഞ്ഞപഴുപ്പ് വന്ന് നിറയും. ഇന്‍ഫെക്ഷന്‍ അത് പാടില്ല . ഉരച്ചു കഴുകി കളയണം. സോപ്പും ചകിരിയും കൊണ്ട് ഉരച്ചുരച്ച് ചുവന്ന രക്തം പൊടിപ്പിക്കണം. തരിപ്പിക്കാതെ
ബോധം കെടുത്താതെ പച്ച ജീവനുള്ള രോഗിയെ കൈപൂട്ടിട്ട് പിടിച്ച് നിര്‍ത്തി ഉരയ്ക്കണം. അലറി തുളളിപ്പിടഞ്ഞ് നിലത്തു വീണ് കിടന്നുരുളുന്ന രോഗിയെ ക്രൂരമായി ഉരയ്ക്കണം. വാശിയോടെ പടരുന്ന മഞ്ഞക്കളര്‍ ചുവപ്പിക്കാന്‍ മണിക്കൂറുകളെടുക്കും വേദനയുടെ ആധിക്യത്തില്‍ ആന്റി എന്റെ നെഞ്ചില്‍ ആഞ്ഞ് കടിച്ചു.

പല്ലുകള്‍ ഇറച്ചി തുളച്ചിറങ്ങി. കരയാന്‍ കഴിയാത്ത കല്ലിപ്പായിരിക്കും പൊള്ളലേറ്റവരെ ശുശ്രൂഷിക്കുന്നവര്‍ക്ക്. എത്ര മരുന്നു വെച്ചു കെട്ടിയാലും നൊന്തു നീറുന്ന മുറിവുകള്‍ പഴുക്കാന്‍ തുടങ്ങും. ദേഹത്ത് നീരുകെട്ടും. പഴുത്ത ഇറച്ചി പട്ടി ചത്ത് ചീഞ്ഞത് പോലെ നാറ്റം വമിപ്പിക്കും. ഒരു മനുഷ്യജീവി പാതിജീവനോടെ പഴുത്ത് പഴുത്ത് വീങ്ങി ഇല്ലാതാകുന്നത് നിങ്ങള്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയുമോ.

ക്രമേണ വൃക്കകളെ .. ഹൃദയത്തെ .. ആന്തരാവയവങ്ങളെ പൊള്ളല്‍ ബാധിച്ചു കൊണ്ടിരിക്കും. അപ്പോഴും അവര്‍ ചിരിക്കും.. സംസാരിക്കും.. കരയും.. ഭ്രാന്തു പറയും.. എഴുന്നേറ്റോടാന്‍ ശ്രമിക്കും.. പ്രതീക്ഷിക്കും .. ജീവനോടെ പുഴുത്ത് നാറുമ്പോഴും ജീവിതത്തിലേക്ക് ഉറ്റുനോക്കുന്നവരുടെ കണ്ണുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ.. മങ്ങി മങ്ങിപ്പോകുന്ന ആ നോട്ടത്തിലെ നിരാശ കണ്ടിട്ടുണ്ടോ. ആദ്യം മുറിക്ക് പുറത്ത്.. കര്‍ട്ടന് പിന്നില്‍ പതുങ്ങുന്ന മരണം അവരുമായി നേര്‍ക്കുനേര്‍ നില്‍ക്കുന്നത് കണ്ടിട്ടുണ്ടോ..

ലോകത്തിലേറ്റവും വലിയ വേദനയുടെ കുരിശ് ചുമന്ന് നരകിക്കാവുന്നതിന്റെ പരമാവധി നരകിച്ച് കിടക്കുന്ന അവരുടെ തൊണ്ടയില്‍ മരണം പെരുവിരല്‍ കുത്തി അമര്‍ത്തുന്നത് കാണണം. അവള്‍ക്കു നേരെ പെട്രോള്‍ വീശിയൊഴിക്കുന്നതിന് മുമ്പ് നിങ്ങള്‍ ആ കാഴ്ചകള്‍ ഒന്ന് കണ്ടു നോക്കണം. കൈ വിറയ്ക്കും. എന്നിട്ടും കൊല്ലാന്‍ തോന്നുന്നെങ്കില്‍ ആത്മഹത്യ ചെയ്‌തേക്കുക.

Related posts