പെരിന്തല്‍മണ്ണ സെലിബ്രിറ്റി ക്രിക്കറ്റിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

മലപ്പുറത്ത് ആദ്യമായി വിരുന്നിനെത്തുന്ന സിനിമ, മാധ്യമരംഗത്തെ ടീമുകള്‍ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിനായി പെരിന്തല്‍മണ്ണ ഒരുങ്ങി. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പെരിന്തല്‍മണ്ണ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ആറു ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. മൂന്നു ടീമുകളുള്ള രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ഏറനാടന്‍ ട്രോഫിയെന്ന പേരില്‍ മലബാറില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ടൂര്‍ണമെന്റ് നടക്കുന്നത്.

ടൂര്‍ണമെന്റിന് സാക്ഷ്യം വഹിക്കാന്‍ സിനിമ, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ എത്തും. ആദ്യമായിട്ട് ഒരു സെലിബ്രിറ്റി ടൂര്‍ണമെന്റിന് സാക്ഷ്യം വഹിക്കുന്നതിന്റെ സന്തോഷത്തിലാണ് പെരിന്തല്‍മണ്ണ നിവാസികള്‍. കേരളത്തിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ തക്കാരത്തിന്റെയും മലപ്പുറം ജില്ല ക്രിക്കറ്റ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

സിനിമ സംവിധായകരുടെ ടീമായ കേരള ഡയറക്ടേഴ്സ് ഇലവന്‍, കൊച്ചിന്‍ മ്യൂസിക് ചലഞ്ചേഴ്സ്, മഹീന്ദ്ര മാസ്റ്റര്‍ ബ്ലാസ്റ്റേഴ്സ്, മില്ലേനിയം സ്റ്റാര്‍സ്, മീഡിയ സ്ട്രൈക്കേഴ്സ് കേരള, മാ ഫൈറ്റേഴ്സ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. സിനിമ, മിമിക്രി, മാധ്യമ, സംഗീത രംഗത്തെ ടീമുകളാണ് കളിക്കാനെത്തുന്നത്. യുവസംവിധായകര്‍ അണിനിരക്കുന്ന കേരള ഡയറക്ടേഴ്സ് ഇലവനെ നയിക്കുന്നത് സജി സുരേന്ദ്രനാണ്.

ചലച്ചിത്രതാരം സാജു നവോദയ (പാഷാണം ഷാജി) ആണ് മാ ഫൈറ്റേഴ്സിന്റെ നായകന്‍. പ്രകാശ് ബാബുവിന്റെ കീഴിലാണ് മ്യൂസിക് ചലഞ്ചേഴ്സ് ഇറങ്ങുന്നത്. സംവിധായകന്‍ ആശോക് നായരാണ് മാസ്റ്റര്‍ ബ്ലാസ്റ്റേഴ്സിന്റെ നായകന്‍. രണ്ടുദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ പ്രവേശനം സൗജന്യമാണ്.

Related posts